കോഴിക്കോട്: മതത്തിന്റെ പേരില്‍ ക്ഷേത്രത്തിലെ നൃത്തപരിപാടി വിലക്കുന്നത് ഹൈന്ദവസംസ്കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിരാണെന്ന് തപസ്യ കലാസാഹിത്യ വേദി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കാന്‍ നേരത്തെ നിശ്ചയിച്ച പ്രമുഖ നര്‍ത്തകി മന്‍സിയയ്ക്ക് പിന്നീട് മതത്തിന്റെ പേര് പറഞ്ഞ് വിലക്കേര്‍പ്പെടുത്തിയത് കലയെയും ഹൈന്ദവ സംസ്കാരത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.
നോട്ടീസില്‍ പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്രാധികാരികള്‍ പിന്നീട് അവസരം നിഷേധിച്ചതായി അറിയിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ക്ഷേത്ര മതില്കെട്ടിനകത്ത് അവതരിപ്പിക്കുന്ന നൃത്തോത്സവത്തില്‍ മന്‍സിയയെ പങ്കെടുപ്പിക്കാനാവില്ല എന്നാണ് ക്ഷേത്രാധികാരികളുടെ വിശദീകരണം. എന്നാല്‍ പരിപാടി ഏല്പിക്കുമ്പോള് തന്നെ മതം ഏതാണെന്ന് ചോദിച്ചതായും മതമില്ലാത്തയാളാണെന്ന് മറുപടി നല്‍കിയതായും മന്‍സിയ പറയുന്നു. മതമില്ലാത്ത ഒരാളെ അഹിന്ദു ആയി കണക്കാക്കിയത് ശരിയല്ലെന്നും തപസ്യ ചൂണ്ടിക്കാട്ടി.
ഭാരതത്തില്‍ ഓരോ പൗരനും ഏത് മതവിശ്വാസം സ്വീകരിക്കാനും മതവിശ്വാസമില്ലാതെ ജീവിക്കാനും അവകാശമുണ്ട്. നൃത്തവും സംഗീതവുമടക്കമുള്ള കലകളുടെ കേദാരമാണ് ക്ഷേത്രങ്ങള്‍. അവിടെ കലയെ നിഷേധിക്കുന്നത് ശരിയല്ല. കാശി വിശ്വനാഥന് ജീവിതകാലം മുഴുവന്‍ ഷഹ്നായിയുടെ നാദസമര്‍പ്പണം നടത്തിയത് ഇസഌം മതവിശ്വാസിയായ ഉസ്താദ് ബിസ്മില്ലാഖാന് ആണെന്ന് കൂടല്‍മാണിക്യ ക്ഷേത്രാധികൃതര്‍ ഓര്‍ക്കണം.
ഹിന്ദുസംസ്കാരവും ക്ഷേത്രസങ്കല്പവും ഉള്‍ക്കൊള്ളുന്ന സര്‍വ്വാശ്ളേഷിത്വത്തിന് കളങ്കമേല്പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറാന് ക്ഷേത്ര ഭാരവാഹികള്‍ തയ്യാറാകണമെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: