കൊളംബോ : സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. പ്രസിഡന്റിന്റെ രാജിക്കായി ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ രാജ്യത്ത് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടെയാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, യൂട്യൂബ്, സ്നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് കൊണ്ടുവന്നിരിക്കുന്നത്.
രാജ്യത്തെ സര്‍ക്കാരിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കുന്നത്. പ്രസിഡന്റ് ഗോട്ടാബയ രാജപക്സെയുടെ മിരിഹാനയിലെ വീടിനുമുന്നില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായ സാഹചര്യത്തിലാണ് ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
കൊളംബോയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി പൊതുസുരക്ഷാ മന്ത്രാലയം അറിയിച്ചു. ശ്രീലങ്ക ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് സര്‍വീസുകളും തിങ്കളാഴ്ച രാവിലെ ആറുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുവരെ തീവണ്ടികള്‍ ഓടില്ലെന്ന് റെയില്‍വേയും അറിയിച്ചു.
ഇതിനിടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശനിയാഴ്ചയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. കൊളംബോയിലെ നലും പൊകുന മഹിന്ദ രാജപക്സെ തിയേറ്ററിനുപുറത്ത് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ചു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതും സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതും ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് ശ്രീലങ്ക കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അവശ്യസാധനങ്ങളുടെ അഭാവം ജനങ്ങളെ വലച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് എവിടെയും പെട്രോള്‍ ലഭ്യമല്ല, മണ്ണെണ്ണയില്ല, പാചകവാതകമില്ല, മരുന്നുകള്‍ കിട്ടാനില്ല. ദിവസങ്ങള്‍ നീണ്ട പവര്‍കട്ട് രാജ്യത്തെ ആശയവിനിമയ ശൃംഖലകളെ ബാധിച്ചിട്ടുണ്ട്. വലിയ കടബാധ്യതകളും കുറഞ്ഞുവരുന്ന വിദേശ കരുതല്‍ ശേഖരവും കാരണം, ഇറക്കുമതിക്ക് പണം നല്കാന് ശ്രീലങ്കയ്ക്ക് കഴിയുന്നില്ല, ഇത് ഇന്ധനം ഉള്‍പ്പെടെ നിരവധി സാധനങ്ങളുടെ ക്ഷാമത്തിലേക്ക് നയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: