കൊച്ചി: കേരളത്തിലെ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്.പരാന്തേ. എറണാകുളം പാവക്കുളത്തെ വിഎച്ച്പി കാര്യാലയത്തില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം കൊടുക്കുന്നത് പോലും ആഭ്യന്തര വകുപ്പിന് കീഴിലുള്ള അഗ്നിശമനസേനയാണ്. രാജ്യത്ത് വിഘടനവാദം പ്രചരിപ്പിക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത ഒട്ടുമിക്ക കേസുകളിലും പ്രതികളായിരിക്കുന്നവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ഐഎസില്‍ ചേര്‍ന്നിരിക്കുന്നതില്‍ അധികവും പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ഈ സംഘടനയ്ക്കാണ് ആഭ്യന്തര വകുപ്പ് തന്നെ പരിശീലനം നല്‍കിയിരിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഇസ്ലാമിക പ്രീണനം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അനര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി കൊടുക്കുന്ന നയം ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങി നടത്തുന്ന മദ്രസ അദ്ധ്യാപക നിയമനം പിഎസ്സി വഴി നടത്തണം. മതപഠനത്തോടൊപ്പം മറ്റു വിഷയങ്ങളും നിര്‍ബന്ധമാക്കണം. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാനാവശ്യമായ നിയമ നിര്‍മ്മാണം നടത്തണം. ഭാരതത്തിലെ മറ്റു പല സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മതചിഹ്നം ഒഴിവാക്കിയുള്ള യൂണിഫോം നിര്‍ബന്ധമാക്കണം. 1921ന് മുമ്പുള്ള രേഖകള്‍ പ്രകാരം മലബാര്‍ മേഖലയിലെ ഹിന്ദുക്കളുടെയും അവരുടെ ക്ഷേത്രങ്ങളുടെയും വസ്തുവകകള്‍ മുസ്ലീങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഹിന്ദുക്കളുടെ സ്വത്തുക്കള്‍ അവര്‍ക്ക് തിരികെ നല്കാന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഎച്ച്പി കേരള ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും മിലിന്ത് എസ്.പരാന്തേ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സംസ്ഥാന സെക്രട്ടറി വി.ആര്. രാജശേഖരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: