ചാത്തന്നൂര്‍: കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പിഎച്ച്സി സബ്സെന്റര്‍ ഉദ്ഘാടനത്തിലേക്ക്. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാരിപ്പള്ളി പിഎച്ച്സിയുടെ ചിറക്കര-ഇടവട്ടം സബ് സെന്ററിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. കല്ലുവാതുക്കല്‍ പാറ ജംഗ്ഷനില്‍ പൂര്‍ത്തിയാക്കിയ ആധുനിക രീതിയിലുള്ള ഈ കെട്ടിടം ഉടന്‍ നാടിന് സമര്‍പ്പിക്കും. സബ്സെന്ററിന് കെട്ടിടം നിര്‍മിക്കാന്‍ ഭൂമി കണ്ടെത്താന്‍ അനവധി കടമ്പകളാണ് നേരിടേണ്ടിവന്നത്.
കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് കേന്ദ്രഫണ്ട് അനുവദിച്ച് കെട്ടിട നിര്‍മാണത്തിനുള്ള നടപടികളായത്. അതിന് വേണ്ടി കല്ലുവാതുക്കല്‍ പാറ ജംഗ്ഷനില്‍ ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്കില്‍ നിന്നും പഞ്ചായത്ത് കമ്മിറ്റിയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് ടിവി കിയോസ്ക് നില്ക്കുന്ന വസ്തുവില്‍ നിന്നും ഭൂമി ലഭിച്ചത്.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍ആര്‍എച്ച്എം) ഫണ്ടില്‍ നിന്നും 37.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ ഒരു വലിയ ഹാളും നാല് വലിയ മുറികളും രണ്ട് ശുചിമുറിയും ഒരു കാത്തിരിപ്പ് മുറിയും സജ്ജമാക്കി. നിര്‍മാണ പ്രവര്‍ത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ച് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് താക്കോല്‍ കൈമാറിയിട്ടുണ്ടെന്ന് എന്‍ആര്‍എച്ച്എം അധികൃതര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നയം അനുസരിച്ച് ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രമാണ്. നിലവില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 70000ലേറെയാണ്. ദേശീയ ആരോഗ്യനയം അനുസരിച്ച് 30000 ജനങ്ങള്‍ക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രമെന്നാണ്. എഴുപതിനായിരത്തിലേറെ ജനസംഖ്യ ഉള്ളതിനാല്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രം കൂടി അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യപ്രകാരം കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി കളക്ടര്‍ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
സ്വന്തം കെട്ടിടത്തിലേക്ക്
വര്‍ഷങ്ങളായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചു വന്ന സബ് സെന്റര്‍ കല്ലുവാതുക്കല്‍ ചിറക്കര ശാസ്ത്രി മുക്കിന് സമീപം നേതാജി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് കെട്ടിടത്തിന്റെ ഒരു ഭാഗത്തായി യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണിപ്പോള് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി ഭരിച്ച ഇടതുപക്ഷത്തിന്റെ അവഗണനയാണ് കെട്ടിടനിര്‍മാണം ഇത്രയും വൈകിച്ചത്. സ്വന്തം വാര്‍ഡായിട്ടും എംഎല്‍എയും അവഗണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: