ബാംഗ്ലൂര്‍: ഭാരതത്തിലെ ഏറ്റവും ഉന്നതമായ മാനസിക ആരോഗ്യഗവേഷണ സ്ഥാപനമായ ബാംഗ്ലൂര്‍ നിംഹാന്‍സില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ) റാന്‍സംവെയര്‍ ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ ഭീഷണി. മാര്‍ച്ച് 22 ന് രാത്രിയാണ് ഈ സംഭവം അരങ്ങേറുന്നത് .ഐ റ്റി സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ച അഞ്ജാത സന്ദേശത്തില്‍ നിന്നാണ് സ്ഥാപനത്തിലെ വിന്‍ഡോസ് 7 , 8 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ ബാധിക്കുന്ന വൈറസിനെക്കുറിച്ച് അറിവ് ലഭിക്കുന്നത്.
ഒരു ഇമെയില്‍ സന്ദേശത്തിലൂടെയാണ് റാന്‍സംവെയര്‍ ആക്രമണം നടത്തിയത്. ഇതിനെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതിനായി നിര്‍ണായക മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ഐടി സെല്‍ 12 ടീമുകളെ രൂപീകരിച്ചു. ലാറ്ററല്‍ സ്‌പ്രെഡ് തടയാന്‍ ലാന്‍ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായും ,മാല്‍വെയര്‍ വിരുദ്ധ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി നടപടികള്‍ കൈക്കൊണ്ടുവെന്നും ആക്രമണം സ്ഥിരീകരിച്ച് നിംഹാന്‍സിന്റെ ഡയറക്ടര്‍ ഡോ പ്രതിമ മൂര്‍ത്തി പറഞ്ഞു.
രോഗികളുടെ ഡാറ്റാ ബേസ് സുരക്ഷിതമാണെന്നും ആശുപത്രിയിലെ ട്രോമ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡോ. മൂര്‍ത്തി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചതെന്ന് ഡോ. മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു .
ഇത്തരത്തിലുള്ള ആക്രമണകാരികള്‍ സാധാരണയായി മോചനദ്രവ്യം ആവശ്യപ്പെടുന്നതിനാല്‍, വ്യാപനം തടയാന്‍ പണം നല്‍കിയിട്ടുണ്ടോ ഇല്ലയോ എന്ന് നിംഹാന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
മാര്‍ച്ച് 23 മുതല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, എത്രമാത്രം നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല. എന്നിരുന്നാലും, രോഗികളുടെ ലാബ് റിപ്പോര്‍ട്ടുകളും പഴയ രോഗികളുടെ ഡാറ്റയിലും വൈറസ് ബാധിച്ചിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: