ഡോ. എം.പി. പരമേശ്വരന്(ആണവ ശാസ്ത്രജ്ഞന്), ഡോ. എം.എ. ഉമ്മന്‍(ധനതത്വ ശാസ്ത്രജ്ഞന്), ഡോ. സി.ടി.എസ്. നായര്‍( പരിസ്ഥിതി ശാസ്ത്രജ്ഞന്), ജി. വിജയരാഘവന്( മാനേജ്മെന്റ് വിദഗ്ധന്‍), ഡോ. ആര്.വി.ജി. മേനോന്( പരിസ്ഥിതി ശാസ്ത്രജ്ഞന്), ഡോ. കെ.പി. കണ്ണന്(ഡെവലപ്മെന്റ് ഇക്കണോമിസ്റ്റ്), ഡോ. ഖദീജ മുംതാസ്(പ്രൊഫസര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്), ഡോ. കെ.ജി. ശങ്കരപ്പിള്ള( കവി) മാധ്യമ പ്രവര്‍ത്തകരായ ബി.ആര്.പി. ഭാസ്കര്‍, എം.കെ. ദാസ്, എം.ജി. രാധാകൃഷ്ണന് തുടങ്ങി നാല്പതോളം പേര് മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്ന തുറന്ന കത്ത് സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണം.
ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സില്‍വര്‍ലൈന്‍ എന്ന അര്‍ധ അതിവേഗ റെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിന് വിവിധ തരത്തില്‍ അപകടമാണെന്ന് ഈ മേഖലയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നവരെന്ന നിലയിലും ആശങ്കയുള്ള പൗരന്മാര് എന്ന നിലയിലും ഞങ്ങള്‍ ആത്മാര്‍ത്ഥമായി കരുതുന്നു.
പ്രധാനമായും ഉത്കണ്ഠപ്പെടുന്നത് രണ്ടു കാര്യങ്ങളിലാണ്. 1. കേരള സംസ്ഥാനത്തിന്റെ ദുര്‍ബലമായ സാമ്പത്തിക അവസ്ഥ. 2. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറിവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍. 2018ലും 2019ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങള്‍, 2020 മുതല്‍ തുടരുന്ന കൊവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങള്‍ എന്നിവ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതില്‍ നാം ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ സില്‍വര്‍ലൈന്‍ പോലെയുള്ള ഭീമമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പകരം നമ്മുടെ വികസന പരിഗണനാക്രമങ്ങള്‍ മാറ്റേണ്ടതുണ്ട്.
കൂടുതലായും വിദേശകടത്തേയും വിദേശ സാങ്കേതികവിദ്യയേയും ആശ്രയിച്ച് ഏകപക്ഷീയമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചര്‍ച്ചകളില്ലാതെ മുന്നോട്ടുപോകുന്നതില്‍ ഞങ്ങള്‍ തികച്ചും നിരാശരാണ്. അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യത്തിന്റെ ചേതന ഉള്‍ക്കൊണ്ടുകൊണ്ട് ഇനിപറയുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.
1. നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നതുവരെ സില്‍വര്‍ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം.
2. കേരളത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയില്‍, വിമാനം, ഉള്‍നാടന്‍ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ച് മേഖലകളെയും ഉള്‍പ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചും ഒരു ധവളപത്രം പുറത്തിറക്കണം. ഇതില്‍ ഏറ്റവും ചെലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസഘടനയെ മനസിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.
3. ഇപ്പോള്‍ കേരളത്തിലുള്ള റെയില്‍വേ സംവിധാനത്തിന് വേഗതയിലും മറ്റു അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികളുണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതല്‍ ചെലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതുമായ ബദല്‍ മാര്‍ഗമാണ്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
4. കേരള അസംബ്ലിയിലും മറ്റു പൊതുഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യണം. ധാരാളം ജനാധിപത്യ സംവാദങ്ങള്‍ക്ക് ഇടം നല്കുന്ന കേരള സമൂഹത്തില്‍നിന്ന് ഈ വിഷയത്തില്‍ സര്‍ഗാത്മകമായ ധാരാളം നിര്‍ദേശങ്ങള്‍ വരും.
5. കൊവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു മധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപംവേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് മുന്‍ഗണനയാവുന്നത് എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.
ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠയും കേരളത്തിന്റെ ഭാവിയെ ഇത്തരം വന്‍ പദ്ധതികള്‍ എങ്ങനെ ബാധിക്കും എന്ന പൊതുവായ ഭീതിയും സര്‍ക്കാര്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തില്‍ അറിയാനുള്ള അവകാശം വളരെ പ്രധാനമാണ്. ഭാവി വികസന ചര്‍ച്ചകളെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സാമൂഹിക പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്ന എഴുത്തുകാര്‍, പൗരര്‍ എന്നീ നിലകളില്‍ നീതിപൂര്‍വകവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവും പങ്കാളിത്തപരവുമായ വികസനത്തില്‍ സാമൂഹികമായ അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം വീണ്ടും ചൂണ്ടിക്കാട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: