തേഞ്ഞിപ്പലം: ഇരുപത്തിയഞ്ചാമത് ദേശീയ സീനിയര്‍ ഫെഡറേഷന് കപ്പ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഇനി അഞ്ച് നാള് രാജ്യത്തിന്റെ അഭിമാന അത്ലറ്റുകള് പുതിയ വേഗവും ദൂരവും ഉയരവും കണ്ടെത്താനായി കാലിക്കറ്റ് സര്‍വകലാശാല മൈതാനത്തെ സിന്തറ്റിക് ട്രാക്കിലും ഫീല്‍ഡിലുമായി അരയും തലയും മുറുക്കി കളത്തിലിറങ്ങും. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായാണ് കേരളം ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. അടുത്ത ബുധനാഴ്ച വരെ നീണ്ടു നില്ക്കുന്ന ചാമ്പ്യന്‍ഷിപ്പ് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി. അബ്ദുറഹിമാന് അധ്യക്ഷനാവും.
രാജ്യത്തെ നാനൂറിലേറെ അത്ലറ്റുകളാണ് അഞ്ച് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാനെത്തിയിട്ടുള്ളത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി 38 ഫൈനലുകള്‍ അരങ്ങേറും. ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെയും വൈകിട്ടുമായാണ് മത്സരങ്ങള്‍. ആദ്യ ദിവസമായ ഇന്ന് മൂന്ന് ഫൈനലുകള്‍ മാത്രമാണുള്ളത്. രാവിലെ ആറിന് പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് ട്രാക്കുണരുന്നത്. 6.40ന് വനിതകളുടെ ഫൈനല്‍. ഉച്ചകഴിഞ്ഞ് മൂന്നിന് വനിതകളുടെ പോള്‍വോള്‍ട്ട് ഫൈനലും നടക്കും.
പുരുഷ-വനിതാ 100, 400 മീറ്ററും പുരുഷന്മാരുടെ 100, 400 മീറ്റര്‍ സെമിഫൈനല്‍ മത്സരങ്ങളും, ലോങ്ജമ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങളും ഇന്നാണ്. നാളെയാണ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ 100 മീറ്റര്‍ ഫൈനലുകള്‍. പുരുഷ 10,000 മീറ്ററില്‍ രാജ്യത്തെ പ്രമുഖ താരങ്ങളായ അഭിഷേക് പാല്, മുരളി കുമാര്‍ ഗവിത്, കിസന്‍ തട്വി, കാര്‍ത്തിക് കുമാര്‍ തുടങ്ങിയവരും വനിതാ വിഭാഗത്തില്‍ സഞ്ജീവനി യാദവ്, കവിത യാദവ് തുടങ്ങിയവരും ഇന്ന് ട്രാക്കിലിറങ്ങും. വനിതാ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി ദിവ്യ മോഹനും രേഷ്മ രവീന്ദ്രനും ഇന്ന് മൈതാനത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: