കോട്ടയം: എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന്റെ നൂറ്റിഅമ്പതാം ജയന്തി സമാഗതമാകുന്ന സമയത്ത് അദ്ദേഹത്തിന്റെ മണ്‍കുടിലിനു മുന്നില്‍ സാംസ്‌കാരിക വകുപ്പ് ലക്ഷങ്ങള്‍ മുടക്കി സിമന്റില്‍ തീര്‍ത്ത വികൃത ശില്‍പ്പം നീക്കണമെന്ന് ആവശ്യമുയരുന്നു. ആശാന്റെ വിഖ്യാത കാവ്യങ്ങളായ ദുരവസ്ഥയുടേയും ചണ്ഡാലഭിക്ഷുകിയുടേയും ശതാബ്ദിയും ഈ സമയത്താണ്.
ആശാന്റെ വ്യക്തിസ്വരൂപവും കാവ്യജീവിതവും കൂടുതല്‍ മിഴിവോടെ ജനഹൃദയങ്ങളിലെത്തിക്കേണ്ട സമയമാണിത്. സ്‌നേഹ ഗായകന്‍, സ്വാതന്ത്ര്യ ഗായകന്‍, വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം, സമുദായ നേതാവ്, സാമാജികന്‍, പത്രാധിപര്‍, വ്യവസായ സംരംഭകന്‍, നാരായണ ഗുരുവിന്റെ ചിന്നസ്വാമി ഇങ്ങനെയെല്ലാം വാഴ്‌ത്തപ്പെടുന്ന ആശാന്റെ പ്രതിഭയെയും വ്യക്തിസ്വരൂപത്തേയും തമസ്കരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നഗ്‌ന സ്ത്രീരൂപം ആശാന്റെ നായികാ സങ്കല്‍പ്പത്തെ ഒന്നാകെ അവഹേളിക്കുന്ന ചരിത്ര നിഷേധമാണെന്ന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.
ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം പ്രമേയവും പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: