ഡോ. രാധാകൃഷ്ണന് ശിവന്
മുഹൂര്‍ത്തഗണന ആയിരുന്നു പ്രാചീന ജ്യോതിശാസ്ത്രത്തിന്റെ പ്രധാന ഉദ്ദേശ്യം. അതിനെ അടിസ്ഥാനത്തില്‍ ആണ് പില്ക്കാലത്തു ഫലിത ജ്യോതിഷം ഉണ്ടാകുന്നത്. അത് പിന്നീട് വളരെയേറെ വികാസം പ്രാപിക്കുകയുണ്ടായി. പ്രധാന കാര്യങ്ങള്‍ക്കെല്ലാം മുഹൂര്‍ത്തഗണന ഒരു പ്രധാന ഘടകമായിരുന്നു. അതിനാല്‍ വേദകാലത്തു തന്നെ വേദാംഗമായി, വേദപുരുഷന്റെ കണ്ണായി, അത്രയും പ്രാധാന്യത്തോടെ ജ്യോതിഷത്തെ പരിഗണിച്ചു പോന്നു.
വാസ്തു ശാസ്ത്രവും ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ പിന്തുടരുന്ന ശാസ്ത്രമാണ്. ഉചിതമായ ഗൃഹ നിര്‍മാണ അളവുകളുടെ ശുഭാശുഭത്വം ജ്യോതിശാസ്ത്രം കൊണ്ടറിയണം എന്നാണ് ആചാര്യമാരുടെ വചനവും. അതുകൊണ്ടു തന്നെ നക്ഷത്രം, വാരം, തിഥി എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കുകളും ഉത്തമ, മധ്യമ, അധമ ഭേദത്തില്‍ ഉണ്ടാകുന്നു.
മറ്റൊരു പ്രധാനകാര്യം ഗൃഹാരംഭ പ്രവേശങ്ങള്ക്കുള്ള മുഹൂര്‍ത്ത ഗണനയാണ്. സാമാന്യമായി കോണ്‍ മാസങ്ങളായ (രാശിചക്രം വരയ്ക്കുമ്പോള്‍ നാലുമൂലകളില്‍ വരുന്ന രാശികളാണ് കോണ്രാശികള്. ആ രാശികള്‍ വരുന്ന മാസങ്ങളാണ് കോണ്‍ മാസങ്ങള്‍.) മീനം, മിഥുനം, കന്നി, ധനു മാസങ്ങള്‍ വാസ്തുപുരുഷന്റെ നിദ്രഹേതുവായി ഗൃഹാരംഭ പ്രവേശ ചടങ്ങുകള്‍ നടത്താറില്ല. കോണ്‍ മാസങ്ങളില്‍ നിര്‍മിതി ചെയ്യുന്ന ഗൃഹങ്ങള്‍ക്ക് കാര്യതടസം ഫലമായി കല്പിച്ചിട്ടുണ്ട്.
ഈ മാസങ്ങള്‍ ഒഴിച്ച് മറ്റു എട്ട് മാസങ്ങള്‍ സാമാന്യമായി എല്ലാ ഗൃഹങ്ങള്‍ക്കും ഗുണഫലദങ്ങളെങ്കിലും കര്‍ക്കിടകം, മകരം മാസങ്ങള്‍ കിഴക്ക് ഗൃഹത്തിനും ചിങ്ങം, കുംഭം മാസങ്ങള്‍ പടിഞ്ഞാറ് ഗൃഹത്തിനും തുലാം,മേടം മാസങ്ങള്‍ തെക്ക് ഗൃഹത്തിനും ഇടവം വൃശ്ചികം മാസങ്ങള്‍ വടക്ക് ഗൃഹത്തിനും ശിലാസ്ഥാപനത്തിന് കൂടുതല്‍ ശ്രേയസ്കരമാകുന്നുവെന്ന് ചില ആചാര്യന്മാര് അഭിപ്രായപ്പെടുന്നു.
ചൈത്രാദി മാസഗണനയില് ചൈത്രം ദുഃഖപ്രദവും, വൈശാഖം ധനപ്രദവും, ജ്യേഷ്ഠമാസം മൃത്യുപ്രദവും, ആഷാഢം ഭ്രുത്യ രത്ന പ്രദവും, ശ്രാവണം മിത്ര ലാഭം, ഭദ്രപദം ഹാനിയും , മേഷം കളത്ര ദുഖവും, കാര്‍ത്തിക ധനധാന്യ പ്രദവും മാര്‍ഗശീര്‍ഷം സമ്പത്തും മാഘം അഗ്നിപ്രദവും ഫാല്‍ഗുനം ഐശ്വര്യത്തെ നല്കുന്നതുമാകുന്നു.
മാസഗണന കൂടാതെ തന്നെ ഗൃഹാരംഭ പ്രവേശത്തിനായി രോഹിണി, അനിഴം, രേവതി, ഉത്രം, ഉത്രാടം, ഉതൃട്ടാതി, ഈ ആറു നക്ഷത്രങ്ങള്‍ ഉത്തമവും, മകയിരം, ചതയം, പൂയം, പുണര്‍തം, ചോതി, അത്തം, ചിത്തിര, അവിട്ടം, എന്നീ നക്ഷത്രങ്ങള്‍ മധ്യമങ്ങളും മറ്റുള്ളവ അധമങ്ങളും ആകുന്നു.
ഇവയില്‍ ആയില്യം, വിശാഖം, കാര്‍ത്തിക, രോഹിണി, മകയിരം, അശ്വതി, ഭരണി, മകം എന്നിവ അധോമുഖ നക്ഷത്രങ്ങളും പൂയം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, ഉത്രം, രോഹിണി എന്നിവ ഊര്‍ധ്വമുഖ നക്ഷത്രങ്ങളും, അനിഴം, അത്തം, ചിത്തിര, ചോതി, മകയിരം, പുണര്‍തം, തൃക്കേട്ട, അശ്വതി, രേവതി എന്നിവ തിര്യങ് മുഖ നക്ഷത്രങ്ങളും ആകുന്നു.
അധോമുഖ നക്ഷത്രങ്ങള്‍ വാനം വെട്ടുക മുതലായ കര്‍മങ്ങള്‍ക്കും ഊര്‍ധ്വമുഖ നക്ഷത്രങ്ങള്‍ കല്ലിടുന്നതിനും തിര്യങ് മുഖ നക്ഷത്രങ്ങള്‍ കട്ടിള വെപ്പിനും അത്യുത്തമങ്ങളാകുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: