തൃശ്ശൂര്‍: അധ്യയനം പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തിയതില്‍ പ്രതിഷേധിച്ച് അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ ബഹിഷ്കരിച്ച് വിദ്യാര്‍ഥികള്‍. അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ 175 പേരില്‍ 60 പേര് മാത്രമാണ് ഇന്നലെ പരീക്ഷയ്ക്ക് എത്തിയത്.
പരീക്ഷ എഴുതാനെത്തുന്ന കുട്ടികളുടെ എണ്ണം നോക്കി പരീക്ഷ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വിദ്യാര്‍ഥികള്‍ ബഹിഷ്കരണവുമായി രംഗത്തെത്തിയത്. സിലബസ് പ്രകാരം ഒരു വര്‍ഷം കൊണ്ട് മാത്രം തീര്‍ക്കേണ്ട അധ്യയനം ആറു മാസം കൊണ്ട് തീര്‍ത്താണ് പരീക്ഷ നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.
അതേസമയം ദേശീയ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരം പരീക്ഷാ ബോര്‍ഡ് എടുത്ത തീരുമാനമനുസരിച്ചാണ് പരീക്ഷ നടത്തിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഡിജിറ്റല്‍ വാല്യുവേഷന് നടത്തി പരീക്ഷ കഴിഞ്ഞ ഉടന്‍ ഫലം പ്രഖ്യാപിക്കാനാകുമെന്ന് സര്‍വകലാശാല നേരത്തേ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലും വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: