അവിശ്വാസം നേരിടുന്ന ഇമ്രാന് ഖാന് രാജിവെച്ചൊഴിഞ്ഞാല്‍ ആരാകും പാകിസ്ഥാന്റെ പ്രധാനമന്ത്രി എന്നതിന് ഏകദേശം ഉത്തരം ലഭിച്ചുകഴിഞ്ഞു. നിലവിലെ പ്രതിപക്ഷ നേതാവും പാകിസ്ഥാന് മുസ്ലീം ലീഗ് – നവാസ് വിഭാഗം നേതാവുമായ ഷെഹബാസ് ഷെരീഫിനാണ് ഏറ്റവും സാധ്യത. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ് ഷെരീഫ്. പാകിസ്ഥാന് മുസ്ലീം ലീഗ് – നവാസ് ഷെരീഫ് വിഭാഗത്തിന്റെ അധ്യക്ഷമനായും പഞ്ചാബ് മുഖ്യമന്ത്രിയുമായി ഷെഹബാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷയും നവാസിന്റെ മകളുമായ മറിയം ഷെരീഫിനെ ഷെഹബാസിന്റെ പിന്‍ഗാമിയായി കൊണ്ടുവരാനാണ് ശ്രമം. ഇമ്രാനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പ്രധാന നേതൃസ്ഥാനത്ത് തന്നെ മറിയത്തെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.
എംക്യുഎംപിയുമായുള്ള സഖ്യം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് പിപിപി ചെയര്മാന് ബിലാവല്‍ ബൂട്ടോ സര്‍ദാരി പറഞ്ഞു. പാകിസ്ഥാന് സംയുക്ത പ്രതിപക്ഷ സഖ്യത്തിന് ഇപ്പോള്‍ 177 അംഗങ്ങളുടെ പിന്തുണയായി. എംക്യുഎംപി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ ഇമ്രാന് സര്‍ക്കാരിന് 164 അംഗങ്ങളുടെ പിന്തുണയേയുള്ളു. 342 അംഗങ്ങളാണ് ദേശീയ അസംബ്ലിയിലുള്ളത്. ഭൂരിപക്ഷത്തിന് 172 അംഗങ്ങളാണ് വേണ്ടത്. എംക്യുഎംപി ഉള്‍പ്പെടെ നേരത്തെ 179 അംഗങ്ങളാണ് ഇമ്രാന് സര്‍ക്കാരിനുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 164 ആയി ചുരുങ്ങിയത്.
നേരത്തെ, പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞിരുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ഇന്ന് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം ഖാന് സൂരി അറിയിച്ചിരുന്നു. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അങ്ങനെയെങ്കില്‍ ഇന്നോ ഏപ്രില്‍ മൂന്നിനോ വോട്ടെടുപ്പ് നടക്കണം. ഇതിനിടയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇമ്രാന് രാജിവച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: