ന്യൂദല്‍ഹി: ആസാം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ്മയും മേഘാലയ മുഖ്യമന്ത്രി കൊണ്‍റാദ് കെ സാങ്മയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചത് ചരിത്ര കരാര്‍. അരനൂറ്റാണ്ടത്തെ അതിര്‍ത്തി തര്‍ക്കങ്ങളാണ് ഇരുസംസ്ഥാനങ്ങളും പരിഹരിച്ചത്. ആസാം-മേഘാലയ അതിര്‍ത്തിയിലുള്ള ആറു പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കരാറോടെ പരിഹാരമായി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവും വിഘടനവാദ സംഘടനകളെ സമാധാന പാതയിലെത്തിക്കുന്ന നടപടികളും അമിത് ഷാ അതിവേഗത്തിലാണ് പൂര്‍ത്തിയാക്കുന്നത്. സമാധാനപരവും ശോഭനവുമായ വടക്കുകിഴക്കന്‍ മേഖല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് കരാറെന്ന് അമിത് ഷാ പ്രതികരിച്ചു.
ആറിടങ്ങളിലായി 36 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് തര്‍ക്കത്തില്‍ നിലനിന്നിരുന്നത്. പ്രദേശത്തെ ഏകദേശം തുല്യമായിത്തന്നെ ഇരുസംസ്ഥാനങ്ങളും കരാര്‍ പ്രകാരം പങ്കിട്ടു. 70ശതമാനം അതിര്‍ത്തി പ്രശ്നങ്ങള്‍ക്കാണ് കരാറോടെ പരിഹാരമായത്. വടക്കുകിഴക്കന്‍ മേഖലാ പുനസംഘടനാ നിയമം 1971ന്റെ ഭേദഗതി പാര്‍ലമെന്റിലും ഇരുസംസ്ഥാന നിയമസഭകളിലും ഉടന്‍ തന്നെ പാസാക്കും. 1972ല്‍ മേഘാലയയെ ആസാമില്‍ നിന്ന് വിഭജിച്ചതു മുതലുള്ള തര്‍ക്കത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: