ജയ്പൂര്‍: രാജസ്ഥാനിലെ സരിസ്ക കടുവ സങ്കേതത്തിലുണ്ടായ വന്‍ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ വ്യോമസേനയുടെ സഹായം തേടി അധികൃതര്‍. അഗ്നി ബാധിത പ്രദേശത്തെ തീയണയ്ക്കാന്‍ രണ്ട് മി-17, വി5 ഹെലികോപ്റ്ററുകളാണ് വ്യോമസേന അയച്ചിരിക്കുന്നത്. പത്ത് ചതുരശ്ര കിലോമീറ്ററിലധികം വ്യാപ്തിയുള്ളതാണ് കാട്ടുതീയെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച വൈകിട്ടാണ് സരിസ്ക കടുവാ സങ്കേതത്തില്‍ തീപിടിത്തമുണ്ടായത്. ഇന്നലെയോടെ തീ നിയന്ത്രണാതീതമായതായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സുദര്ശന് ശര്‍മ്മ അറിയിച്ചു. തുടര്‍ന്നാണ് വ്യോമസേനയുടെ സഹായം തേടിയതെന്നും അദ്ദേഹം വ്യക്തമാക്തി. ഉയര്‍ന്ന പ്രദേശത്താണ് തീ ഏറ്റവും കൂടതല്‍ പടരുന്നതെന്നും അഗ്നിശമനസേനയ്ക്ക് ഇവിടേയ്ക്ക് ഉപകരണങ്ങള്‍ എത്തിക്കുന്നത് ബുദ്ധിമുട്ടായതിനാലുമാണ് വ്യോമസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 43 കിലോമീറ്റര്‍ അകലെയുള്ള സിലിസെര്‍ തടാകത്തില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് വ്യോമസേന ഹെലികോപ്റ്റര്‍ തീയണയ്ക്കുന്നത്.
അതേസമയം, ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലുള്ള എസ്ടി-17 എന്ന കടുവയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ആവാസ കേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടായത് അധികൃതര്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏതാണ്ട് ഇരുപതോളം കടുവകളാണ് സരിസ്കാ കടുവാ സങ്കേതത്തിലുള്ളത്. വനം ജീവനക്കാരും ഗ്രാമവാസികളും ഉള്‍പ്പെടെ 200ലധികം ആളുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: