ഇടുക്കി: ഏലകൃഷിക്കായി സിഎച്ച്ആര്‍ മേഖലയായ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റില്‍ നിന്ന് അനധികൃതമായി മുറിച്ചത് 391 കാട്ടുമരങ്ങള്‍. സംഭവത്തില്‍ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തെങ്കിലും വിശദമായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതി.
അടിമാലി റേഞ്ചിലെ കൂമ്പന്‍പാറ സെക്ഷന്‍ ഓഫീസിന് കീഴില്‍ വരുന്ന സ്ഥലമാണിവിടം. ആനവിരട്ടി വില്ലേജില്‍പ്പെട്ട ഇവിടെ അതീവ പരിസ്ഥിതി ലോല മേഖലയായി ആദ്യഘട്ട ഉത്തരവിറങ്ങിയ സ്ഥലത്താണ് വന്‍തോതില്‍ മരം മുറിച്ച് കൂറ്റന്‍ ഷെഡ് സ്ഥാപിച്ചത്. സംഭവത്തില്‍ പരാതി ഉയരുന്നത് വരെ വനംവകുപ്പ് ഉദ്യോഗസ്ഥരും നടപടിക്ക് തയ്യാറായില്ല. കാട്ടിലൂടെ 1 കി.മീറ്ററോളം സഞ്ചരിച്ചെങ്കില്‍ മാത്രമേ നെല്ലിത്താനം എസ്റ്റേറ്റില്‍ എത്താനാകുകയുള്ളൂ. ഇവിടെയാണ് ദിവസങ്ങളെടുത്ത് മരം മുറിക്കുകയും സ്ഥിരമായുള്ള ഷീറ്റ് മേഞ്ഞ വലിയ ഷെഡ് നിര്‍മിക്കുകയും ചെയ്തത്.
നേരത്തെ നിരവത്ത് ജോണ്സണ് എന്നയാളുടെ കസ്റ്റഡിയില്‍ ഇരുന്ന ഭൂമി അടുത്തിടെ പാലാ സ്വദേശികള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഇവരാണ് ഏലകൃഷിക്കായി വ്യാപകമായി മരം മുറിച്ചത്. അതേ സമയം മുറിച്ച മരങ്ങള്‍ കടത്തികൊണ്ട് പോകാനായിട്ടില്ല.
ഹൈക്കോടതിയിലെ കേസിനെ തുടര്‍ന്ന് 2017ല്‍ എസ്റ്റേറ്റ് ഭൂമി തിരിച്ച് പിടിക്കാന്‍ നിര്‍ദേശം വന്നിരുന്നു. എന്നാല്‍ അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കൈയേറ്റക്കാര്‍ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു. നിലവില്‍ ഇവിടെ നടന്നിരിക്കുന്നത് മുട്ടില്‍ മരം മുറി പോലെ വ്യാപകമായ മരം കൊള്ളയാണ്.
മരം മുറി വനം ഉദ്യോഗസ്ഥര്‍ അറിഞ്ഞതായും ഇവര്‍ കൈക്കൂലി വാങ്ങി ഇതിന് ഒത്താശ ചെയ്തതെന്നും പരാതിയും ഉയരുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിക്കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാരും പറയുന്നത്. മേഖലയില്‍ ഒറ്റപ്പെടയിടങ്ങളില്‍ ജനവാസവുമുണ്ട്. അതേ സമയം മൂന്ന് ദിവസമെടുത്ത് സ്ഥലത്ത് നിര്‍മിച്ച കൂറ്റന്‍ ഷെഡ് അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തില്‍ വനപാലകര്‍ പൊളിച്ച് നീക്കി. മരം മുറിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: