ന്യൂഡൽഹി: ഗുജറാത്ത് മുൻ കോൺഗ്രസ് അധ്യക്ഷനും മുൻമന്ത്രിയുമായിരുന്ന ഭരത് സിംഗ് സോളങ്കി ഗാര്‍ഹിക പീഢനം നടത്തുന്നതായി ഭാര്യ പരാതി നല്‍കി. ഇതോടെ വീട് സന്ദർശിക്കുന്നതിന് ഭരത് സിംഗ് പൊലീസ് സംരക്ഷണമാവശ്യപ്പെട്ടിരിക്കുകയാണ്.
വീട്ടില്‍ വെച്ചിരിക്കുന്ന തന്റെ പാസ്പോർട്ടും മറ്റ് വിലപ്പെട്ട വസ്തുക്കളും പ്രധാനരേഖകളുമെടുക്കാന്‍ ഭരത്‌സിംഗ് പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ്. വീടു കയറി ആക്രമിച്ചു എന്ന രീതിയില്‍ ഭാര്യ പരാതി കൊടുക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസിന്‍ മുന്‍കൂറായി പരാതി നൽകിയത്.
ഗാർഹികപീഡന പരാതി നല്‍കിയതിനെ തുടർന്ന് ഭാര്യ രേഷ്മപട്ടേലുമായി ഇദ്ദേഹം വേർപിരിഞ്ഞു കഴിയുകയാണ് . ബൊർസാദ് കോടതിയിലാണ് ഭർത്താവിനെതിരെ രേഷ്മ പരാതി നൽകിയിരിക്കുന്നത്.
സോളങ്കി ഭാര്യയിൽ നിന്ന് വിവാഹമോചനത്തിന് ആവശ്യപ്പെട്ടെങ്കിലും ഭാര്യ രേഷ്മ പട്ടേൽ അത് നിഷേധിച്ചു. രേഷ്മ പട്ടേൽ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയശേഷം ബോർസാദിലെ വീട്ടിലാണ് താമസിക്കുന്നത്.
നേരത്തെ സോളങ്കി തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് വധഭീഷണി മുഴക്കി വീട്ടിൽ നിന്ന് പുറത്താക്കിയതിനാലാണ് വിദേശത്തേക്ക് പോയതെന്ന് രേഷ്മ പറഞ്ഞു. യുഎസിൽ ആയിരുന്നപ്പോൾ രേഷ്മ പട്ടേൽ ഭർത്താവിൽ നിന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയ്‌ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല.
തനിക്ക് ഭാര്യയുമായി ഒരു ബന്ധവുമില്ലെന്നും നാലുവർഷമായി വേർപിരിഞ്ഞാണ് താമസമെന്നും അവരുമായി നടത്തുന്ന സാമ്പത്തിക ഇടപാടിൽ തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും സോളങ്കി അവകാശപ്പെടുന്നു. എന്നാല്‍ ഭർത്താവ് കൊറോണ ബാധിതനായപ്പോൾ അദ്ദേഹത്തെ പരിചരിച്ചതായി രേഷ്മ പട്ടേല്‍ പറയുന്നു. കൊറോണ മോചിതനായ ശേഷം തന്നെ വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. രണ്ടുതവണ കോണ്‍ഗ്രസിന്റെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷനായിരുന്നു ഭരത്‌സിങ് സോളങ്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: