എസ്. ശ്രീനിവാസ് അയ്യര്‍
2022 ഏപ്രില്‍ 2/ 1197 മീനം 19 ന് (രേവതി നക്ഷത്രവും ശുക്ലപക്ഷ പ്രഥമയും കൂടിയ ദിവസം) പലതിന്റേയും തുടക്കം കുറിച്ചിരിക്കുകയാണ്. ജ്യോതിഷപരമായി ചിന്തിച്ചാല്‍ വളരെപ്രാധാന്യം വന്നുചേരുന്ന ദിവസം. അവ എന്തൊക്കെയെന്ന് നോക്കാം.
മലയാളമാസമായ മീനത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന പ്രഥമ (വെളുത്ത അഥവാ ശുക്ല പ്രഥമ) ഒരു പുതിയ ചാന്ദ്രവര്‍ഷത്തിന്റെ ആദ്യദിനമാകുന്നു. ഭാരതീയ ജ്യോതിഷമനുസരിച്ച് തുടര്‍ച്ചയായ 60 വര്‍ഷങ്ങളെ ‘പ്രഭവാദി ഷഷ്ടി സംവത്സരങ്ങള്‍’ എന്നുപറയുന്നു. അതായത് ‘പ്രഭവം എന്നു തുടങ്ങുന്ന 60 വര്‍ഷങ്ങള്‍’ എന്നര്‍ത്ഥം. ഓരോ വര്‍ഷത്തിനും ഓരോ പേരാണ്. (ആദ്യ വര്‍ഷത്തിന്റെ പേരാകുന്നു പ്രഭവം). അതുകഴിഞ്ഞാല്‍ പിന്നെയും ഈ 60 വര്‍ഷങ്ങള്‍ ആവര്‍ത്തിക്കും. അതില്‍ 2022 ഏപ്രില്‍ 2ന് , കൊല്ലവര്‍ഷം 1197 മീനം 19 ന് ശനിയാഴ്ച പുതിയ സംവത്സരം തുടങ്ങി. (അവസാനിച്ച വര്‍ഷത്തിന്റെ പേര് ‘പ്ലവം’ എന്നാകുന്നു) ‘ശുഭകൃത്’ എന്നാണ് പുതുവര്‍ഷത്തിന്റെ പേര്. അടുത്ത കൊല്ലം മീനത്തിലെ (1198 മീനം/2023 മാര്‍ച്ച്) അമാവാസി വരെ ‘ശുഭകൃത്’ വര്‍ഷം തുടരും. പാരമ്പര്യവഴിയില്‍ ജാതകം തയ്യാറാക്കുന്ന ദൈവജ്ഞന് ഓരോ വര്‍ഷവും ജനിച്ചാലുളള ഫലവും കുറിക്കാറുണ്ട്.
പുതുവര്‍ഷം തുടങ്ങി; ഇനി മാസങ്ങളുടെ കാര്യമാണ്. ഇംഗ്ലീഷു വര്‍ഷം/കൊല്ലവര്‍ഷം എന്നിവയിലുള്ളതു പോലെ പന്ത്രണ്ടുമാസങ്ങള്‍ ചാന്ദ്രവര്ഷത്തിലുമുണ്ട്. ചൈത്രമാണ് ആദ്യമാസം. അതിന്റെ ഒന്നാം ദിവസം/ഒന്നാം തീയതി 1197 മീനം 19/ 2022 ഏപ്രില്‍ 2 . മീനത്തിലെ കറുത്തവാവിന്റെ, അമാവാസിയുടെ പിറ്റേന്ന് ശുക്ല പ്രഥമ മുതല്‍ മേടത്തിലെ കറുത്തവാവ്, അമാവാസി വരെയാണ് ചൈത്രം. അതിനുശേഷം വരുന്നത് വൈശാഖമാസം. പിന്നെ ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തികം, ആഗ്രഹായണം, പൗഷം, മാഘം, ഫാല്‍ഗുനി എന്നിങ്ങനെ പന്ത്രണ്ടു ചാന്ദ്രമാസങ്ങള്‍. ജാതകത്തില്‍ ചാന്ദ്രമാസത്തിന്റെ ജനനഫലവും എഴുതാറുണ്ട്.
ഇതേ ദിവസം തന്നെ പുതിയ ഋതുവും തുടങ്ങുന്നു. വസന്ത ഋതുവിന് തുടക്കമായി. പാശ്ചാത്യര്‍ക്ക് ഒരു കൊല്ലത്തില്‍ നാലു ഋതുക്കള്‍ മാത്രം. നമുക്കാകട്ടെ ആറു ഋതുക്കളും. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിവ ഋതുക്കളുടെ നാമങ്ങള്‍. ഓരോ ഋതുവും ഈരണ്ട് ചാന്ദ്രമാസത്തേക്കാണ് കണക്കാക്കുക. ചൈത്രം, വൈശാഖം എന്നിവ രണ്ടും ചേര്‍ന്നത് വസന്തം, ജ്യേഷ്ഠവും ആഷാഢവും ചേര്‍ന്നത് ഗ്രീഷ്മം, ശ്രാവണവും ഭാദ്രപദവും ചേര്‍ന്നത് വര്‍ഷം, ആശ്വിനവും കാര്‍ത്തികവും ചേര്‍ന്നത് ശരത്, ആഗ്രഹായണവും പൗഷവും ചേര്‍ന്നത് ഹേമന്തം, മാഘവും ഫാല്‍ഗുനിയും ചേര്‍ന്നത് ശിശിരം ഇങ്ങനെ ആറ് ഋതുക്കള്‍. ജാതകഫലത്തില്‍ ഏതു ഋതുവിലാണ് ജനിച്ചത് എന്നതും പരിഗണിക്കുന്നു. അതിനും പ്രത്യേകമായ ഫലങ്ങളുണ്ട്.
ഇങ്ങനെ ഈ മീനം 19/ഏപ്രില്‍ 2 ജ്യോതിഷപരമായി പുതുവര്‍ഷം, പുതുമാസം, പുതു ഋതു എന്നിവ സമാരംഭിച്ച ദിനമാണ്. ജനുവരി ഒന്നിനോ, ചിങ്ങം ഒന്നിനോ നാം നല്കുന്ന പ്രാധാന്യം ചാന്ദ്രവര്‍ഷത്തിലെ ഒന്നാം മാസമായ ചൈത്രത്തിലെ ഒന്നാം തിഥിക്കും നല്‍കേണ്ടതാണ്. അതും ഒരു ‘നവവത്സരദിനം’ തന്നെയല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: