കൊല്ലൂര്‍: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും 10:30നാണ് ശ്രീരാമനവമി രഥപരിക്രമണം ആരംഭിച്ചത്. കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മുഖ്യപൂജാരി ഗോവിന്ദ അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി.
ഇന്ന് മംഗലാപുരം മേഖലയില്‍ രഥപരിക്രമണം നടക്കും. ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് മംഗലശ്ശേരി, രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രഥയാത്ര കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ശ്രീരാമരഥത്തില്‍ ജ്യോതിപ്രതിഷ്ഠിച്ചതിനുശേഷം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് മംഗലാപുരം മേഖലയിലേക്കുള്ള രഥപരിക്രമണത്തിന് തുടക്കമായി. നിരവധി ആശ്രമബന്ധുക്കളും ഭക്തജനങ്ങളും ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിച്ചു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് രഥയാത്ര നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: