കൊച്ചി: സില്‍വര്‍ലൈനിനുവേണ്ടി സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സര്‍ക്കാര്‍ കോപ്പുകൂട്ടുമ്പോള്‍ മൂലമ്പള്ളി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതക്കയത്തില്‍.
കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം നടന്ന ഭൂമിയേറ്റടുക്കല്‍ ചെറിയതോതിലായിരുന്നു. എന്നിട്ടും വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ പുനരധിവാസമില്ലാതെ പെരുവഴിയില്‍ അലയുകയാണ്.
ആദ്യമായി കേരളത്തില്‍ പ്രഖ്യാപിച്ച പുരധിവാസ പാക്കേജിനു വേണ്ടി ഇരകള്‍ സമരം തുടങ്ങിയത് മൂലമ്പള്ളിയിലായിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇവര്‍ നടത്തിയ കുടില്‍കെട്ടി സമരത്തിനൊടുവില്‍ സര്‍ക്കാര്‍ മൂലമ്പള്ളി പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി പതിന്നാല് വര്‍ഷം മുമ്പ് ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് അന്ന് കുടിയിറക്കിയത്. പരീക്ഷാ സമയത്ത് വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കുടിയൊഴിപ്പിക്കല്‍. ഇവരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷമിത്ര പിന്നിട്ടിട്ടും പൂര്‍ണമായും നടപ്പായില്ല.
316 കുടുംബങ്ങളില്‍ 52 പേര്‍ക്ക് മാത്രമാണ് പേരിനെങ്കിലും പുനരധിവാസം ലഭിച്ചത്. ശേഷിച്ച 264 പേര് പെരുവഴിയിലാണ്. ഇരകള്‍ക്ക് ഏഴ് വില്ലേജിലായിട്ടാണ് പുനരധിവാസ ഭൂമി കണ്ടത്. ആറ് വില്ലേജിലും തണ്ണീര്‍ത്തടവും ചതുപ്പുമാണ് നല്‍കിയത്. 92 പേര്‍ക്ക് കാക്കനാട് തുതിയൂരിലാണ് നല്‍കിയത്. തുതിയൂരില്‍ അനുവദിച്ച പുനരധിവാസഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്കാന് പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇതോടൊപ്പം സംരക്ഷിത വനമേഖലയില്‍ നിന്നും കുടിയിറക്കപ്പെട്ട വനവാസികള്‍ക്ക് പകരം ഭൂമി നല്‍കുമെന്ന വാഗ്ദാനവും ജലരേഖയായി. ചെങ്ങറ, മതികെട്ടാന്‍മല, ആറളം വനവാസി മേഖലകളില്‍ വര്‍ഷങ്ങളായി ഭൂരഹിതര്‍ സമരത്തിലാണ്.
കേരളം രണ്ട് പ്രളയത്തിന് സാക്ഷ്യം വഹിച്ചതാണ്. അതിനാല്‍ വാസയോഗ്യമായ ഭൂമി കിട്ടാതെ പതിനായിരങ്ങള്‍ പെരുവഴിയിലാകും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ സില്‍വര്‍ ലൈനിനായി ആയിരക്കണക്കിന് വീടുകള്‍ പൊളിച്ച് നീക്കേണ്ടി വരും. കണക്കുകള്‍ മറച്ചുവെച്ച് പദ്ധതിക്കായി ഏതുവിധത്തിലും അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പകരം ഭൂമിയോ പുനരധിവാസത്തിന്റെ കാര്യത്തിലും ആലോചന നടത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: