ചൈനയിൽ നിന്നുള്ള കടന്നു കയറ്റ ഭീഷണി അമേരിക്കൻ ഐക്യ നാടുകൾക്കും ലോകത്തിനു തന്നെ പ്രത്യക്ഷത്തിൽ പ്രകടവും നാൾക്കുനാൾ വിനാശകരവുമായി മാറിക്കൊണ്ടിരിക്കുകയാണെണ് അമേരിക്കൻ കുറ്റാന്വേഷണ വകുപ്പായ എഫ്ബിഐയുടെ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ 2022 ജനുവരിയിൽ വെളിപ്പെടുത്തുകയുണ്ടായി. 2021ൽ ഗൽവാൻ താഴ്‌വരയിൽ ചൈന നടത്തിയ കടന്നു കയറ്റം മുൻ നിർത്തി പരിശോധിക്കുകയാണെങ്കിൽ ഇത് സത്യമാണെന്നു സ്ഥാപിക്കാനാകും. ഇന്ത്യയുടെ അതിർത്തികൾ വഴി കടന്നു കയറ്റമാണ് ചൈന നടത്തുന്നതെങ്കിൽ അമേരിക്കയുടെ കാര്യത്തിൽ അത് സൈബർ-വ്യാപാര മേഖലയിലാണെന്നതാണ് വ്യതാസം.
അമേരിക്കൻ ബൗദ്ധികസ്വത്തവകാശങ്ങളും ഗവേഷണ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ചൈന മോഷ്ടിച്ചതായി എഫ്ബിഐയുടെ അന്വേഷണങ്ങളിൽ തെളിയുകയുണ്ടായി. ചൈനീസ് ആർമിയുടെ നേതൃത്വത്തിൽ അമേരിക്കയും, ഇന്ത്യയും പോലുള്ള ലോകശക്തികളെ പ്രതിരോധത്തിലാക്കാനായി വൻ തോതിലുള്ള ഹാക്കിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതായി പെന്റഗൺ 2021ലെ പ്രതിരോധ റിപ്പോർട്ടിലൂടെ പുറത്തുവിടുകയുണ്ടായി. അമേരിക്കയുടെ ആശയ നൂതനത്വത്തിനും സാമ്പത്തിക സുരക്ഷയ്‌ക്കും ചൈനയേക്കാൾ വലിയ ഭീഷണി ഉയർത്തുന്ന മററൊരു രാജ്യം ലോകത്തില്ല എന്നാണ് ആ റിപ്പോർട് വ്യക്തമാക്കിയത് .
സാമ്പത്തിക മത്സരക്ഷമത നിലനിർത്തുന്നതിനും രാഷ്‌ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ഗവേഷണ രഹസ്യങ്ങൾ, പേറ്റന്റുകൾ, ബൗദ്ധിക സ്വത്തുകൾ എന്നിവ ചൈന അപഹരിക്കുന്നു.2016-നും 2019-നും ഇടയിൽ, ചൈനയുടെ ആഭ്യന്തര സുരക്ഷാ മന്ത്രാലയം നൂറുകണക്കിന് വ്യാപാരസംബന്ധ മോഷണങ്ങൾ നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 1996-ലെ അമേരിക്കൻ സാമ്പത്തിക ചാരവൃത്തി നിയമത്തിന് കീഴിൽ സമർപ്പിച്ച കുറ്റാരോപണങ്ങളിൽ പകുതിയിലധികം കേസുകളും ചൈനയെ സംബന്ധിച്ചവയാണ്. സ്വതന്ത്ര ഗവേഷകനായ നിക്കോളാസ് എഫ്റ്റിമിയാഡ്‌സിന്റെ അഭിപ്രായത്തിൽ, 2018-ൽ ചൈനീസ് സാമ്പത്തിക ചാരപ്രവർത്തനങ്ങൾക്ക് മൂലം അമേരിക്കൻ സാമ്പത്തിക രംഗത്ത് 320 ബില്യൺ ഡോളർ നഷ്ടമുണ്ടായി. 2018-ൽ അമേരിക്കയിൽ രേഖപ്പെടുത്തിയ ബൗദ്ധിക സ്വത്ത് മോഷണത്തിന്റെ 80 ശതമാനം കേസുകളിലും കുറ്റക്കാരെന്ന് തെളിഞ്ഞത് ചൈനയും അതിനു നേതൃത്വം കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ്.
ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളുടെ ദേശീയ സുരക്ഷയും പ്രതിരോധവും തകർക്കാൻ ചൈന സൈബർ-സാമ്പത്തിക ചാരവൃത്തി ഉപയോഗിക്കുന്നു. ഇങ്ങനെ മോഷ്ടിച്ചെടുക്കുന്ന ബൗദ്ധിക സ്വത്തുപയോഗിച്ചുനൂതന യുദ്ധോപകരണ രൂപകൽപ്പനയിലും ഡ്രോൺ സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വില കുറഞ്ഞ ഉപകരണങ്ങൾ മൂന്നാം ലോക രാജ്യങ്ങൾക്ക് വിലക്കിഴിവിൽ വിൽക്കുകയും അത് വഴി ചൈന സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിനെ പ്രതിരോധിക്കാൻ പാക്കിസ്ഥാൻ ചൈനയുടെ പക്കൽ നിന്നും വാങ്ങിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത എത്രയുണ്ടെന്ന് ഈയിടെ നമ്മൾ എല്ലാം അറിഞ്ഞതാണ്.
ചൈനയുടെ നീചമായ ഈ പ്രവർത്തി യഥാർത്ഥ ഉപകരണ നിർമ്മാതാക്കൾക്ക് നാശം വരുത്തിവയ്‌ക്കും. കാരണമെന്തെന്നാൽ അമേരിക്ക പോലെയുള്ള രാജ്യങ്ങൾ കോടിക്കണക്കിനു ധനം ചിലവഴിച്ചാണ് നവീനമായ സാങ്കേതിക വിദ്യകൾ ഗവേഷണം നടത്തിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഗവേഷണ ഫലങ്ങൾ ചുളുവിൽ അടിച്ചുമാറ്റിയെടുത്തു വിലകുറഞ്ഞ പതിപ്പുകൾ നിർമിക്കുക എന്നത് ചൈനയുടെ ലക്ഷ്യമാണ്. ഈയിടെയ്‌ക്കു ചൈനയിൽ നിർമിച്ച റോൾസ് റോയ്‌സ് കാറിന്റെ വ്യാജ പതിപ്പ് സാമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചൈനയുടെ ഈ ദുഷ് പ്രവണതയ്‌ക്ക് പ്രതികരണമെന്ന നിലയിൽ, സാമ്പത്തിക ചാരവൃത്തി കണ്ടെത്തുന്നതിനും ചെറുക്കുന്നതിനുമായി അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നുണ്ട്. ഇന്ത്യ ഉൾപ്പെട്ട ക്വാഡ് പോലെയുള്ള സഖ്യങ്ങൾ ഇതിനു ഉദാഹരണമാണ്.
സ്വതന്ത്ര സൈബർ-സാമ്പത്തിക ഗവേഷക കാതറിൻ ലോട്രിയോന്റെ അഭിപ്രായത്തിൽ, ചൈനീസ് സാമ്പത്തിക ചാരവൃത്തിയുടെ അനന്തരഫലമായി യുഎസിനുണ്ടായ ദോഷം സാമ്പത്തിക നഷ്ടത്തിൽ മാത്രം ഒതുങ്ങുന്നവയല്ല . അതിനോടൊപ്പം തന്നെ മാനുഷിക മൂല്യങ്ങളും അന്താരാഷ്‌ട്രവ്യാപാര ചട്ടങ്ങളും ലംഘിക്കപ്പെടുന്ന അവസ്ഥയും സംജാതമായി. സാമ്പത്തിക ചാരപ്രവർത്തനം സംരംഭകരുടെ ബിസിനസ് ഗവേഷണ കഴിവുകളെയും അതിന്റെ വളർച്ചയ്‌ക്കുള്ള പ്രോത്സാഹനത്തെയും അപകടത്തിലാക്കുന്നു, ആഗോള വ്യാപാര വ്യവസ്ഥയ്‌ക്ക് അടിവരയിടുന്ന തത്വങ്ങളും ചൈനയുടെ ചതിയിൽപെട്ട് താറുമാറാകുന്നു . അധാർമ്മികമായ വ്യാപാര സമ്പ്രദായങ്ങളെ ചൈന സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടി വളർത്തുന്നു. ചൈനയുടെ സൈബർ ആക്രമണങ്ങൾക്കെതിരെ പോരാടാൻ അമേരിക്കൻ ഗവൺമെന്റിനോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളെയും അനുവദിക്കുന്നത്, സൈബർ -സാമ്പത്തിക ചാരപ്രവർത്തനം അവസാനിപ്പിക്കാൻ കൂടുതൽ ഫലപ്രദമാകുമെന്ന് ചില വിദഗ്ദർ കരുതുന്നു.
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിഷ്കർഷിക്കുന്ന ന്യായമായ വ്യാപാര മാനദണ്ഡങ്ങൾ മുൻനിർത്തി സാമ്പത്തിക ചാരവൃത്തിക്ക് ചൈനയ്‌ക്കെതിരെ കേസെടുക്കുന്നതിലും ഈയിടയായി അമേരിക്ക കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സൈബർസ്‌പേസിലെ ചൈനീസ് അധിനിവേശത്തെ എതിർക്കുന്നതിന്,’ഡിഫെൻഡിങ് ഫോർവേഡ്’എന്ന അസാധാരണമായ ആക്രമണാത്മക സൈബർ തന്ത്രം അമേരിക്ക രൂപകല്പന ചെയ്തു. പുലിയെ അതിന്റെ മടയിൽ പോയി കൊല്ലുക എന്ന തന്ത്രമാണിത്. ചൈനീസ് ഹാക്കർമാരുടെ ഗൂഢതന്ത്രങ്ങളെ അവരുടെ ഉറവിടത്തിൽ വെച്ചുതന്നെ പ്രതിരോധിക്കാനും അവരുടെ ഹാക്കിങ് നെറ്റ്‌വർക്കുകളും മറ്റു സങ്കേതങ്ങളും തുറന്നുകാട്ടാനുമാണ് ഈ സമീപനം ഉദ്ദേശിക്കുന്നത്.കൂടാതെ, സൈബർ ചാര പ്രവൃത്തി നടത്തി സാമ്പത്തിക ലാഭം കൊയ്യുന്ന ചൈനീസ് സംരംഭങ്ങൾക്ക് പിഴ ചുമത്താനും അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് . അമേരിക്കൻ ഡാറ്റ സ്റ്റോറേജ് കമ്പനിയായ മൈക്രോണിൽ നിന്ന് വിവര സാങ്കേതിക വിദ്യ മോഷ്ടിക്കാൻ ചാരന്മാരെ നിയഗിച്ചത് കാരണം ചൈനീസ് സർക്കാരിന് കീഴിലുള്ള ചിപ്പ് നിർമ്മാണ സ്ഥാപനമായ ഫ്യുജിയാൻ ജിൻഹുവയ്‌ക്ക് സാങ്കേതികവിദ്യ വിൽക്കുന്നത് അമേരിക്കൻ വാണിജ്യ മന്ത്രലയം തടയുകയുണ്ടായി. ലോകത്തിലെ നിരവധി ഇൻഫർമേഷൻ ടെക്‌നോളജി സ്ഥാപനങ്ങൾക്കായി ബാക്കെൻഡ് ടെക്‌നോളജി ഹോസ്റ്റ് ചെയ്യുന്നതിനാൽ, ചൈനീസ് നുഴഞ്ഞുകയറ്റത്തിനെതിരെ പ്രതിരോധിക്കാൻ ഇന്ത്യൻ സ്ഥാപനങ്ങളും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: