ന്യൂദല്‍ഹി: നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകളായി തുടരുന്ന അസ്വസ്ഥതകള്‍ക്ക് അന്ത്യം വന്നതോടെ ആംഡ് ഫോഴ്സ് സ്പെഷ്യല്‍ പവേഴ്സ് ആക്റ്റിന് (അഫ്സ്പ) കീഴിലുള്ള പ്രദേശങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
മുന്‍കൂര്‍ വാറന്റുകളില്ലാതെ എവിടെയും ഓപ്പറേഷന് നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമമാണ് അഫ്സ്പ. മാര്‍ച്ച് 1ന് അസം സര്‍ക്കാര്‍ അഫ്സ്പ നിയമം ആറ് മാസത്തേക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം നീട്ടിയിരുന്നു.
കലാപം അവസാനിപ്പിക്കാനും വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വതമായ സമാധാനം കൊണ്ടുവരാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ ശ്രമങ്ങളുടെയും നിരവധി കരാറുകളുടെയും ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യത്തിന്റെയും അതിവേഗ വികസനത്തിന്റെയും ഫലമാണ് അഫ്സ്പയ്ക്ക് കീഴിലുള്ള പ്രദേശങ്ങള്‍ കുറച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന നമ്മുടെ വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും അഭൂതപൂര്‍വമായ വികസനത്തിന്റെയും ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുന്നു.’
വിഘടന ശക്തികളുടെ അടക്കം ആക്രമണങ്ങളെ തുടര്‍ന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏഴ് സംസ്ഥാനങ്ങളില്‍ അഫ്സപ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് വിഘടന ശക്തികളെ കൊണ്ട് ആയുധം താഴെ വയ്പ്പിക്കാന്‍ നിരന്തര ശ്രമം നടന്നിരുന്നു. അതിപ്പോള്‍ വിജയം കണ്ടതിനെ തുടര്‍ന്നാണ് നിയമത്തിന്റെ കീഴിലുള്ള പ്രദേശങ്ങളുടെ എണ്ണം വെട്ടിക്കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: