ന്യൂദല്‍ഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലായി പുതിയ വ്യാപാരക്കരാര്‍. രണ്ടു രാജ്യങ്ങളിലെയും വിപണികളില്‍ ഇരുകൂട്ടര്‍ക്കും കൂടുതല്‍ പങ്ക് ഉറപ്പാക്കുന്ന കരാര്‍ വഴി ഉഭയകക്ഷി വ്യാപാരം 2.84 ലക്ഷം കോടി രൂപയുടേതായി മാറും. രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വാണിജ്യവും ശക്തമാക്കുന്ന കരാര്‍ ചൈനയ്ക്ക് വലിയ തിരിച്ചടിയുമാകും. ഉക്രൈനുമായി യുദ്ധം ചെയ്യുന്ന റഷ്യക്കൊപ്പം നിലകൊണ്ടതിനാല്‍, ഇന്ത്യയുമായി കരാര്‍ ഒപ്പിടരുതെന്ന ചില രാജ്യങ്ങളുടെ നിലപാടുകള്‍ ഓസ്ട്രേലിയ തള്ളി.
ഓസ്ട്രേലിയയിലേക്ക് ഇന്ത്യ കയറ്റിയയ്ക്കുന്ന 96 ശതമാനം ഉത്പന്നങ്ങള്‍ക്കും ഇനി തീരുവ നല്‍കേണ്ട. അതുപോലെ ഇന്ത്യയിലേക്ക് ഓസ്ട്രേലിയ അയയ്ക്കുന്ന 91 ശതമാനം സാധനങ്ങള്‍ക്കും തീരുവ വേണ്ട. തീരുവ ഒഴിവാക്കുന്നതോടെ രണ്ടു രാജ്യങ്ങള്‍ക്കും 72,000 കോടി രൂപയുടെ ലാഭമുണ്ടാകും.
യുഎഇയുമായുള്ള കരാറിനു ശേഷം ഈ വര്‍ഷം മോദി സര്‍ക്കാര്‍ ഒപ്പുവയ്ക്കുന്ന രണ്ടാമത്തെ സുപ്രധാന കരാറാണിത്. കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഉഭയകക്ഷി വ്യാപാരം അഞ്ചു വര്‍ഷത്തിനുള്ളില്‍, നിലവിലുള്ള 27.5 ബില്യണ്‍ ഡോളറില്‍ നിന്ന് 45 മുതല്‍ 50 വരെ ബില്യണ്‍ ഡോളറായി ഉയരും.
തുണിത്തരങ്ങള്‍, തുകലുത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള ആറായിരത്തിലധികം സാധനങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ തീരുവരഹിത പ്രവേശനം ലഭിക്കും. ഓസ്ട്രേലിയയില്‍ നിന്നുള്ള കയറ്റുമതി കൂടുതലും അസംസ്കൃത വസ്തുക്കളായതിനാല്‍, ഇന്ത്യയിലെ പല വ്യവസായങ്ങള്‍ക്കും കുറഞ്ഞ വിലയില്‍ അസംസ്കൃത വസ്തുക്കള്‍ ലഭിക്കും. ഇന്ത്യയിലെ ഉരുക്ക്, ഔഷധ വ്യവസായങ്ങള്‍ക്കും വലിയ മെച്ചമുണ്ടാകും.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മുതല്‍ നാലു വര്‍ഷം വരെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നല്‍കും. യുവ പ്രൊഫഷണലുകള്‍ക്ക് ജോലി, അവധിക്കാല വിസ, ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും സ്പെഷലിസ്റ്റുകള്‍ക്കും ജോലി ചെയ്യാനുള്ള വിപുലമായ അവസരവും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയും നല്‍കും. ഓസ്ട്രേലിയയില്‍ സാങ്കേതിക സേവനങ്ങള്‍ നല്കുന്ന ഇന്ത്യന്‍ കമ്പനികളുടെ ഓഫ്ഷോര്‍ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് തടയാന്‍ ആഭ്യന്തര നികുതി നിയമം ഭേദഗതി ചെയ്യാനും ഓസ്ട്രേലിയ സമ്മതിച്ചു.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ വ്യാപാര, ടൂറിസം മന്ത്രി ഡാന്‍ ടെഹാനുമാണ് കരാറില്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും വെര്‍ച്വലായി ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: