കൊളംബോ : പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും രൂക്ഷമായതോടെ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബോ നഗരത്തില്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ വിരുദ്ധത പ്രക്ഷോഭത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഈ നടപടി. ഇന്ധന ക്ഷാമവും 13 മണിക്കൂര്‍ പവര്‍ക്കെട്ടും മൂലം ശ്രീലങ്കയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുകയാണ്.
പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ കൊളംബോ നഗരത്തിലെ സ്വകാര്യ വസതിക്ക് സമീപം വ്യാഴാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. രാത്രി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ജനക്കൂട്ടം ‘ഗോ ഹോം ഗോട്ട’ ( ഗോതാബയ സ്ഥാനമൊഴിഞ്ഞ് വീട്ടില്‍ പോകുക) മുദ്രാവാക്യം മുഴക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ രാജപക്സെ സര്‍ക്കാര്‍ ഉടന്‍ സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിഷേധം കടുത്തതോടെ പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. നഗരത്തിലെ നാല് പോലീസ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ ഡീസല്‍ വിതരണവും നിലച്ചു. ഡോളറില്‍ പണം നല്കാന് ഇല്ലാത്തതിനാല്‍ ഡീസലുമായി എത്തിയ ചരക്കുകപ്പല്‍ ചരക്കിറക്കാതെ തുറമുഖത്ത് നങ്കുരമിട്ട് കിടക്കുകയാണ്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അത്യാവശ്യമില്ലാത്ത ജീവനക്കാര്‍ എത്തേണ്ടതില്ലെന്ന് സര്‍ക്കാരും അറിയിച്ചു. സ്വകാര്യ മേഖലകളിലെ പല ഓഫീസുകളും പ്രവര്‍ത്തനം നിര്‍ത്തി. ഇതിനിടെ പാചകവാതകവില കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: