സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന തട്ടിപ്പാണ് പാക്കേജ്! ഇത് ഇരകള്‍ക്കു വേണ്ടിയാണോ? അതോ പൊതുസമൂഹത്തിന്റെ വികാരം തണുപ്പിക്കാനാണോ എന്നതാണ് ചോദ്യം? 2007ല്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ പൊന്നുംവിലയുമായി സര്‍ക്കാര്‍ മൂലമ്പിള്ളിയില്‍ വന്നു. 316 കുടുംബങ്ങള്‍ ഒന്നിച്ചെതിര്‍ത്തു. വലിയതുക നഷ്ടപരിഹാരം നല്‍കുമെന്നൊക്കെ കളക്ടര്‍ പറഞ്ഞു. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനോട് ഇതെല്ലാം ജി.ഒ. ആക്കാന്‍ ഇരകള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അച്യുതാനന്ദന് അതിന് മെനക്കെട്ടില്ലെന്നു മാത്രമല്ല തീവ്രവാദികളെന്നുവരെ അവരെ മുദ്ര കുത്തി. ഇരകള്‍ സമരമുഖത്ത് ഉറച്ചു നിന്നു. പൊലീസ് നരനായാട്ട് നടത്തി. പാവങ്ങളുടെ ചോറും കലവും, കുട്ടികളുടെ പഠനോപകരണങ്ങളും നശിപ്പിച്ചു. കാലത്ത് സ്കൂളില്‍ പോയ കുട്ടികളും, തൊഴിലിനു പോയവരും തിരിച്ചു വന്നപ്പോള്‍ കിടപ്പാടം ഇല്ലാത്തവരായി തീര്‍ന്നു. ഈ സമരം കേരളം ഏറ്റെടുത്തു. ഈ ഐതിഹാസിക സമരത്തിന് നെടുംതൂണുകളായി നിരവധി പേരുണ്ടായിരുന്നു.
45 ദിവസം മേനക ജങ്ഷനില്‍ ഇരകള്‍ അന്തിയുറങ്ങി. ഇന്നത്തെ ഉപ രാഷട്രപതി വെങ്കയ്യാ നായിഡു, ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള, മഹാശ്വേതാദേവി, സുഗതകുമാരി ടീച്ചര്‍, ദയാബായി അങ്ങനെ നിരവധി നേതാക്കള്‍ പന്തലില്‍ വന്നു. കൊച്ചി ഗവ: ഗസ്റ്റ് ഹൗസില്‍ വെച്ച് കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഇരകളോട് സംവദിച്ചു. 2008 മാര്‍ച്ച് 19ന് സംസ്ഥാന സര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചു. മൂലമ്പിള്ളിക്കാര്‍ സമരത്തിലൂടെ നേടിയെടുത്തതാണ് ഐതിഹാസികമായ മൂലമ്പിള്ളി പാക്കേജ്. എന്താണ് പാക്കേജ്?
ഒന്നു മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് സെന്റ് സ്ഥലവും അതില്‍ കൂടുതല്‍ നഷ്ടപ്പെട്ടവര്‍ക്ക് ആറു സെന്റ് സ്ഥലവും പുനരധിവാസത്തിന് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ നല്‍കുന്നതാണ്. പോര്‍ട്ട് ട്രസ്റ്റിന്റെ ചെലവില്‍ ഈ ഭൂമി വാസയോഗ്യമാക്കി നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട്ടു വാടകയായി പ്രതിമാസം 5000 രൂപ നല്‍കും. 10 മാസത്തെ വാടകയായ 50000 രൂപ മുന്‍കൂറായി നല്‍കും. ഷിഫ്റ്റിങ് ചാര്‍ജായി 10000 രൂപ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ആയി നല്‍കും. 50 കുടുംബങ്ങളായിരുന്നു ഇതിന് അര്‍ഹരായത് 31,80,000 രൂപയാണ് ഇതിന് വേണ്ടിവരുന്നത്. അത് കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്ന് കളക്ടര്‍ കണ്ടെത്തണം. പിന്നിട് പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും വാങ്ങിച്ചെടുക്കണം. വീട് നിര്‍മിച്ചു കഴിയുമ്പോള്‍ വെള്ളത്തിനും വൈദ്യുതിക്കും മുന്‍ഗണന നല്‍കുക.
വല്ലാര്‍പാടം പ്രോജക്ടിനായി കുടിയൊഴിഞ്ഞ മറ്റുള്ളവര്‍ക്കും നാല് സെന്റ് ഭൂമി നല്‍കണം. കുടുംബത്തിലെ ഒരംഗത്തിന് യോഗ്യതയനുസരിച്ചുള്ള തൊഴില്‍ പോര്‍ട്ട് ട്രസ്റ്റ് നല്‍കണം. നഷ്ടപരിഹാര തുകയ്ക്ക് നികുതി നല്‍കണം. അത് ഒഴിവാക്കി തരാന്‍ പോര്‍ട്ട് ട്രസ്റ്റിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതാണ് സര്‍ക്കാരിന്റെ പാക്കേജ്. അണ പൊട്ടിയൊഴുകിയ കേരള ജനതയുടെ വികാരം മേനകയിലേക്കും മൂലമ്പിള്ളിയിലേക്കും ഒഴുകി. ഈ ഒഴുക്ക് തടയുകയായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. പാക്കേജ് പ്രഖ്യാപിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞു. നാല് മന്ത്രിസഭകള്‍, ഏഴ് കളക്ടര്‍മാര്‍ മാറി വന്നു. ഒപ്പിട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി റിട്ടയര്‍ ചെയ്തു. 316 കുടുംബങ്ങളില്‍ 52 പേര്‍ക്കാണ് പുനരധിവാസം ലഭിച്ചത്. ബാക്കി 264 പേര് പെരുവഴിയിലാണ്.
പ്രഖ്യാപിച്ച പാക്കേജിനു വേണ്ടി ഇരകള്‍ സമരം തുടങ്ങി. സര്‍ക്കാര്‍ മൂലമ്പിള്ളി പാക്കേജ് മോണിട്ടറിങ് സമിതി യുണ്ടാക്കി. സി.ആര്. നീലകണ്ഠന്, ഫ്രാന്‍സിസ് കളത്തുങ്കല്‍, വി.പി. വില്‍സണ്‍, കുരുവിളാ മാത്യൂസ്, കെ. റജികുമാര്‍, സെലസ്റ്റിന്‍ മാഷും ഈ ലേഖകനുമായിരുന്നു അംഗങ്ങള്‍. കളക്ടര്‍ വിളിക്കുന്ന യോഗങ്ങളില്‍ എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അധികാരമുള്ള ഉദ്യോഗസ്ഥര്‍ ആയിരുന്നില്ല പങ്കെടുത്തിരുന്നത്. അതുകൊണ്ട് പല തീരുമാനങ്ങളും വൈകി. അതിനാല്‍ മോണിട്ടറിങ്് സമിതി പ്രതിഷേധിച്ചു. തീരുമാനങ്ങളെഴുതുന്ന ഉദ്യോഗസ്ഥനു സ്ഥലം മാറ്റം വന്നപ്പോള്‍ പകരം വന്നയാള്‍ മിനിറ്റ്സില്‍ ചര്‍ച്ചയ്ക്ക് എടുക്കാത്ത തീരുമാനങ്ങള്‍ വരെ എഴുതി ചേര്‍ത്തതിനെ സമിതി എതിര്‍ത്തു. അഞ്ച് വര്‍ഷമായി മോണിറ്ററിങ് സമിതി കൂടിയിട്ടില്ല.
ഇരകള്‍ക്ക് ഏഴു വില്ലേജുകളിലായിട്ടാണ് പുനരധിവാസ ഭൂമി നല്‍കിയത്. ആറ് വില്ലേജുകളിലും തണ്ണീര്‍ത്തടവും ചതുപ്പുമാണ് വീടുവയ്ക്കാന്‍ ലഭിച്ചത്. 92 പേര്‍ക്ക് കാക്കനാട് തുതിയൂരിലായിരുന്നു. വാസയോഗ്യമായ ഭൂമി നല്കാത്തതിനാല് ഇരകള്‍ ഹൈക്കോടതിയില്‍ പോയി അനുകൂല ഉത്തരവും വാങ്ങി. ഉത്തരവ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 52 പേര് വീടുവച്ചു, പലതും ചെരിഞ്ഞു, പലതും വീണ്ടുകീറി. ഈ ഭൂമി 25 കൊല്ലത്തേക്ക് വില്ക്കാന് പാടില്ല. തീരപരിപാലന നിയമം നിലനില്‍ക്കുന്നതിനാല്‍ ഇരകള്‍ക്ക് അനുമതിക്കായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങണം. നഷ്ടപരിഹാര തുക മൂന്നും നാലും പ്രാവശ്യമായാണ് ലഭിച്ചത്. 12.50 ശതമാനം നികുതി പിടിച്ച ശേഷമാണ് തുക നല്‍കിയത്. നികുതി തിരിച്ചുനല്‍കാന്‍ ഉത്തരവായി. 14 കൊല്ലം കഴിഞ്ഞിട്ടും ബഹു ഭൂരിപക്ഷം പേര്‍ക്കും തുക മടക്കിക്കിട്ടിയില്ല. ആര്‍ക്കും ജോലി നല്‍കിയില്ല. ഒരു മഴ പെയ്താല്‍ വെള്ളം കെട്ടുന്ന ഭൂമിയിലാണ് അവരിപ്പോഴും അന്തിയുറങ്ങുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഇരകള്‍ നരകിക്കേണ്ടിവരുന്ന ഗതികേടിലാണ്. ഉദ്യോഗസ്ഥര്‍ കരാറുകാരെയും ഇരകളെയും പിഴിയുന്നുമുണ്ട്. അതിനാലാണ് അതിജീവന പോരാട്ടം കേരളത്തിന്റെ പ്രത്യേകതയായത്. അവരിലേക്ക് കെ റെയില്‍ ഇരകളുടെയും ദുരിതം ചെന്നു ചേരുന്നു. പാക്കേജ് ദുരിതം വേറെയും. ഇരകള്‍ക്ക് സര്‍ക്കാരിനോടാണ് ചോദ്യം പാക്കേജ് അടുപ്പത്തിട്ടാല്‍ ചോറാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: