ന്യൂഡൽഹി : കശ്മീരിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറയും വരെ ബിജെപി-യുവമോര്‍ച്ചാ പ്രതിഷേധം തുടരുമെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും എംപിയുമായ തേജസ്വി സൂര്യ. ബുധനാഴ്ച അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുൻപിൽ നടന്ന പ്രതിഷേധ സമരത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ. ബുധനാഴ്ചത്തെ സമരത്തില്‍ പൊലീസ് ബാരിക്കേഡ് ലംഘിക്കാന്‍ മുന്‍പന്തിയില്‍ തേജസ്വി സൂര്യയും ഉണ്ടായിരുന്നു. തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധസമരം രണ്ട് പൊലീസ് ബാരിക്കേഡുകള്‍ ലംഘിച്ച് കെജ്രിവാളിന്റെ വീടിന്റെ വാതില്‍ക്കലോളം എത്തിയിരുന്നു.
കശ്മീര്‍ പണ്ഡിറ്റുകളെ ഇസ്ലാമിക തീവ്രവാദികള്‍ കശ്മീര്‍ താഴ് വരയില്‍ വംശഹത്യ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്നുകാട്ടിയ “കശ്മീര്‍ ഫയല്‍സ്” എന്ന ചിത്രത്തിന് നികുതി ഇളവ് നല്‍കണമെന്ന് പ്രതിപക്ഷം ദല്‍ഹി നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിഷേധിക്കുക മാത്രമല്ല, വേണമെങ്കില്‍ സിനിമ യൂട്യൂബില്‍ അപ് ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാമല്ലോ എന്ന് കൂടി പറഞ്ഞ് ഇതിനെ അപമാനിക്കുകയായിരുന്നു കെജ്രിവാള്‍. കശ്മീര്‍ ഫയല്‍സ് വ്യാജനാണെന്നു കൂടി കെജ്രിവാള്‍ അപഹസിച്ചിരുന്നു. ഈ പരാമര്‍ശം കേട്ട് മറ്റ് ആംആദ്മി എംഎല്‍എമാര്‍ ഡെസ്കിലിടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പരിഹസിച്ചതിൽ കെജ്രിവാൾ നിരുപാധികം മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അതിനായാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രി മാപ്പ് പറയുന്നതുവരെ സമരം തുടരുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: