ചാത്തന്നൂര്‍: കുളമട-വേളമാനൂര്‍-പള്ളിക്കല്‍ റോഡിന് ശാപമോക്ഷം ഇനിയും അകലെ. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനത്തിന് മുന്‍പ് നണ്ടിര്മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട റോഡാണിത്. എന്നാല്‍ ഇന്ന് ജനങ്ങള്‍ക്ക് കാല്‍നട യാത്ര പോലും പറ്റാത്ത അവസ്ഥയിലായി.
റോഡ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത് മൂലം റോഡിന് ഇരുവശവും താമസിക്കുന്നവര്‍ ബുദ്ധിമുട്ടുകയാണ്. ശബരിമല ഫെസ്റ്റിവല്‍ വര്‍ക്ക് 2020-21 പദ്ധതി പ്രകാരം അഞ്ചു കോടി രൂപ അനുവദിച്ചിരുന്നതാണ്. പൊടിശല്യം കാരണം പലരും ശ്വാസം മുട്ടല്‍, അലര്‍ജി രോഗികളായി മാറി. റോഡ് നിര്‍മാണം പൂത്തിയാക്കാന്‍ ജനങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. കുളമട മുതല്‍ പള്ളിക്കല്‍ വരെ അഞ്ചര കിലോമീറ്റര്‍ നീളത്തില്‍ ഉള്ള റോഡ് നിര്‍മാണം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി.
നിര്‍മാണ പ്രവര്‍ത്തിയുടെ 70 ശതമാനം പോലും പൂര്‍ത്തിയാകാത്തത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. എസ്റ്റിമേറ്റ് പ്രകാരം 360 മീറ്റര്‍ ഓടയും വേളമാനൂരില്‍ താഴ്ന്ന പ്രദേശങ്ങളിലെ സൈഡ് വാള് നിര്‍മാണവും ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ല.
2021 മാര്‍ച്ചില്‍ കൈമാറിയ വര്‍ക്ക് സൈറ്റില്‍ ഒട്ടനവധി അപാകതകള്‍ ഉണ്ടെന്ന് ആരോപണം ഉയരുകയും ഇതിനെ തുടര്‍ന്ന് കുറച്ച് കാലം നിര്‍മാണ പ്രവര്‍ത്തികള്‍ നിലയ്ക്കുകയും ചെയ്തിരുന്നു. കാലവര്‍ഷ കെടുതികളും രൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപനവും, നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവും നിര്‍മാണ പ്രവൃത്തികളെ ബാധിച്ചതായി കരാറുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: