ശൈശവത്തില്‍ രോഗപീഡിതനായി അര്‍ദ്ധബോധാവസ്ഥയിലായ ഞാന്‍ ഒരശരീരി കേട്ടു. ”ഈ ജന്മയാത്രക്കിടയില്‍ നീ ഒരു മുനിയെ കണ്ടെത്തും. ഒരു ചെറിയ പാറക്കുഴിയില്‍ മൂന്നു മത്സ്യങ്ങളെ ഇട്ടു നീറ്റുന്നതില്‍ വ്യാപൃതനായിരിക്കും അയാള്‍. വരണ്ടുപോകുന്ന കുഴിയില്‍ ജീവനുവേണ്ടി പിടയുന്ന മത്സ്യങ്ങളെ നോക്കി അയാള്‍ ധ്യാന നിമഗ്നനായിരിക്കും. എന്തിനാണീ ക്രൂരത. അതില്‍ വെള്ളമൊഴിക്കൂ- എന്നു നീ പറയാന്‍ ആരംഭിക്കുമ്പോഴേക്കും അയാളതില്‍ ജലസേചനം നടത്തും. ഇതെന്തു ഭ്രാന്താണെന്നായിരിക്കും ആദ്യം തോന്നുക. എന്നാല്‍ ജീവന്റെ അവസാന കണികയില്‍നിന്ന് നിശ്ചലതയിലേക്കുള്ള പരിണാമഗതി എങ്ങനെ എന്നു കണ്ടെത്താനാണയാള്‍ ശ്രമിക്കുന്നതെന്ന് പിന്നീട് നീ അറിയും. ഇത് നീ മാത്രമറിയുന്ന രഹസ്യം.”
ഇതൊരു ഭ്രമാത്മക ചിന്തയാണ്. എന്നാല്‍ ഒരനുഭവ യാഥാര്‍ത്ഥ്യവും. എന്റെ അടുത്ത സുഹൃത്തും ചിത്രകാരനുമായ എം.സി. പ്രമോദാണ് അയാളുടെ ബന്ധുവായ ശംഭുദാസിന്റെ വീട്ടിലേക്കെന്നെ ആദ്യം കൊണ്ടുപോയത്. അവിടെ ഞാന്‍ കണ്ടതോ എന്റെ ഭ്രമാത്മക സ്വപ്നം ഓര്‍മിപ്പിക്കുന്ന ദൃശ്യവും. ‘വാസ്തുകം’ എന്നു പേരുള്ള അദ്ദേഹത്തിന്റെ ആശ്രമത്തിലേക്കു കടക്കാനുള്ള ചെറുകളിക്കമാന പാലത്തിനടിയിലെ കൊച്ചു പാറക്കുഴിയിലതാ മൂന്നു വലിയ മത്സ്യങ്ങള്‍ കിടന്നു പിടക്കുന്നു. അതിനരികില്‍ അതുതന്നെ നോക്കി ഇരിക്കുന്ന ശംഭുദാസ്. അതെ ഇയാള്‍ തന്നെയാണാ മുനി. ഞങ്ങള്‍ പരിചയപ്പെട്ടു. ഒരു പാരമ്പര്യവാദിയും ഭാരതീയ സംസ്കൃതിയുടെ ഉപാസകനുമാണെന്നറിഞ്ഞിട്ടും, മുന്‍ നക്സലൈറ്റായ അദ്ദേഹം എന്നോട് യാതൊരകല്‍ച്ചയും കാട്ടിയില്ല. മറിച്ച് അഗാധമായ ഒരാന്തരിക സംവേദനം ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരുന്നു. എന്റെ മുന്‍കാല സ്വപ്ന വിഭ്രാന്തികള്‍ അദ്ദേഹത്തിനറിയുമായിരുന്നുവോ? അതിന്റെ പൊരുളെന്തെന്ന് തേടിപ്പോകുന്നതിലും നല്ലത് ഉള്ള സമയം സ്നേഹം പങ്കിടുകയും, ആസ്വദിക്കുകയും ചെയ്യുക ആണെന്നതിനാല്‍ പിന്നെ ഞാനതിന്റെ ഉറവിടം തേടിയില്ല.
1970 കളുടെ അവസാനം. കേരളത്തിലേക്ക് എണ്ണപ്പണം തലനീട്ടി വന്നു തുടങ്ങിയ കാലം. കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ വിരളം. രണ്ടോ നാലോ മാത്രം. ബാക്കിയെല്ലാം ഓലയൊ ഓടൊ മേഞ്ഞത്. എന്നാല്‍ അന്നുതന്നെ കെട്ടിടനിര്‍മാണ രംഗത്ത് കേരളത്തിലുണ്ടാകാന്‍ പോകുന്ന മാറ്റവും, തത്ഫലമായുണ്ടാകാനിടയുള്ള പരിസ്ഥിതി നാശവും മന്‍കൂട്ടി കണ്ടറിഞ്ഞ് തനതുപാരമ്പര്യത്തിലധിഷ്ഠിതമായ, ചെലവു കുറഞ്ഞ, പരിസ്ഥിതിക്കനുയോജ്യമായ കെട്ടിടനിര്‍മാണ രീതിക്കായുള്ള അന്വേഷണങ്ങളാരംഭിച്ച ഒരസാധാരണ പ്രതിഭയായിരുന്നു ഈ അടുത്തകാലത്ത് അന്തരിച്ച ശംഭുദാസ്. യൗവ്വനാരംഭം നക്സലൈറ്റുകളോടൊപ്പം അലഞ്ഞുനടന്ന് അടിയന്തരാവസ്ഥ കാലത്ത് കൊടിയമര്‍ദ്ദനങ്ങളേറ്റ്, ഒടുവില്‍ ആ വഴി തെറ്റാണെന്നു മനസ്സിലാക്കി പിന്മടങ്ങിയ ശംഭുദാസ് സ്വയം കണ്ടെത്തിയ തട്ടകമായിരുന്നു വാസ്തുവിദ്യാരംഗം. പരമ്പരാഗത വൈദ്യ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ആയുര്‍വ്വേദത്തിനു പകരം വാസ്തുവിദ്യയിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരുപക്ഷേ ബേക്കര്‍ സായിപ്പിന്റെ നിര്‍മാണ രീതികള്‍ കേരളത്തിലാരംഭിക്കുന്നതിനു മുമ്പു തന്നെയോ അതേ കാലത്തോ പരിസ്ഥിതി സൗഹൃദ ചെലവു കുറഞ്ഞ പാര്‍പ്പിട നിര്‍മാണ രീതിയെക്കുറിച്ചദ്ദേഹം ചിന്തിച്ചു തുടങ്ങിയിരുന്നു.
1977 ല്‍ തന്റെ പറമ്പിലെ കല്ലുവെട്ടുകുഴിയുടെ പാര്‍ശ്വങ്ങള്‍ ഭിത്തികളായി വരത്തക്കവിധം ഒരു മുകള്‍നിലയോടുകൂടിയ ചെലവു കുറഞ്ഞ വീട് സ്വയം നിര്‍മിച്ചു കൊണ്ടാണ് ശംഭുദാസ് തന്റെ അന്വേഷണങ്ങളാരംഭിച്ചത്. കേടുകൂടാതെ ആ സൗധം ഇന്നും നിലനില്ക്കുന്നതു തന്നെ അദ്ദേഹത്തിന്റെ നിര്‍മാണ കൗശലത്തിനുദാഹരണമാണ്. പിന്നീട് കോഴിക്കോട്ടും പരിസരങ്ങളിലും നിരവധി കെട്ടിടങ്ങള്‍ അദ്ദേഹം പണിതു. ഇതിനിടയില്‍ ബേക്കര്‍സായിപ്പിന്റെയും, ആര്‍ഇസിയുടെയും പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ ശില്പശാലകളില് പങ്കെടുത്തുവെങ്കിലും തന്റെ അന്വേഷണ ത്വര അദ്ദേഹത്തിനു നൈസര്‍ഗികമായിരുന്നു.
”ഒരു വീടുണ്ടാക്കാതെ എങ്ങനെ ജീവിക്കാം എന്നാണെന്റെ ആദ്യത്തെ ചിന്ത. പിന്നീടാണ് ഒരു വീടിന്റെ അനിവാര്യതയിലേക്ക് ഞാന്‍ കടക്കുന്നത്. അങ്ങനെ വീടുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പ്രകൃതി ചൂഷണം കുറച്ച്, ചെലവു ചുരുക്കി, സ്ഥലത്തെ പരിസ്ഥിതി സൗഹൃദമായി സൗകര്യപ്പെടുത്തുക എന്നതാണെന്റെ ലക്ഷ്യം”-എന്നാണ് പാര്‍പ്പിട നിര്‍മാണത്തെപ്പറ്റി അദ്ദേഹം പറയാറുണ്ടായിരുന്ന സങ്കല്പം.
പില്ക്കാലങ്ങളില് പല നിര്‍മിതികളും നടത്തിയിരുന്നുവെങ്കിലും, നമ്മുടെ പാരമ്പര്യത്തിലുറച്ചു നിന്നുകൊണ്ട് പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ പാര്‍പ്പിട നിര്‍മാണമെന്ന സങ്കല്പമാണ് ശംഭുദാസന്‍ മുന്നോട്ടുവച്ചത്. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലഭിരമിക്കാതെ, മനുഷ്യരോടും പ്രകൃതിയോടും നീതി കാട്ടി അങ്ങനെ കടന്നുപോയി ഒരു ഋഷി ജന്മം. ഇനിയും എത്ര കാലം കഴിഞ്ഞാലും, മനുഷ്യന്റെ അത്യാര്‍ത്തിയാല്‍ തകര്‍ക്കപ്പെടുന്ന പ്രകൃതിക്കു മുന്നില്‍ നിസ്സഹായരായി നില്ക്കുമ്പോള് ബേക്കര്‍ സായിപ്പിനൊപ്പം, ശംഭുദാസിനെക്കുറിച്ചുള്ള ഓര്‍മകളും നമ്മെ ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല. അതുതന്നെയാണ് ചരിത്രത്തില്‍ ശംഭുദാസിനുള്ള പ്രസക്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: