കണ്ണൂര്‍: അഖിലേന്ത്യാ പണിമുടക്കിന്റെ പേരില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും മറ്റു വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളെയും ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി പാര്‍ട്ടി കോണ്‍ഗ്രസ്സ് മാമാങ്കത്തിന് സമ്മേളന ഹാള്‍ നിര്‍മ്മിക്കാന്‍ അറുപത്തിഅഞ്ചിലധികം തൊഴിലാളികളെ വെച്ച് പ്രവൃത്തി നടത്തിയ സിപിഎം നേതൃത്വത്തിന്റെ നടപടി ജനവഞ്ചനയാണെന്ന് ബിജെപി ജില്ലാ വൈസ്പ്രസിഡൻ്റ് പി.ആര്. രാജന് പ്രസ്താവനയില്‍ പറഞ്ഞു. കാലങ്ങളായി സിപിഎം നടത്തി വരുന്ന ജനവഞ്ചനകളുടെ തുടര്‍ച്ചയാണ് പണിമുടക്ക് ദിനത്തിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മ്മാണം.
തെരഞ്ഞെടുപ്പില്‍ കേന്ദ്ര സഹായങ്ങളും പദ്ധതികളും തങ്ങളുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വോട്ട് നേടിയതെങ്കില്‍ കെ റെയില്‍ വിഷയത്തിലും കള്ള പ്രചരണങ്ങള്‍ നടത്തി പാവപ്പെട്ടവന്റെ ഭൂമി കൈക്കലാക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ തൊഴില്‍ നഷ്ടപെട്ട വളരെ പാവപ്പെട്ട സ്പിന്നിങ്ങ് മില്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ എന്ന വ്യാജേന ചുളുവില്‍ ഒപ്പിച്ചെടുത്ത കന്റോണ്‍മെന്റ് ഭൂമിയില്‍ നായനാര്‍ അക്കാദമി എന്ന പേരില്‍ സകലമാനദന്ധങ്ങളെയും കാറ്റില്‍പ്പറത്തി കെട്ടിട സമുച്ചയം തന്നെ പണി തീര്‍ത്തു. അതിലൂടെ ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂഷണമല്ലാത്ത പ്രവര്‍ത്തനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ജനം സിപിഎമ്മിനെ അങ്ങേയറ്റം വെറുത്തു കഴിഞ്ഞു. വഞ്ചന അവസാനിപ്പിച്ച് സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: