ടി.കെ.കൃഷ്ണകുമാര്‍
അത്താഴ പൂജയും കഴിഞ്ഞു ശംഖും മണിനാദവും
നിലച്ചു ചുറ്റമ്പല വിളക്കുകള്‍ അണഞ്ഞു
സ്വപ്ന ഗോപുര വാതിലിനുള്ളില്‍
നീ മയക്കത്തിലായോ…. കൃഷ്ണ….
വേനല്‍ ചൂടില്‍ ഉരുകി അലഞ്ഞും
പാദങ്ങള്‍ ഇടറി നീര്വാര്ന്നും
അങ്ങ് കിഴക്ക് നിന്ന് ഞാനെത്തിയത്
അത്രമേല്‍ അമാന്തമായെന്നോ കൃഷ്ണ….
പുഴക്കക്കരെ ചരുവില്‍ നിന്നെത്തുന്ന കാറ്റില്‍
നിന് വേണു നാദം കേട്ട് നാള് മുതല്‍
തിരിവെച്ച് ഇളം വെയില് മറയുന്ന നേരം
ഉമ്മറതിണ്ണയില്‍ നിന് കഥ കേട്ട നാള് മുതല്‍
എന്റെ മയക്കത്തില്‍ എന്റെ കിനാവില്
നിന്നോടു ചേര്‍ന്നുറങ്ങി ഞാന്‍ കൃഷ്്ണ…
എന്റെ ശബ്ദവും എന്റെ വെളിച്ചവും
എന്റെ രാവും എന്റെ പകലും എന്റെ നിലാവും
ഇമകളെത്തഴുകുന്ന കാറ്റും കുളിരും
തൊടിയിലാദ്യമായ് വിരിയിട്ട നിശാഗന്ധിയും
ഇരുളിലെങ്ങോ മുഴങ്ങുന്ന നിലാപക്ഷി ഗീതവും
എന്റെ വെയിലും എന്റെ തണലും
എന്റെ കാഴ്ചയും നീ തന്നെയല്ലെ …കൃഷ്്ണ
എത്രയോ വട്ടമീയാത്രക്കൊരുങ്ങി ഞാന്‍
അത്രമേല്‍ ചിന്തകള്‍ ഗതിമാറ്റിയെന്നെ
ചുറ്റിലും കാഴ്ചകള്‍ മറച്ചും ആകാശച്ചെരുവില്‍
ഇരുള് നിറച്ചും കാറ്റിലുലഞ്ഞ് മരച്ചില്ലകള്‍ താഴ്ത്തിയും
നീര്‍ച്ചാലുകള്‍ നിറഞ്ഞും മണ്ണിന്റെ വേരുകളടര്ത്തിയും
വേനലില്‍ ചൂടും പഴുത്തും പുകചുരുള്‍ വീഴ്ത്തിയും
നിന്നിലേക്കുള്ള എന്‍ വഴി തടഞ്ഞതെന്തിത്രനാള് …കൃഷ്ണ…
ദൂരെ ദൂരെയാകാശ ചെരുവില്‍ ചിത്തിര
ഒരു നൂറു ദീപകാഴ്ചയൊരുക്കുന്നു
ഇളകിയാടുന്ന ആലിലച്ചില്ലയില്‍
നിന് വേണുനാദമായ് രാക്കുയില്‍ പാട്ടൊന്നു മൂളുന്നു… കൃഷ്ണ…
തപം ചെയ്തെടുത്ത എന്‍ മനസ്സിലൊരു പൂവുണ്ട്
ശിലാ ബിംബ നെറുകയില്‍ ചാര്‍ത്തുന്ന
മയില്പ്പീലിത്തണ്ടിന് പകരമായ് ചാര്‍ത്തുവാന്‍… കൃഷ്ണ…
ഇനിയും നീ മയക്കത്തിലാണോ കൃഷ്ണ…
നിന് മാനസ ലീലാ വിലാസങ്ങളില്‍… നീ കാണും
കിനാവുകള്‍ എന്‍ മിഴിയിലേക്കും പകരുക
നിന്റെ ഹൃദയതാളത്തിലെന്റെ മനവും നിറക്കുക
കൃഷ്ണാ… നീ മുന്നിലൊരു കണിയായ് വിരിയുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: