കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച ദിലീപിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുകയായിരുന്നു.
കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കൂടി പോലീസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് ചോദിച്ച് അറിയുന്നതിനും സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ വ്യക്തത വരുത്തുന്നതിനുമായാണ് ചോദ്യം ചെയ്യുന്നത്.
ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ വധ ഗൂഡാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഈ കേസില്‍ ആറാം പ്രതിയാണ് ശരത്ത്.
നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികള്‍ കൂറു മാറിയ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും ദിലീപിനേട് ചോദ്യങ്ങളുണ്ട്. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണില്‍ നിന്ന് മായ്ച്ച വിവരങ്ങളില്‍ ചിലത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകള്‍ വെച്ചും തിങ്കളാഴ്ച്ചത്തെ മൊഴി വിലയിരുത്തിയുമുള്ള ചോദ്യം ചെയ്യലും തുടരുകയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപിന്റെ മൊഴിയില്‍ പറയുന്നത്. ഇക്കാര്യവും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും.
അതേസമയം ദിലീപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്നും കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചെന്നാണ് സൂചന. ഇതിന്റെ വിശദാംശങ്ങള്‍ക്കായാണ് ചൊവ്വാഴ്ച വീണ്ടും വിളിപ്പിച്ചത്. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും പോലീസ് ചോദ്യം ചെയ്യും. ശരത്തിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ആയിരിക്കും നടപടി. ഇതിനായി ക്രൈംബ്രാഞ്ച് സംഘം കാവ്യയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കും.
അതിനിടെ പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: