ലക്‌നൗ: രണ്ടാമതും മുഖ്യമന്ത്രിയായി തിരിച്ചുവന്നിട്ട് ദിവസങ്ങള്‍ പോലുമായില്ല. അതിനിടെയാണ് ബുള്‍ഡോസര്‍ എന്ന പേടിപ്പെടുത്തുന്ന ഇമേജില്‍ നിന്നും മാറി, ഉള്ളിലെ എളിമ വിളിച്ചോതുന്ന പെരുമാറ്റത്തിന്റെ പേരില്‍ യോഗി ആദിത്യനാഥ് സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടി നേടിയത്.
ഇക്കഴിഞ്ഞ ദിവസമാണ് വാഹനക്കുരുക്കില്‍ പെട്ട ആംബുലൻസിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം വഴി മാറിക്കൊടുത്ത് പോകാന്‍ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂവം ഹസ്രത്ഗഞ്ചിൽ നിന്ന് ബന്ദരിയാബാഗിലേയ്‌ക്ക് പോവുകയായിരുന്നു. രാജ്ഭവന് സമീപമാണ് വാഹനക്കുരുക്കുണ്ടായത്.
മുഖ്യമന്ത്രിയുടെ വാഹനത്തിന് കടന്നുപോകുന്നതിനായി മറ്റ് വാഹനങ്ങൾ തടഞ്ഞിരുന്നു. ഇതിനൊപ്പം ഒരു ആംബുലൻസുമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, തന്റെ വാഹനവ്യൂഹത്തെ പാതയോരത്ത് നിര്‍ത്തിയിട്ട് ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കിക്കൊടുത്തു. ഡിസിപി ട്രാഫിക്ക് സുഭാഷ് ചന്ദ്ര ശാക്യ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പിന്നീട് യോഗിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നത് വരെ ജനം ജയ് വിളിക്കുകയായിരുന്നുവെന്നും ഡിസിപി കൂട്ടിച്ചേർത്തു.
വാർത്ത പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ യോഗിയെ പുകഴ്‌ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ ഇടപെടലിനെയും പലരും വാഴ്‌ത്തി. ആംബുലൻസിനെ മാനിക്കാതെ സ്വന്തം അധികാരപദവി ഉപയോഗിച്ച് കടന്നുപോകാമായിരുന്നിട്ടും അത് ചെയ്യാതെ ബ്ലോക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി യോഗി മാതൃക കാട്ടിയെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: