ലഖ്നൗ: സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍സി സ്ഥാനാര്‍ത്ഥിയും ശിശുരോഗ ഡോക്ടറുമായ കഫീല്‍ഖാനെതിരെ ദിയോറിയയില്‍ പൊലീസ് കേസെടുത്തു. ഒരു ആംബുലന്‍സ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി ആംബുലന്‍സില്‍ കയറി രോഗിയായ സ്ത്രീയെ ഡ്രൈവറുടെ എതിര്‍പ്പ് വകവെയ്ക്കാതെ പരിശോധിച്ചു എന്നതിന്റെ പേരിലാണ് കേസ്. ഇത് മൂലം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ സ്ത്രീ മരിച്ചു. ഇതോടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ കഫീല്‍ഖാനെതിരെ പരാതി നല്‍കിയത്.
ദിയോറിയ-കുഷി നഗര്‍ എംഎല്‍സി സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് കഫീല്‍ ഖാന്. മാര്‍ച്ച് 26നാണ് സംഭവം അരങ്ങേറിയത്. കോട് വാലി പൊലീസ് സ്റ്റേഷനില്‍ ആംബുലന്‍സ് ഡ്രൈവറായ പ്രകാശ് പട്ടേല്‍ പക്ഷെ ചൊവ്വാഴ്ചയാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. ഭലുഹാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ജീവനക്കാരനാണ് പ്രകാശ് പട്ടേല്‍.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 332ാം വകുപ്പ് (പൊതുജന സേവകനെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍) 353 (പൊതുജനസേവകനെ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്നും തടയാന്‍ ആക്രമിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദിയോറിയ സി ഐ ശ്രീയാഷ് ത്രിപാഠി കേസെടുത്തത്.
മാര്‍ച്ച് 26ന് ഒരു സ്ത്രീയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരികയായിരുന്നു. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അവരെ ദിയോറിയ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സ് ഉപയോഗിച്ച് അവരെ അയച്ചു
ആംബുലന്‍സില്‍ വേണ്ടത്ര ഓക്സിജന്‍ ഇല്ലാത്തതിനാല്‍ ആംബു ബാഗുകള്‍ (കൃത്രിമമായി ശ്വാസോച്ഛാസം നല്‍കാനുള്ള യൂണിറ്റ്) കരുതിയിരുന്നു. എന്നാല്‍ എമര്‍ജന്‍സി വാര്‍ഡില്‍ എത്തുംമുമ്പേ രോഗി മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നത് ഡോക്ടറായ കഫീല്ഖാന് ആംബുലന്‍സില്‍ ബലമായി കയറി രോഗിയെ പരിശോധിക്കാന്‍ ശ്രമിച്ചതിനാലാണ് ജില്ലാ ആശുപത്രിയിലെത്താന്‍ വൈകിയത് എന്നാണ്. ഇതാണ് മരണകാരണമായതെന്നും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: