കൊച്ചി: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നി രക്ഷാ സേനാംഗങ്ങള്‍ പരിശീലനം നല്കിയ സംഭവം ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. വിഷയം പരിശോധിച്ച അഗ്നി രക്ഷാ സേന ഡിജിപി ബി സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആര്‍എഫ്ഒ, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരെയാണ് റിപ്പോര്‍ട്ട്. റെസ്ക്യു ആന്‍ഡ് റിലീഫ് ഉദ്ഘാടന വേദിയിലായിരുന്നു പരിശീലനം. ബി അനീഷ്, വൈ എ രാഹുല്‍ ദാസ്, എം സജാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങളുടെ പരിശീലനം അരങ്ങേറിയത്. മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ ആയിരുന്നു പരിപാടി. അപകടത്തില്‍ നിന്നും എങ്ങനെ ആളുകളെ രക്ഷിക്കാം, നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍, ഉപകരണം ഉപയോഗിക്കേണ്ട വിധം എന്നിവയിലായിരുന്നു അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അടക്കം നേതാക്കള്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പുതിയതായി രൂപം നല്കിയ റസ്ക്യു ആന്‍ഡ് റിലീഫ് എന്ന വിഭാഗത്തിനായിരുന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ്തല അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വിഷയത്തില്‍ പരിശീലനം നല്കിയ ഉദ്യോഗസ്ഥരോട് ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ നേരത്തെ വിശദീകരണം തേടുകയും ചെയ്തിരുന്നു. പരിശീലനം നല്‍കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് സേന മേധാവിയുടെ നിര്‍ദേശം. എന്നാല്‍ സംഭവത്തില്‍ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സന്നദ്ധ സംഘടനകള്‍, എന്‍ജിഒകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് അഗ്നി ശമനസേന സമാനമായ പരിശീലനം നല്‍കാറുണ്ടെന്ന കാരണമാണ് ഇതിനായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് അവരുടെ വേദിയിലെത്തി പരിശീലനം നല്‍കിയത് അതീവ ഗുരുതര വിഷയമാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്ക് ശുപാര്‍ശ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: