ചിലര്‍ മുഖംമൂടി ഉപയോഗിക്കുന്നത് സ്വന്തം രൂപം, മുഖം മറ്റുള്ളവരെ കാണിക്കാതിരിക്കാനാണ്. ‘മുഖംമൂടി ധരിച്ച’ അക്രമികള്‍ എന്ന പ്രയോഗം തന്നെയുണ്ടല്ലോ. തിരിച്ചറിയാതിരിക്കാനുള്ള ഉപായമായ മുഖംമൂടി (മാസ്ക്) ആരോഗ്യ സംരക്ഷണാര്‍ത്ഥം നിയമവിധേയമാക്കിയിരുന്നു. കൊവിഡ് കാലത്ത് മുഖംമൂടി വെച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി ശിക്ഷിക്കുന്ന സ്ഥിതി വന്നു. മുഖംമൂടി ധരിക്കാത്തതിന് സര്‍ക്കാര്‍ ഈടാക്കിയ പിഴ ഇന്ത്യയില്‍ ആകെ 7000 കോടി രൂപയിലേറെ വരുമത്രെ! കേരളത്തില്‍ 213 കോടിയെന്നാണ് പ്രാഥമിക കണക്ക്. മഹാരാഷ്ട്ര മുഖംമൂടി വേണ്ടെന്നു വച്ചു.
മുഖംമൂടി ധരിച്ചില്ലെങ്കില്‍ കേസെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്യുന്ന നടപടിക്രമം സര്‍ക്കാര്‍ 2022 മാര്‍ച്ച് അവസാനം പിന്‍വലിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവുമിറക്കി. മുഖംമൂടി ഉപേക്ഷിക്കാം. ഇനി ധരിക്കേണ്ടതില്ല എന്നാണ് ഈ തീരുമാനത്തെ ആദ്യം ചിലര്‍ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചത്. ആശ്വാസമായി എന്ന് ആളുകള്‍ പറയുകയും ചെയ്തു. എന്നാല്‍, മുഖംമൂടി ഉപേക്ഷിക്കണമെന്നല്ല, മുഖംമൂടി ധരിപ്പിക്കുക എന്ന ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നുവെന്നതാണ് വാസ്തവത്തില്‍ സംഭവിച്ചത്.
ഇങ്ങനെയായിരുന്നു തുടക്കം-കൊവിഡ് വൈറസ് ബാധ തടയാന്‍ മുഖംമൂടി ധരിക്കുന്നത് ഒരു മാര്‍ഗമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേട്ടപാതി കുറേപ്പേര് അനുസരിച്ചു. മുഖംമൂടി ഫലപ്രദമാണെന്നു കണ്ടപ്പോള്‍ എല്ലാവരും ധരിക്കാതെ സമ്പൂര്‍ണ ഗുണം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ് മുഖംമൂടി ധാരണം നിര്‍ബന്ധിതമാക്കി, നിയമമാക്കി. അങ്ങനെ ബോധവല്‍ക്കരിച്ച്, ശീലമാക്കിയ ശേഷം, രോഗവ്യാപനം കുറഞ്ഞഘട്ടത്തില്‍, നിര്‍ബന്ധ നിയമം സര്‍ക്കാര്‍ പിന്‍വലിച്ചു. കൈപിടിച്ചു നടത്തി, ഇതാണ് രീതിയെന്ന് തിരിച്ചറിഞ്ഞുവെന്ന് ആയപ്പോള്‍ പിടിവിട്ടു, സ്വയം നടക്കുക എന്ന് ഉപദേശവും വെച്ചു. ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ സര്‍ക്കാരുകള്‍ പിന്മാറുകയാണ് പല കാര്യങ്ങളിലും അഭികാമ്യം. അങ്ങനെയാണ് ജനങ്ങള്‍ക്ക് സ്വാശ്രയത്വ ശീലമുണ്ടാകുന്നത്. സ്വാവലംബികളാകുന്നത്. ഭരണകൂടം ആവശ്യമില്ലാതാകുന്നത്. ഭരണീയരും-ഭരണകൂടവും ഭരണനിര്വഹണക്കാരും തമ്മില്‍ ഭേദമില്ലാതെ യഥാര്‍ത്ഥ ജനാവകാശം പുലരുന്നത്. ആധിപത്യം ജനങ്ങള്ക്കാവുന്നത്.
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയില്‍ രണ്ടാം ദിവസം, രാജാവ് നളനും ദമയന്തിയും ചൂതില്‍ത്തോറ്റ് കാട്ടിലലയുന്ന വേളയില്‍, നളന്റെ ഉടുതുണിപോലും ഒരു പക്ഷി കൊത്തിപ്പറന്നുപോയപ്പോള് രാജ്യത്തിന്റെ രക്ഷകനായ രാജാവ്, ഭാര്യയുടെ സംരക്ഷകനായ ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് സ്വയം രക്ഷ പോയിട്ട്, സ്വന്തം മാനം രക്ഷിക്കാന്പോലുമാകാതായപ്പോള്, ദമയന്തിയെ കാട്ടില്‍ കൈവിട്ടുനിന്ന് പറയുന്നത്, ‘എന്നെയും നിന്നെയും നീ തന്നെ കാത്തുകൊള്ളണം’ എന്നാണ്. അത് ഭരണ പിടിപ്പുകേടിന്റെ, ചൂതുകളി ഭ്രാന്തിന്റെ, രാജാവിന്റെ സപ്തവ്യസനങ്ങളെ മറികടക്കാനാകാത്തതിന്റെ ദുരന്തത്തില്‍ സംഭവിച്ചതാണ്. പക്ഷേ, ദമയന്തി എന്ന പതിവ്രത, കാട്ടില്‍ കാട്ടാളനേയും കാട്ടുമൃഗങ്ങളേയും അതിജീവിച്ച് സ്വാശ്രയയായി മാറിയതിന്റെ സ്വാശ്രയാവലംബ കഥ കൂടിയാണ്. ഭരണകൂടത്തെയും ഭരണാധിപനെയും മാത്രം ആശ്രയിച്ചും ഭരണസംവിധാനത്തിന്റെ തണലും തണുപ്പും തലോടലും ഏറ്റ് ‘അലസസുഖ, സലില ജലസന്നിഭം’ ജീവിക്കാന്‍ മോഹിക്കുന്നവര്‍ക്ക് തിരിച്ചറിയാനുള്ള പാഠം കൂടിയാണ്. കിറ്റും സബ്സിഡികളും സൗജന്യങ്ങളുംകൊണ്ട് ജീവിതം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സന്ദേശവുമാണത്. ഈ വിവരണം എങ്ങനെ മുഖംമൂടി വിഷയത്തില്‍ പ്രസക്തമെന്ന് തോന്നാം. ഭരണകൂടം പറഞ്ഞാലും നിര്‍ബന്ധിച്ചില്ലെങ്കിലും മുഖംമൂടി ആവരണമോ ആഭരണമോ അല്ല, പ്രതിരോധമാണെന്നും അത് ആത്മരക്ഷയ്ക്കാണെന്നും തിരിച്ചറിയണമെന്നു പറയാനാണിതിലൂടെ ശ്രമിച്ചത്.
മുഖംമൂടി വെച്ചില്ലെങ്കിലും പോലീസ് കേസെടുക്കില്ലെന്ന് വന്നപ്പോള്‍, ‘മുഖംമൂടി വെച്ചാല്‍ കേസെടുക്കുന്ന കാലത്തേ ഞാന്‍ അഴിയ്ക്കൂ’ എന്ന് ചിലരുടെ അഭിപ്രായങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നു. ഒറ്റവായനയില്‍ നിര്‍ദോഷിയായ ഫലിതം എന്ന് തോന്നാം. പക്ഷേ, അതിനു പിന്നില്‍, സര്‍ക്കാര്‍ അഥവാ ഭരണകൂടം പറയുന്നതിനെ എതിര്‍ക്കുക, എതിരു ചെയ്യുക എന്ന അപകടകരമായ പ്രവണതയുടെ വിസ്ഫോടനശേഷിയുള്ള അണുക്കളുണ്ട്. നിയമങ്ങള്‍ ലംഘിക്കുക, നിയമം പറയുന്നതിനെ എതിര്‍ക്കുക എന്ന പ്രവണത. ചില ചട്ടങ്ങള്‍ മാറേണ്ടതുണ്ട്, മാറ്റേണ്ടതുണ്ട്. കാലത്തിനനുസരിച്ച് അത് സംഭവിക്കും. ചിലപ്പോള്‍ അതിന് ആഹ്വാനങ്ങളും വേണ്ടിവരും. ‘മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയം അല്ലെങ്കില്‍, മാറ്റുമതുകളീ നിങ്ങളെത്താന്’ എന്ന് മഹാകവി കുമാരനാശാന് എഴുതിയത് ഒരു സത്യവിളംബരം കൂടിയായിരുന്നല്ലോ.
ചട്ടങ്ങള്‍ക്ക്, ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ക്ക്, ഭരണകൂടങ്ങള്‍ക്ക്, ഭരണാധിപന്മാര്ക്ക് എതിരായി ഉയരുന്ന ഇത്തരം വികാരങ്ങള്‍ക്ക് സംഘടിത സ്വഭാവമോ രൂപമോ ഉണ്ടാകുന്നത് ഇന്ത്യയില്‍ അധികമാണ്, കേരളത്തില്‍ അമിതമാണ്. എന്താവാം കാരണം. കേരളത്തിന്റെ പ്രത്യേക മനസ്സാണതിനു പിന്നില്‍. ഏറെ മുമ്പേ, പ്രായമെത്തും മുമ്പ് വളര്‍ന്നുപോയ ശരീരമാണ് കേരളത്തിന്. ബുദ്ധിയില്‍ വക്രബുദ്ധിയാണോ ചിലര്‍ക്ക് വളര്‍ന്നത്, അവര്‍ വളര്‍ത്തിയത് എന്ന് വിലയിരുത്താന്‍ പ്രത്യേക പഠനം തന്നെ വേണം. വേറിട്ടു നില്ക്കുന്നതും മുന്നിട്ടു നില്ക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വേറിട്ടു നില്ക്കുമ്പോള് ഒറ്റപ്പെടലാണ്. മുന്നിട്ടു നില്ക്കുമ്പോള് ഒന്നാമതെത്തലാണ്. രണ്ടും ഒന്നല്ലല്ലോ.
ഫെഡറല്‍ സംവിധാനത്തിലാണ് ജനാധിപത്യത്തില്‍ ഭരണസംവിധാനം. പക്ഷേ ഫെഡറലിസം പ്രത്യേക പരിഗണനയോ അവഗണനയോ അവകാശമോ ആക്കി മാറ്റുകയും വേറിട്ടു നില്ക്കല് പ്രവണതയുടെ പ്രകടനമോ ആകുമ്പോള്‍ പരിധികള്‍ നിശ്ചയിക്കപ്പെടേണ്ടിവരുമെന്നതില് സംശയമില്ല. സര്‍ക്കാരിനെതിരെ സര്‍ക്കാര്‍, ഭരണകൂടത്തിനെതിരെ ഭരണകൂടം എന്ന സംഘര്‍ഷ സിദ്ധാന്തമാണ് ഇവിടെ അപകടമുണ്ടാക്കുന്നത്. ഒരു ഭരണകൂടം ജനങ്ങളെ മറ്റൊരു ഭരണകൂടത്തിനെതിരെ നയിക്കുമ്പോള്‍ കരുതിയിരിക്കണം, ഒരിക്കല്‍, ഇതു തീരുമ്പോഴോ വിശപ്പ് അധികരിക്കുമ്പോഴോ, മനസ് മാറുമ്പോഴോ ‘മിത്ര കീടങ്ങള്‍’ വളര്‍ത്തുന്നവരെ ആക്രമിക്കാനും ആഹരിക്കാനും തുടങ്ങുമെന്ന്. അത് പ്രകൃതി സ്വഭാവമാണ്. ഇവിടെയും സംശയം ജനിക്കാം. മുഖംമൂടിക്ക് ഇതിലെന്തു പ്രസക്തിയെന്ന്.
നിര്‍ബന്ധമായും മുഖംമൂടേണ്ടവരും. മുഖംമൂടാന്‍ നിര്‍ബന്ധം പിടിക്കുന്നവരുമുണ്ട്. മുഖംമൂടാന്‍ അവകാശം ഉണ്ടെന്ന് വാദിച്ച് കോടതിയില്‍ പോവുകയും വിദ്യാഭ്യാസ പരീക്ഷയേക്കാള്‍ പരീക്ഷണം മുഖംമൂടുന്നതാണെന്ന് വാദിക്കുകയും ചെയ്യുന്നവര്‍ മുഖംമൂടാന്‍ നിര്‍ബന്ധം പിടിക്കുന്നവരാണ്. ബാങ്ക് പോലെയുള്ള സ്ഥലങ്ങളില്‍ മുഖംമൂടി നിയമവിരുദ്ധമാണ്. കലാരൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കഥാപാത്രമാകാന്‍ മുഖം മൂടേണ്ടി വരുന്നത് കലാപരമായ നിര്‍ബന്ധം മൂലമാണ്. തുടക്കത്തില്‍ ‘നളചരിത’ത്തെക്കുറിച്ച് പറഞ്ഞതിനാല്‍ അതുതന്നെ ആവര്‍ത്തിക്കാം. നളനായി, ദമയന്തിയായി വേഷമിടുന്നത് നടനാണ്. നമുക്ക് ഏറെ പരിചിതനായ നടനവിദ്വാന്മാര്. അവര്‍ പക്ഷേ കഥകളിയില്‍ അതത് കഥാപാത്രത്തിനു വിധിച്ച വേഷത്തിലാണ് വേദിയില്‍ വരുന്നത്. അത് കഥാപാത്രത്തെ കഥയുടെയും കാലത്തിന്റെയും ഭാഗമായി പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ്. അതിനു പകരം വേഷമില്ലാതെയാടിയാല് നളനല്ല, ദമയന്തിയല്ല പകരം നടനായിപ്പോകും പ്രേക്ഷകന് മുന്നില്‍. അപ്പോള്‍ ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടും. വേഷം കെട്ടുന്നതാരെന്നത് കഥകളി തുടങ്ങുംവരെയേ പ്രസക്തമാകൂ. ശേഷം കഥാപാത്രമാണ്. ആട്ടം കഴിയുമ്പോള്‍ നടനായി.
എന്നാല്‍ ആട്ടത്തിലും അരങ്ങിലും കഥയിലും നടനെ അല്ലെങ്കില്‍ നടിയെ മുന്‍നിര്‍ത്തി അഭിനയിപ്പിക്കുന്നതും നടന് അഭിനയിക്കുന്നതും നല്ല കലയല്ല. (കൂടല്‍മാണിക്യ ക്ഷേത്ര സംഭവം) നടിക്കും ബാധകമാണിത്. അതില്‍ മുഖംമൂടി നിര്‍ബന്ധിത വേഷധാരണമല്ല, പകരം വേഷംകെട്ടലാണ്. ആട്ടത്തിനു മുമ്പും ആട്ടത്തിലും ശേഷവും നടനവൈഭവത്തിന്റേതല്ലാത്ത കാരണങ്ങളുടെ പേരില്‍, നടനക്കാരെ ഓര്‍മിപ്പിക്കുന്നത് ഒരുതരം മുഖംമൂടി ധരിക്കലിനുള്ള നിര്‍ബന്ധമാണ്. അതില്‍ ഹിജാബ് ധാരണ വിഷയത്തിലെ അവകാശവാദങ്ങളുടെ കരിനിഴലുണ്ട്. അങ്ങനെയാണ് മുഖംമൂടികള്‍ കോമാളി നൃത്തമാടുന്നത്. (അങ്ങനെയാണ് ജഡ്ജിയുടെ നിര്‍ദേശത്തില്‍ (?) ആട്ടക്കല വിലക്കുന്നത്) അത്തരം വേദികളില്‍ അവതരിപ്പിക്കുന്ന കലയിലെ മുഖംമൂടിയെയും ബോധമുള്ളവര്‍ സംശയിക്കുക തന്നെ ചെയ്യും
കലാകാരന്റെ അസ്തിത്വത്തിന് കലയില്‍ പരിധിയുണ്ട്. സി.ജെ. തോമസിനെപ്പോലുള്ളവര്‍ അതും മലയാളത്തില്‍ തെളിയിച്ചിട്ടുണ്ട്.
”രാവില്‍ തനിച്ചു തിരിച്ചെത്തി വെണ്മുഖം മുടിയൂരുമ്പോള് തകര്‍ന്ന കണ്ണാടിയില്‍കാണുന്ന നഗ്നനെപ്പോലും ചതിക്കണോ” എന്നു ‘പ്രണയഗീത’ത്തില്‍ കവി ബാലചന്ദ്രന് ചുള്ളിക്കാട് മനസിന്റെ മുഖംമൂടിയെ, വേഷം കെട്ടലിന്റെ മുഖംമൂടിയെ പിച്ചിച്ചീന്തുന്നുണ്ട്. പൊങ്ങച്ചത്തിന്റെ മുഖംമൂടികളണിഞ്ഞാണ് എല്ലാവരും നടപ്പ്. അത് അവനവനെപ്പോലും ചതിക്കുകയും ചെയ്യുന്നു. ഈ മുഖംമൂടികളാണ് മാറേണ്ടത്.
ആരുമാരുമേ കണ്ണാടി നോക്കാതെ
ആരുമാരുമഭിനയിച്ചീടാതെ
ആരുമാര്ക്കുമേ ഭാരമായീടാതെ
ഞാനിതാണെന്ന് ചൊല്ലാന്‍ പഠിക്കണം.. എന്ന തത്വം കൂടി മുഖംമൂടി മാറ്റല്‍ പറയുന്നുണ്ട്. ഹെല്‍മറ്റ് ധരിക്കുന്നത് സര്ക്കാരിനുവേണ്ടിയല്ലെന്നും സ്വന്തം തലയ്ക്കുള്ള സംരക്ഷണമാണെന്നുമുള്ള തിരിച്ചറിയല്‍ ഉണ്ടാകുംവരെ മുഖംമൂടികള്‍ അണിഞ്ഞേ നാം നടക്കൂ. പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവയ്ക്കുന്നത് ഉപയോഗിക്കുന്നവനെ അവസാനഘട്ടത്തിലെങ്കിലും പിന്തിരിപ്പിക്കാനുള്ള പരിശ്രമമാണെന്ന് തിരിച്ചറിയാത്തിടത്തും ബോധവല്ക്കരിക്കാത്തിടത്തും മുഖംമൂടികള്ക്കാണ് വിജയം
‘മൂടപ്പെടുന്നു പൊന്‍ പാത്രംകൊണ്ട്
സത്യമതില്‍ മുഖം’ എന്ന് ഈശാവാസ്യോപനിഷത്തിലെ ‘ഹിരണ്മയേന പാത്രേണ സത്യസ്യാപി ഹിതം മുഖം’ എന്ന സൂത്രത്തിന് മലയാളം പറഞ്ഞു കിട്ടിയാലും തിരിച്ചറിയാത്തപ്പോള്‍ സത്യം കണ്ടെത്തുക എളുപ്പമേയല്ല. അതിനാല്‍ മുഖംമൂടി നിയമത്തോടെന്നല്ല, സകലതിനോടും വിയോജിക്കാനും എതിര്ക്കാനുമേ കേരളം ശ്രമിക്കൂ. കാരണം ‘മിത്രകീട’ങ്ങളാക്കിയാണല്ലോ ജനതയെ വളര്‍ത്തുന്നതും പോറ്റുന്നതും. അവര്‍ക്ക് വിജയമാണ്. ഇര ഇതല്ലെന്നും വേട്ട ഇതല്ലെന്നും മിത്ര കീടങ്ങള്‍ തിരിച്ചറിയുംവരെ. അറിയുമ്പോള്‍ പല മുഖംമൂടികളും അഴിഞ്ഞുവീഴും. കാട്ടിലെ നളനെപ്പോലെ നഗ്നനാകും. അരക്ഷിതനാകും.
പിന്കുറിപ്പ്:
രണ്ടു വര്‍ഷത്തിനിടെ ഗുജറാത്തില്‍, മാസ്ക് ധരിക്കാത്തതിന് 36 ലക്ഷം പേരില്‍നിന്ന് 249 കോടി രൂപയാണ് പിഴയീടാക്കിയത്. മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് മാത്രം 72 കോടി. കേരളത്തില്‍ 213 കോടി പിഴയീടാക്കി. ഇന്ത്യയിലാകെ എത്ര കോടി എന്ന കണക്ക് കൃത്യമായി വന്നിട്ടില്ല. മാസ്ക് ഇനത്തില്‍ മാത്രം 7000 കോടിയിലേറെ എന്നാണ് ഒരു കണക്ക്. കൊവിഡ് രോഗം രൂപപ്പെടുത്തിയ പുതിയൊരു വിപണിയായിരുന്നു ശുചീകരണ, ശുചിത്വ സംരക്ഷണ വസ്തുക്കളുടേത്. മാസ്ക് അതില്‍ പ്രധാനമായിരുന്നു. മാസ്ക് ധരിക്കുന്നതിലെ നിയമവും ശിക്ഷയും കേസും ഒഴിവാക്കിയതോടെ ആ വിപണിയില്‍ ഇടിവായി. മാസ്ക് വില്‍പ്പനയ്ക്ക് ബ്ലോക്ക് ചെയ്തിരുന്നവര്‍ക്ക് കണക്കു പിഴച്ചു. എന്നാല്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണി ഉണരും. അങ്ങനെയാണ് വിപണിയിലെയും പ്രകൃതി നിയമം. ഒന്ന് ചീയുന്നത് മറ്റൊന്നിന് വളം. അത് ചീയാത്ത വസ്തുക്കളുടെ വിപണിക്കും ബാധകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: