കൊച്ചി : മൂവാറ്റുപുഴയില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കുട്ടികളെ പുറത്തിറക്കി വീട് ജപ്തി ചെയ്തു. സംഭവം അറിഞ്ഞെത്തിയ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി. ഹൃദ്രോഗിയായ പായിപ്ര സ്വദേശി അജേഷ് എന്നയാളുടെ വീട് അര്‍ബന്‍ ബാങ്കാണ് ജപ്തി ചയ്തത്. ഈ സമയം അജേഷും ഭാര്യയും ചികിത്സയ്‌ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ബാങ്ക് അധികൃതര്‍ കുട്ടികളെ പുറത്തിറക്കി വീട് ജപ്തി ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് എംഎല്‍എ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റിയത്. എന്നാല്‍ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ എംഎല്‍എ വിശദീകരണവും നല്‍കിയിട്ടുണ്ട. ബാങ്കിന്റേത് നിയമവിരുദ്ധപ്രവര്‍ത്തനമാണ്. താന്‍ രാഷ്‌ട്രീയം കളിച്ചിട്ടില്ല. മനസാക്ഷിയുള്ളത് കൊണ്ടാണ് പൂട്ട് പൊളിച്ചത്. ആ കുടുംബത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഒരു ലക്ഷം രൂപയാണ് അജേഷ് വായ്പയെടുത്തത്. പലിശ മുടങ്ങിയതിനെ തുടര്‍ന്ന് ഇത് 1,40,000 രൂപയായി. പണം തിരിച്ചടയ്‌ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടി കൈക്കൊള്ളുകയായിരുന്നു. വീടിന്റെ ആധാരം താന്‍ ബാങ്കില്‍ നിന്നും വീണ്ടെടുത്തു കൊടുക്കും. അതിന് ഏത് അറ്റം വരെയും പോകും. അജേഷിന്റെ ചികിത്സാ ചെലവ് കൂടി ഏറ്റെടുക്കും. എന്നാല്‍ കുട്ടികള്‍ക്ക് ഉണ്ടായ മാനസിക സംഘര്‍ഷത്തിന് ആര് ഉത്തരം പറയും. പൂട്ട് പൊളിച്ചതില്‍ എന്ത് നിയമ നടപടിയുണ്ടായാലും അത് നേരിടും. ബാലാവകാശ കമ്മീഷന്‍ എവിടെപ്പോയി. കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഓടിയെത്തിയിരുന്നല്ലോ, ഇപ്പോള്‍ എവിടെയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
അതേസമയം പ്രശ്‌നം എംഎല്‍എയ്‌ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറയ്‌ക്കല്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: