കണ്ണൂര്‍: ഹൈന്ദവ സമൂഹത്തിന്റെ ആരാധനാമൂര്‍ത്തികളായ തെയ്യക്കോലങ്ങളെ രാഷ്‌ട്രീയ പ്രചരണത്തിനായി തെരുവില്‍ പ്രദര്‍ശിപ്പിച്ച് അവഹേളിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. തലശ്ശേരി ഇല്ലത്ത്താഴെ മണോളിക്കാവിലെ പ്രധാന തെയ്യക്കോലമായ ഘണ്ഠാകർണന്‍ തെയ്യക്കോലത്തെ തെരുവില്‍ പാര്‍ട്ടി പ്രചരണ ബോര്‍ഡിനൊപ്പം പ്രദര്‍ശിപ്പിച്ചത് തെയ്യത്തെയും ഹൈന്ദവ ആചാരത്തെയും എത്രത്തോളം അവഗണനയോടെയും അനാദരവോടെയുമാണ് സിപിഎം കാണുന്നത് എന്നതിന്റെ തെളിവാണ് പ്രകടമാക്കുന്നത്.
സമൂഹത്തെ മഹത്തായ പാരമ്പര്യത്തില്‍ ചേര്‍ത്തിണക്കി മൂല്യവത്തായ സങ്കല്‍പങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്തപ്പെടുന്നതിനായി തെയ്യ സംസ്‌കാരവും ആചാരവും നല്‍കി വരുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഇത്തരം മഹത്തായ മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയാതെ പോകുന്ന കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റുകള്‍ വിവേചന ചിന്തകളില്ലാതെ എല്ലാ സംസ്‌കാരത്തെയും മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ചവിട്ടിമെതിച്ച് ഇല്ലാതാക്കുന്ന തങ്ങളുടെ നെറികെട്ട നിലപാടിന്റെ തുടര്‍ച്ചയായാണ് ഇത്തരം നീക്കമെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ഹൈന്ദവസമൂഹത്തിന്റെ ആരാധനാ ബിംബങ്ങളെ അവഹേളിക്കുന്ന തെറ്റായ നിലപാടില്‍ നിന്ന് സിപിഎം പിന്തിരിയണമെന്ന് ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് പ്രദീപ് ശ്രീലകം, ജില്ല ജനറല്‍ സെക്രട്ടറി പി.വി. ശ്യാം മോഹന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: