ശ്രീനഗര്‍: ആദിശങ്കരാചാര്യര്‍ തന്റെ ദിഗ്വിജയയാത്രയില്‍ സ്ഥാപിച്ച ശ്രീശങ്കരപീഠം പാക് അധിനിവേശ കശ്മീരിന് സമീപം കിഷന്‍ഗംഗാ നദീതീരത്ത് ഉയരുന്നു. പിഒകെയില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ, ജമ്മു കശ്മീരിലെ ടിറ്റ്വാള്‍ ഗ്രാമത്തിലാണ് വിഭജനകാലത്ത് തകര്‍ക്കപ്പെട്ട പുരാതന ശാരദാപീഠം പുനര്‍ജനിക്കുന്നത്.
ശൃംഗേരി ശങ്കരാചാര്യ മഠത്തിന്റെ സഹകരണത്തോടെയാണ് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രനിര്‍മാണത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും ശാരദാദേവിയുടെ പുതിയ പഞ്ചലോഹ പ്രതിഷ്ഠ സമര്‍പ്പിക്കുമെന്നും ശൃംഗേരി മഠം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.ആര്. ഗൗരിശങ്കര്‍ പറഞ്ഞു.
വിഭജനത്തിനുശേഷം തകര്‍ക്കപ്പെട്ട ശാരദാപീഠവും അനാഥമായിപ്പോയ ഭൂമിയും 2021-ല്‍, വാര്‍ഷിക തീര്‍ത്ഥയാത്രയ്ക്കും ആരാധനയ്ക്കുമായി നീലം നദിയില്‍ എത്തിയ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഗ്രാമവാസികള്‍ കൈമാറുകയായിരുന്നു. 2021 ഡിസംബറിലാണ് ഇവിടെ പരമ്പരാഗതരീതിയില്‍ ഭൂമിപൂജ നടത്തി, ക്ഷേത്രം പുതുക്കിപ്പണിയുന്നതിനായി സേവ് ശാരദ സമിതി മുസ്ലിം, സിഖ്, പണ്ഡിറ്റ് സമുദായങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ക്ഷേത്രനിര്മാണസമിതിക്ക് രൂപം നല്കി.
മാര്‍ച്ച് 28 നാണ് ടിറ്റ്വാള്‍ ഗ്രാമത്തില്‍ മാതാ ശാരദാ ക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഇതോടൊപ്പം വിഭജനകാലത്ത് തകര്‍ക്കപ്പെട്ട ഗുരുദ്വാരയും പുനര്‍നിര്‍മിക്കുന്നുണ്ട്. പ്രദേശവാസികളുടെ പൂര്‍ണസഹകരണത്തോടെയാണ് നിര്മാണപ്രക്രിയയെന്ന് സേവ് ശാരദാസമിതിയുടെ ചുക്കാന്‍ പിടിക്കുന്ന രവീന്ദ്ര പണ്ഡിറ്റ് പറയുന്നു. ശാരദാപീഠ പുനസ്ഥാപനം കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പദ്ധതി കൂടിയാണ്. അതിലൂടെ ആളുകള്‍ക്ക് ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് അറിയാന്‍ കഴിയും.
ചെറിയ ഗ്രാമം പോലെ തോന്നുമെങ്കിലും ഇതൊരു വലിയ സന്ദേശമാണ്. ഒരിക്കല്‍ കൂടി അതേ യുഗം വരണം എന്ന ആഗ്രഹം ഇവിടുത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. ശാരദാപീഠത്തിനോട് അനുബന്ധിച്ച് ഒരു പഠനകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്, അതിനാല്‍ നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശിക്കുകയും വിഭജനത്തിന് മുമ്പുള്ളതുപോലെ ഇവിടം ആകര്ഷണകേന്ദ്രമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ, അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ പ്ലാനും മാതൃകയും ശൃംഗേരി പീഠം അംഗീകരിച്ചിട്ടുണ്ട്, ക്ഷേത്രത്തിന് ഉപയോഗിക്കുന്ന കരിങ്കല്ലുകള്‍ കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവരുന്നത്. 1948 മുതല്‍ നിര്‍ത്തിവച്ച തീര്‍ത്ഥയാത്ര കര്‍ത്താര്‍പൂര്‍ മോഡലില്‍ പുനരാരംഭിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: