കൊങ്കണി ഭാഷാ നാടകവേദി 50 പിന്നിട്ടു. പ്രോത്സാഹനങ്ങളില്ലാതെ തളര്‍ന്നും തലോടിയും പ്രതിസന്ധികളെ തരണം ചെയ്തുമുള്ള ചരിത്രഗാഥയാ ണ് കൊങ്കണി നാടകവേദിയുടെത്. കണ്ണൂരിന്റെ മയ്യഴിയില്‍ തുടങ്ങി മധ്യകേരളത്തിലെ കൊച്ചിയില്‍ തളിരിട്ട് തിരുവിതാംകൂറിന്റെ വേദികളിലുടെയുള്ള തേരോട്ടത്തില്‍ പ്രേക്ഷകപ്രേരണയാണ് കൊങ്കണി നാടകവേദിക്ക് അടിത്തറ പാകിയത്. സാമ്പത്തിക പ്രതിസന്ധിയിലും പുരസ്കാരങ്ങളും പരസഹായങ്ങളുമില്ലാതെ പ്രേക്ഷക പ്രോത്സാഹനത്തിന്റെ ചരിത്രഗാഥയുടെ നടന ചരിത്രമാണിത്. 1967 ല്‍ കണ്ണൂരിലെ മയ്യഴിയില്‍ കാഞ്ഞങ്ങാട്ട്കാരും ദക്ഷിണ കന്നട സംഘവും ചേര്‍ന്ന് ‘ഭക്തപ്രഹഌദ’യെന്ന കൊങ്കണി നാടകമവതരിപ്പിച്ചു. നാടക ഗാനങ്ങളുമായി അവിടെയെത്തിയ കൊച്ചിയിലെ കെ.അനന്ത ഭട്ടും, വി.ലക്മണ പ്രഭുവിനും കണ്ണൂരിലെനാടകം കണ്ട് തോ ന്നിയ ആഗ്രഹസാക്ഷാത്ക്കാരമാണ് 1968 ജനുവരിയില്‍ കൊച്ചിയിലരങ്ങേറിയ ‘വീരപാണ്ഡ്യ കട്ടബൊമ്മന്’ നാടകം. കൊങ്കണി ഭാഷാ പ്രചാര സഭ ബാനറില്‍ എ.പി.മല്ല്യ സംവിധാനം ചെയ്ത നാടകം പ്രഥമ സമ്പൂര്‍ണ്ണ കൊങ്കണി നാടകമായിരുന്നു. അനന്തഭട്ടും, ലക്ഷ്മണ പ്രഭുവും മുഖ്യ കഥാപാത്രങ്ങളായി ഒരു സ്ത്രീയടക്കം പതിമൂന്ന് കഥാപാത്രങ്ങളായിരുന്നു അതിലേത്. കഥാരചന ഗാനങ്ങള്‍, മേക്കപ്പ് മാന്‍ മുതല്‍ ശബ്ദവും വെളിച്ചവും വരെ കൊങ്കണി പങ്കാളിത്തത്തിലുള്ള സംഗീതാത്മക നാടകമായിരുന്നു അത്. തുടര്‍ന്ന് ജി.എസ്.ബിക്കൊപ്പം വൈശ്യ വാണിയ സമൂഹവും കുഡുംബി സമുഹവും കൊങ്കണി ഭാഷ നാടകങ്ങള്‍ക്കൊപ്പം പ്രേക്ഷകരുടെ മനമറിഞ്ഞുള്ള വിഷയാവതരണവുമായി മുന്നേറ്റം നടത്തി. കൊച്ചിയില്‍ നിന്ന് കൊങ്കണി നാടകങ്ങള്‍ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ദേശങ്ങളിലെ വേദികളിലുമെത്തി. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ കൊങ്കണി ഭാഷാ നാടകങ്ങള്‍ അതിരുകള്‍ താണ്ടി ഗോവയിലും, ബാംഗ്ലുരിലുമുള്ള മത്സരവേദികള്‍ വരെ കയ്യടക്കി.
പുരാണനാടകങ്ങളും സാമൂഹിക നാടകങ്ങളും അരങ്ങ് കീഴടക്കുമ്പോഴും നടനകലയുടെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ കൊങ്കണി നാടകങ്ങള്‍ മികവു പുലര്‍ത്തുന്നുണ്ട്. കലാ സാഹിത്യ അക്കാദമികളിലും പൊതുകേന്ദ്രങ്ങളിലും അവഗണനയും വിലക്കുകളുമായിരുന്ന കൊങ്കണി നാടകങ്ങളുടെ അരങ്ങേറ്റ വേദികളൊരുക്കിയത് ക്ഷേത്ര ഉത്സവകാലങ്ങളിലായിരുന്നു. അഞ്ചര പതിറ്റാണ്ടു നീണ്ട കൊങ്കണി നാടകമേഖലയില്‍ നിന്നും 300ലേറെ നാടകങ്ങള്‍ ഇതിനകം വേദികളിലെത്തിയതായാണ് പറയപ്പെടുന്നത്. മുതിര്‍ന്ന കലാകാരന്മാര്ക്കൊപ്പം കുട്ടികളുടെതായ കൊങ്കണി നാടകങ്ങളും, നൃത്ത-ഗാന-ശൈലിയിലുള്ള കഥാവതരണത്തിന്റെ (ബാലെ ശൈലി) നാടകങ്ങളും കൊങ്കണി ഭാഷയിലവതരിപ്പിച്ചു കഴിഞ്ഞു. ആസ്വാദകവൃന്ദങ്ങളുടെ താല്പ്പര്യങ്ങളുള്ക്കൊണ്ട് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള തെരുവുനാടകങ്ങള്‍ മുതല്‍ യുടൂബ് നാടകങ്ങള്‍ വരെ കൊങ്കണി ഭാഷയിലെത്തിക്കഴിഞ്ഞു. നടനകലയുടെ വൈവിധ്യതയും മാറുന്ന സാമൂഹിക മാറ്റങ്ങളും ഇന്ന് കൊങ്കണി നാടകവേദികളിലുണ്ട്.
സ്ത്രീകളടക്കം 700ലേറെ അഭിനേതാക്കളും സംവിധാനം, കഥാരചന, മേക്കപ്പ്, ഗാനരചന, ആലാപനം, വാദ്യമേളങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 400ലേറെ അണിയറ പ്രവര്‍ത്തകരും കൊങ്കണി നാടക രംഗത്തുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആധുനിക സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ യുഗത്തിന്റെയും മാറ്റങ്ങളുള്‍ക്കൊണ്ട് നാടക വേദികളെ സമ്പന്നമാക്കുന്നതില്‍ കലാകാരന്മാരും അണിയറക്കാരും പരിശ്രമിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നില്ല.
ഭാഷാ ന്യൂനപക്ഷത്തിന്റെ കലാസാംസ്കാരിക സാഹിത്യരചനകളുടെ വളര്ച്ചകളില് കൊങ്കണി നാടകാവതരണകലയുടെ സംഭാവനകള്‍ അവിസ്മരണീയമാണ്. ഗോവയില്‍ നിന്ന് പലായനത്തില്‍ മലയാളക്കരയിലെത്തിയ കൊങ്കണി സമൂഹം മലയാള ഭാഷാ കലാമൂല്യങ്ങള്‍ക്ക് നല്കിയ സംഭാവനകളിലൊന്നാണ് കൊങ്കണി നാടകം. തമിഴ് നാടക വേദികളുടെയും കര്‍ണ്ണാടകയിലെ യക്ഷഗാന ശൈലിയെയും കോര്‍ത്തിണക്കിയുള്ള ആദ്യകാല നാടകാവതരണത്തില്‍ നിന്ന് കാലാനുസൃതമായ സാമൂഹികമാറ്റങ്ങളും സാങ്കേതികതയും ശൈലിയുമുള്ക്കൊണ്ട് കൊങ്കണി നാടക രംഗം മുന്നേറുകയാണ്. അരനൂറ്റാണ്ടിന്റെ കൊങ്കണി നാടക ചരിത്രമുന്നേറ്റത്തില്‍ ഗോപാലകൃഷ്ണപ്രഭു (ഗോപാളി), സുഭാഷ്, ശിവദാസമല്ല്യ, കൃഷ്ണറാവു, ജെ. കൃഷ്ണ പ്രഭു, വി.വി. നായ്ക്ക്, നാരായണ പൈ (നന്ദിമാം), ഡി. വാസുദേവ പൈ, ബാലകൃഷ്ണ ഭട്ട്, രാംദാസ് പൈ എന്‍. ബാലകൃഷ്ണ ഭട്ട് എന്നിവരടങ്ങുന്ന ഒട്ടേറെ പേര് സ്മൃതികളിലെത്തുകയാണ്.
നടനകലയിലെ സകലകലാവല്ലഭന്
കൊങ്കണി നാടകവേദിയില്‍ അന്‍പതിന്റെ നിറവിലാണ് കൊങ്കണി നാടക കലാകാരന് എല്‍.കൃഷ്ണ ഭട്ട്. നാടകവേദിയിലെ സകലകലാവല്ലഭന്. കൊച്ചി ടി.ഡി.ക്ഷേത്രത്തിലെ പൂജാരിയാണ് കൃഷ്ണഭട്ട്. നാടകരംഗത്ത് ഇദ്ദേഹത്തോടൊപ്പം അഭിനേത്രിയായി ഭാര്യ സുപ്രഭയുമുണ്ട്. 1972 ആഗസ്റ്റില്‍ ‘വേസ്ത്ത് നത്തില്ലി വര്‍ഡിക്ക്’ എന്ന നാടകത്തിലുടെ ബാലതാരമായി അരങ്ങേറ്റം. വീടിന്റെ മട്ടുപ്പാവില്‍ വി.വി.നായ്ക്കിന്റെ നാടക റിഹേഴ്സല്‍ കാണുന്നതിനിടെ വീണു കിട്ടിയ അവസരം. അച്ഛന് പരേതനായ ലക്ഷ്മീ നാരായണ ഭട്ടിനൊപ്പം ക്ഷേത്ര പൂജാ സഹായിയാകുമ്പോഴും നാടക വേദികളില്‍ ചെറുവേഷങ്ങള്‍. തുടര്‍ന്ന് കഥാരചന, ഗാനരചന, ആലാപനം, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളില്‍ സജീവ സാന്നിധ്യം. മുഖ്യകഥാപാത്രം മുതല്‍ സ്ത്രീവേഷങ്ങളും അവതരിപ്പിച്ചു. സ്വന്തമായി രണ്ടു കലാക്ഷേത്ര ട്രൂപ്പുകള്‍ ഇതിനകം 56 നാടകങ്ങളിലായി 80 വേദികള്‍, 50 നാടക സംവിധാനം, 150 ഗാനങ്ങള്‍, 40 കഥാ രചനകള്‍, കൊങ്കണി നാടക മേഖലയില്‍ പ്രഥമ ഡിജിറ്റല്‍ അടിസ്ഥാന നാടകാവതരണം… കൃഷ്ണ ഭട്ടിന്റെ നാടക സംഭാവന പട്ടിക നീളുന്നു. ഗോവ, ബാംഗ്ലൂര്‍, തിരുവനന്തപുരം, തുറവൂര്‍ തുടങ്ങിയിടങ്ങളിലെ മത്സരവേദികളിലടക്കം നാടകാവതരണം. പുരാണങ്ങള്‍ക്കൊപ്പം സാമൂഹിക പ്രാധാന്യമുള്ളവയാണ് കൃഷ്ണഭട്ടിന്റെ നാടകരചനകള്‍.
ആദ്യകാല കൊങ്കണി നാടക താരങ്ങള്‍
കൊച്ചിയില്‍ കൊങ്ങണി നാടക വേദിയൊരുക്കിയ ആദ്യകാല കലാകാരന്മരില് പ്രമുഖരാണ് വി.ലക്ഷമണപ്രഭു, കെ. അനന്തഭട്ട് എന്നിവര്‍. കൊച്ചിയില്‍ അരങ്ങേറിയ പ്രഥമ നാടകം വീരപാണ്ഡ്യകട്ടബൊമ്മനില്‍ പ്രധാന വേഷങ്ങളിലൂടെയാണിവരുടെ അരങ്ങേറ്റം. മൂന്ന് സ്റ്റേജുകളില്‍ ഈ നാടകം അരങ്ങേറി. തൊഴില്‍ സംബന്ധിച്ചുള്ള യാത്രകളിലും ഇവര്‍ നാടക പ്രചാരണങ്ങളില്‍ ശ്രദ്ധാലുക്കളായിരുന്നു. വി. ലക്ഷമണ പ്രഭു തുടര്‍ന്ന് ഭക്തധ്രുവ, ഭക്ത മാര്‍ക്കണ്ഡേയ, ഭക്തപ്രഹഌദ തുടങ്ങി മൂന്ന് നാടകങ്ങളില്‍ അഭിനയിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നാടകഗാനരചനയിലും കഥാരചനയിലും ശ്രദ്ധേയനായി. നാടക മേഖലയിലെ മാറ്റങ്ങള്‍ സമൂഹിക പരിവര്‍ത്തനത്തിന്റെ പ്രതിഫലനമാണന്ന് ലക്ഷ്മണ പ്രഭു പറഞ്ഞു. ഇപ്പോള്‍ കൊച്ചിയില്‍ വിശ്രമജീവിതത്തിലാണ്. കൊങ്കണി ഗാനരചനയില്‍ ഏറെ തല്‍പ്പരനാണ് കെ. അനന്തഭട്ട്. സ്കൂള്‍ പഠനവേളയില്‍ സംസ്കൃത നാടകങ്ങളിലഭിനയിച്ച അദ്ദേഹം കണ്ണൂരില്‍ നടന്ന ഭക്തപ്രഹഌദ നാടകത്തില്‍ ഗാനരചന നടത്തിയിട്ടുണ്ട്. കൊച്ചിയിലെ പ്രഥമ നാടകം വീര പാണ്ഡ്യ കട്ടബൊമ്മന്, അജാമിള ചരിതം. ഭക്ത മാര്‍ക്കണ്ഡേയ തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് കൊങ്കണി ഭാഷാ ഗാനരചനയും ഇതര ഭാഷാ രചനകള്‍ മൊഴിമാറ്റവും നടത്തിയിട്ടുമുണ്ട്. തുളസിദാസ രാമായണം കൊങ്കണിയില്‍ മൊഴിമാറ്റം നടത്തി ശ്രദ്ധേയനായി. 30 ലേറെ നാടക ഗാനങ്ങള്‍ എഴുതിയ അനന്തഭട്ട് 300ലേറെ കൊങ്കണിഭാഷാ ഗാനങ്ങളും എഴുതിയിട്ടുണ്ട്. പ്രായം മറന്ന് ഇന്നും ഗാനരചനയിലാണ് അനന്തഭട്ട്.
കൊങ്കണി നാടകവേദിയിലെ കൊമേഡിയന്‍
കൊങ്കണി നാടകവേദിയിലെ രസികന്‍ താരം ബാബു എന്ന നാരായണ ഷേണായ് നടനവേദിയില് അന്‍പത് പിന്നിടുകയാണ്. ജീവിതത്തിലെ കഷ്ടപ്പാടിനിടയില്‍ ജോലിസ്ഥലത്ത്വച്ചുള്ള ക്ഷണമാണ് നാരായണ ഷേണായിയെ നാടകനടനാക്കിയത്. 1972 ല്‍ ‘ആശനത്തില്ലോ മനുഷ്യൂ’ (ആശയില്ലാത്ത മനുഷ്യന്) എന്ന നാടകത്തിലുടെയാണ് അരങ്ങേറ്റം. ദേവു സാക്ഷി, ജഗലേ വേല് ഹനുമന്ത് തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ഗൗരവ കഥാപാത്രങ്ങളെക്കാള്‍ ഹാസ്യ കഥാപാത്രങ്ങളാണ് ഷേണായ് തിരഞ്ഞെടുക്കുന്നത്. ഇതിനകം 75 ലേറെ നാടകങ്ങളിലായി 130ലേറെ വേദികള്‍ പിന്നിട്ടു. വയോധികന്, മാനസിക വൈകല്യമുള്ളയാള്, പോലീസ്, കുടുംബനാഥന്, സിഐഡി, വീട്ടുജോലിക്കാരന് തുടങ്ങി വിവിധവേഷങ്ങളിലെത്തുന്ന ഷേണായ് പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന കൊമേഡിയന്‍ താരമാണ്. ഗോവ, ബാംഗ്ലൂര്‍, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയിടങ്ങളിലെ നാടക വേദികളിലെത്തിയ നാരായണഷേണായിയെ ഡോ. എസ്.ആര്. റാവു സമ്മാന്‍ നല്കി ആദരിച്ചിരുന്നു. റിലീസാകാത്ത കൊങ്കണി സിനിമയില്‍ നാരായണ ഷേണായ് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: