ന്യൂദല്‍ഹി: ഭക്ഷണവിതരണം കൂടുതല്‍ കാര്യകക്ഷമാക്കുന്നതിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത് 10 മിനിറ്റിനകം വീട്ടില്‍ ഭക്ഷണമെത്തിക്കുമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍. ഈ പ്രഖ്യാപനം ട്വിറ്ററില്‍ ഒരു കൊടുങ്കാറ്റ് തന്നെ അഴിച്ചുവിട്ടിരിക്കുകയാണ്. പ്രതികൂലമായും അനുകൂലമായും ആയിരക്കണക്കിന് പ്രതികരണങ്ങളാണ് വരുന്നത്.
പ്രധാനമായും ഡെലിവറി ബോയിമാരുടെ ജീവിതമാണ് ചര്‍ച്ചാവിഷയമാകുന്നത്. അഞ്ച് ലക്ഷം ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് (ഡെലിവറി ബോയിമാര്‍ക്ക് നല്കുന്ന ആലങ്കാരിക പ്രയോഗം) ജോലി നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും എതിരെ ഈ വിഭാഗത്തില്‍ നിന്നും നല്ല വിമര്‍ശനം ഉയരുന്നുണ്ട്. പത്ത് മിനിറ്റിനുള്ളില്‍ ഡെലിവറി എന്ന സംവിധാനം വന്നാല്‍ ഡെലിവറി ബോയ് ഇരട്ടി സ്പീഡില്‍ മരണയോട്ടം ഓടേണ്ടിവരുമെന്നാണ് ഒരു വിമര്‍ശനം.
ഒരു ദിവസം 13 മണിക്കൂറാണ് ഡെലിവറി ബോയ് ജോലി ചെയ്യുന്നത്. ഇനി 10 മിനിറ്റില്‍ ഒരു ഡെലിവറി എന്ന രീതിയില്‍ വന്നാല്‍ അവന് 190 കിലോമീറ്റര്‍ ദൂരം ഈ 13 മണിക്കൂറില്‍ താണ്ടേണ്ടതായി വരും. ഈ മരണപ്പാച്ചില്‍ അവരുടെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുമെന്നാണ് വിമര്‍ശനം. പ്രത്യേകിച്ച് ട്രാഫിക് കുരുക്കുകള്‍ നിറയെ പ്രതീക്ഷിക്കാവുന്ന നഗരങ്ങളില്‍ ജോലി ചെയ്യുമ്പോള്‍.
മൊത്തം വരുമാനത്തിന്റെ 40 ശത്മാനം മാത്രമാണ് ഡെലിവറി ബോയിയുടെ പോക്കറ്റില്‍ എത്തുന്നത്. മൊത്തം ലാഭത്തിന്റെ 30 ശതമാനം ഇന്ധനത്തിനും ഇനിയൊരു 30 ശതമാനം മറ്റ് മൂലധനച്ചെലവുകളും തീരുവകളുമായി ചെലവാകും. ഇഷ്ടമുള്ള സമയം മാത്രം ജോലി ചെയ്യാം എന്ന സ്വാതന്ത്ര്യമാണ് ഇത്തരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജോലി ചെയ്യുമ്പോഴുള്ള മെച്ചപ്പെന്ന് അവകാശപ്പെടുമ്പോഴും ദീര്‍ഘമണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്താല്‍ മാത്രമേ അന്തസ്സുള്ള ഒരു വരുമാനം നേടിയെടുക്കാന്‍ കഴിയൂ എന്നതാണ് സ്ഥിതി. മാത്രമല്ല ഇന്ധനവിലവര്‍ധനയും ഇതേ ഡെലിവറി ബോയ് സഹിക്കേണ്ട വരുന്ന മറ്റൊരു ഇരുട്ടടിയാണ്.
ഇന്നൊവേഷന് (നവീകരണം) അതാണ് കോര്‍പറേറ്റുകള്‍ക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള മന്ത്രം. പക്ഷെ ഈ സാങ്കേതികവും മറ്റുമായ പുതുമകള്‍ പരീക്ഷിക്കുമ്പോഴും അതിന് പിന്നില്‍ നിര്‍ത്താതെ ഓട്ടം തുടരുന്ന ഡെലിവറി ബോയ്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കേണ്ടതുണ്ടെന്ന കാര്യം സ്വിഗ്ഗിയും സൊമാറ്റോയും സൗകര്യപൂര്‍വ്വം മറക്കുന്നുവെന്നതാണ് മറ്റൊരു വിമര്‍ശനം.
ഫാസ്റ്റായ ഡെലിവറി തന്നെയാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്നാണ് ഇതിന് സൊമാറ്റോ സിഇഒയുടെ ന്യായവാദം. ഓര്‍ഡര്‍ ചെയ്ത ഫുഡ് വൈകി എത്തുന്നതിന്റെ പേരില്‍ ഡെലിവറി ബോയ്മാര്‍ ചെകിട്ടത്തടി ഉള്‍പ്പെടെ വിവിധ തരം ശാരീരിക പീഢനം ഉപഭോക്താക്കളില്‍ നിന്നും നേരിടേണ്ടിവരുന്നുണ്ട് പല നഗരങ്ങളിലും. ഇത്തരം ദുരനുഭവങ്ങള്‍ക്ക് കമ്പനി ഉത്തരം പറയുന്നില്ലെന്നതാണ് ഡെലിവറി ബോയ് പങ്കുവെയ്ക്കുന്ന മറ്റൊരു സങ്കടം.
സൊമാറ്റോ വളരുകയാണ്. അവരുടെ വിപണി മൂല്യം ഇപ്പോള്‍ ഒരു ലക്ഷം കോടിരൂപയാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്തതാണ് ഈ വളര്‍ച്ച. നവീകരണങ്ങള്‍ നടപ്പാക്കിയാണ് സൊമാറ്റോ ഈ നേട്ടം കൊയ്തത്. നിര്‍ത്താതെയുള്ള പുതുമകള്‍ തേടലാണ് വിപണിയിലെ അതിജീവനതന്ത്രമെന്നും സൊമാറ്റോ സിഇഒ ആണയിടുന്നു. അപ്പോഴും പ്രതിസന്ധികളും അരക്ഷിതത്വവുമാണ് ഡെലിവറി പാര്‍ട്ണര്‍ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സൊമാറ്റോയുടെ ഏറ്റവും താഴേ തട്ടിലുള്ള ഡെലിവറി ബോയ്മാരുടെ കണ്ണുകളില്‍. എന്തായാലും അനുകൂല-പ്രതികൂല വാദമുഖങ്ങളുമായി 10 മിനിറ്റില്‍ ഡെലിവറി എന്ന സൊമാറ്റോ പ്രഖ്യാപനം സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: