കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനായി അയച്ച യഥാര്‍ത്ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേിലെ നിര്‍ണ്ണായക തെളിവുകളില്‍ ഒന്ന് കൂടിയാണ് ഇത്.
കത്തിന്റെ പകര്‍പ്പ് പള്‍സര്‍ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകര്‍പ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരിന്നു. ഇതിനുശേഷമാണിപ്പോള്‍ യഥാര്‍ഥ കത്ത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്.
കത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം ജയിലിലെത്തി ശേഖരിച്ചിട്ടുണ്ട്. കത്ത് യഥാര്‍ത്ഥമാണെന്ന് ഉറപ്പിക്കാനായാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തില്‍ ദിലീപിനെതിരെയുള്ള കുരുക്ക് ഒന്നുകൂടി മുറുകും.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ പറയുന്നത്. തനിക്ക് നേരെ ഭീഷണിയുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പള്‍സര്‍ സുനി കത്തില്‍ പറയുന്നുണ്ട്.
2018 മെയ് 7-നാണ് ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ സുനി പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാകും കത്ത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി അറിയിക്കുകയും ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: