തിരുവനന്തപുരം: 2024ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് 740 ഏകലവ്യ സ്കൂളുകളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കൈമനം റീജണല്‍ ടെലികോം ട്രെയിനിങ് സെന്ററില്‍ കേന്ദ്ര ആഭ്യന്തര, യുവജന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ഗോത്രവര്‍ഗ്ഗ യുവജന വിനിമയ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ 639 ഏകലവ്യ സ്കൂളുകള്‍ നിര്‍മിച്ചു. ഗോത്രവിദ്യാര്ഥിക്ക് വര്‍ഷത്തില്‍ ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. മുമ്പ് ഇത് 42,000 രൂപയായിരുന്നു. അടുത്ത 25 വര്‍ഷത്തിലെ ഇന്ത്യയുടെ പുരോഗതിയില്‍ ഗോത്രവര്‍ഗ്ഗ യുവജനങ്ങളുടെ പ്രയത്നവും അനിവാര്യമാണ്.
ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് രാജ്യത്തിന്റെ സാംസ്കാരിക വൈവിദ്ധ്യം, ഭാഷ, ജനങ്ങളുടെ ജീവിതരീതികള്‍, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയവ നേരില്ക്കണ്ടറിയാനുള്ള അവസരം ഗോത്രവര്‍ഗ്ഗ യുവജന വിനിമയ പരിപാടി നല്‍കിയെന്ന് മന്ത്രി പറഞ്ഞു. നെഹ്റു യുവ കേന്ദ്രയുടെ സംസ്ഥാനതല യൂത്ത് ക്ലബ് പുരസ്കാരവും സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികള്‍ക്കും ദേശീയ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. ഗോത്രവര്‍ഗ യുവജനങ്ങളെ അവരുടെ കുടുംബവുമായി കേരളം സന്ദര്‍ശിക്കാനും മന്ത്രി ക്ഷണിച്ചു.
നെഹ്റു യുവ കേന്ദ്ര റീജണല്‍ ഡയറക്ടര്‍ സത്യപ്രകാശ് പട്നായിക് അദ്ധ്യക്ഷനായി. നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ കുമാരി ശ്വേതാ നഗര്‍കോട്ടി, എന്‍എസ്എസ് റീജണല്‍ ഡയറക്ടര്‍ ജി. ശ്രീധര്‍, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ അലി സബ്രിന്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: