ലഖ്നൗ: യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് രണ്ടാഴ്ചയ്ക്കകം 50 ക്രിമിനലുകള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്.
തട്ടിക്കൊണ്ടുപോകല്‍, പണം പിടിച്ചുപറിക്കല്‍ മുതല്‍ ഗോവധം വരെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ് കീഴടങ്ങിയിരിക്കുന്നത്. പല കുറ്റവാളികളും ഒരു പ്ലക്കാര്‍ഡും പിടിച്ചാണ് അതത് പൊലീസ് സ്റ്റേഷനുകളില്‍ ഹാജരായത്. ‘ഞാന്‍ കീഴടങ്ങുന്നു, എന്നെ വെടിവെച്ച് കൊല്ലരുത്’- എന്നെഴുതിയ പ്ലക്കാര്‍ഡുകളാണ് ഇവ. ഇപ്പോള്‍ കുറ്റം ചെയ്തവര്‍ നേരിട്ടെത്തി പൊലീസില്‍ കീഴടങ്ങുന്നത് ഉത്തര്‍പ്രദേശില്‍ പുതിയ പതിവായി മാറിയിരിക്കുകയാണ്.
ഗൗതം സിങ്ങ് എന്ന പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന അക്രമി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതോടെയാണ് കീഴടങ്ങള്‍ തരംഗം ഉണ്ടായത്. കിഡ്നാപ്പിംഗും പണം തട്ടലും ഉള്‍പ്പെടെയുള്ള കേസുകളായിരുന്നു ഗൗതം സിങ്ങിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം ഗോണ്ട ജില്ലയിലെ ചാപിയ പൊലീസ് സ്റ്റേഷനിലാണ് മാര്‍ച്ച് 15ന് കീഴടങ്ങിയത്. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഷഹ് രാന്പൂരിലെ ചില്‍കാന പൊലീസ് സ്റ്റേഷനില്‍ 23 പേര് കൂടി കീഴടങ്ങി. പടിഞ്ഞാറന്‍ യുപിയില്‍ നാല് മദ്യക്കള്ളക്കടത്തുകാര്‍ ദിയോബാന്റ് പൊലീസ് മുമ്പാകെ കീഴടങ്ങി. ഇനി ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഇവര്പൊലീസ് സ്റ്റേഷനില്‍ എഴുതി നല്‍കിയിട്ടുണ്ട്.
തൊട്ടടുത്ത ശാംലി ജില്ലയില്‍ ഗോവധം നടത്തിയ 18 പേര് കിഴടങ്ങി. താനാ ഭവന്, ഗര്ഹിപൂഖാത്ത പൊലീസ് സ്റ്റേഷനുകളിലാണ് ഇവര്‍ കീഴടങ്ങിയത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹണി എന്ന ഹിമാംശു ഫിറോസാബാദിലെ സിര്‍സഗഞ്ജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇദ്ദേഹവും എന്നെ വെടിവെച്ചു കൊല്ലരുത് എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് കീഴടങ്ങിയത്.
ഏകദേശം 50 ക്രിമിനലുകള്‍ കീഴടങ്ങിയെന്ന് മാത്രമല്ല, കുറ്റം ചെയ്യുന്നത് എന്നെന്നേക്കുമായി ഉപേക്ഷിക്കാമെന്ന തീരുമാനമെടുത്ത് കീഴടങ്ങിയവരാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറയുന്നു.
മാര്‍ച്ച് 26നാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്രിമിനലുകളെ അടിച്ചമര്‍ത്തുകയും ഗുണ്ടകളുടെ വീടുകള്‍ ബുള്‍ഡോസര്‍കൊണ്ട് ഇടിച്ച് നിരത്തുകയും ചെയ്ത യോഗി ആദിത്യനാഥിനും ബിജെപിയ്ക്കും പഴുതില്ലാത്ത ക്രമസമാധാനപാലനത്തിന്റെ പേരില്‍ സ്ത്രീകളുടെ വോട്ടുകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നു. ഇതിന്റെ പേരില്‍ യോഗിയെ ബുള്‍ഡോസര്‍ ബാബ എന്ന് എതിരാളി അഖിലേഷ് യാദവ് വിളിച്ചത് യോഗിയ്ക്ക് തുണയാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: