”അടങ്ങുകില്ലെന്‍ കോപം, ഞാനൊരു
പതിവ്രതയാണെങ്കില്‍,
എരിഞ്ഞുപോട്ടേ മധുരാനഗരം
എല്ലാം തുലയട്ടെ
ഒരു മുലപിഴുതെറിയുന്നൂ, ഞാനീ
മധുര നശിക്കട്ടെ, മധുര നശിക്കട്ടെ” എന്ന് കണ്ണകി ശപിച്ചതായി, ചിലപ്പതികാരം പരിഭാഷപ്പെടുത്തിയ, പല തരത്തില്‍ പുനരാവിഷ്‌കരിച്ച കവി എസ്. രമേശന്‍ നായര്‍ ‘ഒരു കാല്‍ച്ചിലമ്പിന്റെ കഥ’ എന്ന കാവ്യശില്പത്തില്‍ എഴുതുന്നുണ്ട്. പ്രഖ്യാതമായ ചിലപ്പതികാരം, കണ്ണകിയുടെ കഥയാണ്. അല്ല, കോവലന്റെ ജീവിതമാണ്. അതുമല്ല, മാധവിയുടെ വിധിയാണ്. അല്ലല്ലോ, പാണ്ഡ്യരാജന്റെ, ചോഴരാജന്റെ കഥയാണ്. അപ്പോള്‍ വഞ്ചകനായ തട്ടാന്റെ കഥയല്ലേ? കൊട്ടാരത്തില്‍ നിന്ന് ചിലമ്പുപോലും മോഷ്ടിക്കപ്പെടാന്‍ പാകത്തിന് അലസാഢംബരത്തില്‍ ജീവിച്ച പാണ്ഡ്യരാജാവിന്റെ റാണിയുടെ കഥയല്ലേ? കഴുത്തുവെട്ടാന്‍ പറഞ്ഞപ്പോള്‍, ഇര നിരപരാധിയാണെന്നു പറഞ്ഞ ഭടന്റെ കഥയല്ലേ? അതെ, ജീവിതത്തിലെ ‘ചിരപ്പതികാര’മാണ്, ചിരപ്രതിഷ്ഠിതമായ പ്രതിരൂപമാണ്, ചിലപ്പതികാരം. കണ്ണകിയും മാധവിയും കോവലനും ഭടനും തട്ടാനും റാണിയും അന്ധരായ ഭരണക്കാരും എക്കാലവും എല്ലായിടത്തും ഉണ്ടാവുന്നു. അവരില്‍ ചിലര്‍ നാടിന് തീപ്പിടിപ്പിക്കാന്‍ കാരണക്കാരാകുന്നു. കണ്ണകിമാര്‍ ജീവിക്കുന്നു. മാധവിമാര്‍ കോവലന്മാരെ വശത്താക്കുന്നു. കോവലന്മാര്‍ മാധവിമാര്‍ക്ക് പാദസേവകരാകുന്നു. തട്ടാന്മാര്‍ ഭരണത്തണലില്‍ മോഷ്ടിക്കുന്നു. നിരപരാധികളെ വേട്ടയാടുന്നു. രാജാക്കന്മാരായ ഭരണക്കാര്‍, അവര്‍ക്കു മാത്രമേ ചിലമ്പുള്ളൂവെന്ന് തെറ്റിദ്ധരിക്കുന്നു. കണ്ണകിമാരുടെ കണ്ണീരുവീണ് നാട് കത്തുന്നു. നാട്ടുകാര്‍ നശിക്കുന്നു.
കണ്ണകി പതിവ്രതയായിരുന്നു. കുലസ്ത്രീയെന്നൊക്കെ വേണമെങ്കില്‍ ‘പരിഹസി’ക്കാം. കാരണം, മാധവിമാരുടെ സൃഷ്ടിക്കും സംരക്ഷണത്തിനുമാണ് ഇന്ന് പലരുടെയും മത്സരം. കണ്ണകിമാര്‍ അപശകുനങ്ങളാണെന്ന് വിധിക്കുന്ന കാലമാണ്. പക്ഷേ, അവനവന്റെ ഉടുതുണിക്ക് തീപ്പിടിക്കുമ്പോള്‍, അവ ഉരിഞ്ഞെറിഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രം നഗ്നത ലജ്ജയുണ്ടാക്കുന്നുവെന്ന് തിരിച്ചറിയുന്നവരാണ് ആ മാധവി പക്ഷക്കാര്‍. മാധവിമാര്‍ക്ക് അറിയാത്തതല്ല, കോവലന് ഒരു കണ്ണകിയുണ്ടെന്ന കാര്യം. പക്ഷേ, മാധവിമാരെ വഴി നടത്തുന്ന ഉപഭോഗ നവസംസ്‌കാരവും കോവലന്മാരും ചേര്‍ന്ന് നരകലോകം തീര്‍ക്കുകയാണ്. അവര്‍ മറ്റെന്തോ ലഹരികളിലാണല്ലോ.
നാട്ടിലെ നടപ്പുകള്‍ നേര്‍വഴിക്കോ എന്നറിയാന്‍ ശ്രമിക്കാത്ത രാജാക്കന്മാരുടെ ഭരണത്തില്‍, തെറ്റുതിരിച്ചറിയുന്ന കോവലന്മാര്‍ക്ക് മറ്റൊരിടം തേടിപ്പോകേണ്ടിവരുന്നതാണ് ഇക്കാലം. പ്രവാസങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണല്ലോ. ജീവിക്കാന്‍ തൊഴില്‍ തേടിപ്പോകുന്ന യാത്ര. അവിടെയും ഭരണാധികാരികള്‍ തന്നെയാണ് പ്രധാനം. പലായനമല്ല, അത് മറ്റൊരു ദുരന്തമാണ്. അധികാരികള്‍ കണ്ണടച്ചോ അനുകൂലിച്ചോ നിന്നപ്പോള്‍, ആട്ടിപ്പായിക്കപ്പെട്ടവരുടെ ചരിത്രം പറയുന്ന ‘ചിത്രപ്പതികാര’മാണ് ‘
ദി കശ്മീര്‍ ഫയല്‍സ്’എന്ന സിനിമ. അതിലെ ‘ശാരദ’യെന്ന കഥാപാത്രമായ ‘കണ്ണകി’ക്ക് പക്ഷേ ശപിക്കാനായില്ല. പുരങ്ങള്‍ എരിക്കാനായില്ല. അവള്‍ക്ക് മുല പറിച്ചെറിയാനായില്ല. എന്നാല്‍, ഈര്‍ച്ചവാളിന്റെ മൂര്‍ച്ചയില്‍ രണ്ടായി പിളരുമ്പോള്‍ കണ്ണകിയുടെ തീക്കണ്ണീരിനു പകരം അവള്‍ ചുടുചോരയാണ് തെറിപ്പിച്ചത്. അത് ഒരു പുരത്തെയല്ല, പലപല മനസ്സുകളാണ് എരിക്കുന്നത്, മഥിക്കുന്നത്. സിനിമയുടെ ഒടുവില്‍ കൃഷ്ണ പണ്ഡിറ്റ്, എഎന്‍യു എന്ന സര്‍വകലാശാലയുടെ കാമ്പസിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് സംസാരിക്കുമ്പോള്‍ തുറന്നുപറയുന്നവ, അതുവരെ ആരും കശ്മീര്‍ കാമ്പസുകളില്‍ യുവാക്കളോട് പറയാത്ത കശ്മീര്‍ ചരിത്രമാണ്. അത് കേള്‍ക്കുമ്പോള്‍, കൃഷ്ണയെ വിലക്കാന്‍ തുനിഞ്ഞവരെ വിലക്കിയ ഒരു യുവത്വുമുണ്ട് സിനിമയില്‍. കൃഷ്ണ പണ്ഡിറ്റിന് പറയാനുള്ളത് ‘എനിക്ക് കേള്‍ക്കണം’ എന്ന് ആക്രോശിച്ച് കേള്‍ക്കുന്ന ആ യുവത്വം യഥാര്‍ത്ഥ സമൂഹത്തില്‍ രൂപപ്പെട്ടാല്‍ മതി. പാ
ണ്ഡ്യ രാജ്യമല്ല, ദുഷ്ടമനസ്സുകള്‍ ഉള്ളിടമെല്ലാം എരിയുക തന്നെ ചെയ്യും. ഒരു പക്ഷേ അതു ഭയന്നാവാം ഈ ‘ചിത്രപ്പതികാരം’ തമസ്‌കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്, ആ സിനിമ ചരിത്രമായതിനാലും, തെളിവുള്ള ചരിത്രമായതിനാലുമാണ് ചിലര്‍ക്കൊക്കെ നിഷിദ്ധമായത്. സത്യം മറച്ചുവെച്ചുള്ള കല്പ്പിത കഥയായിരുന്നെങ്കില്‍ ഏറെ ആഘോഷിക്കപ്പെട്ടേനെയെന്നു തോന്നുന്നു.
‘കേരളപ്പതികാര’ത്തിലേക്ക് ചിന്തിക്കുമ്പോള്‍ നാലു കഥാപാത്രങ്ങളിലാണ് കേന്ദ്രീകരിക്കാന്‍ തോന്നുന്നത്. ഒന്ന്: ചിലമ്പ് രാജാവിനും രാജകൊട്ടാരത്തിനും മാത്രമാണുള്ളതെന്ന് ധരിക്കുന്ന ഭരണാധികാരി. ആ ചിലമ്പ് മുത്തു നിറച്ചതാണെന്ന് അഹങ്കരിക്കുന്ന അധികാരി. അതിന്റെ അഹന്തയില്‍ ആരെയും ശാസിക്കാനും ശിക്ഷിക്കാനും തലവെട്ടാനും അധികാരമുണ്ടെന്ന് ധരിക്കുന്ന ഭരണാധികാരി. ഞാന്‍ നിശ്ചയിക്കും, ഞാന്‍ പ്രഖ്യാപിക്കും, ഞാന്‍ നടപ്പാക്കും എന്ന് വിധിക്കുന്ന വിഭ്രമമനസ്സുള്ള, ജനാധിപത്യ ലോകത്തെ നാട്ടുരാജാവ്.
രണ്ട്: രാജാവിനൊപ്പം നിന്ന്, അയാളുടെ ഭാര്യയുടെ കാല്‍ച്ചിലമ്പും തട്ടിയെടുക്കുന്ന, ഭരണത്തിന്റെ അകത്തളത്തിലെ അവതാരങ്ങളുടെ പ്രതിനിധിയായ ‘തട്ടാന്‍.’ അയാള്‍ കൊടുക്കുന്ന രഹസ്യവിവരങ്ങളാണ് ഭരണാധികാരിക്ക് വേദവാക്യം; വിധിയും. ഈ ‘തട്ടാന്മാര്‍’ ‘തട്ടുന്ന’വരാണ്; കിട്ടുന്നതെന്തും തട്ടിയെടുക്കും, അതിന് ‘തട്ടേണ്ട’വരെ തട്ടും.
മൂന്ന്: കണ്ണകിയാണ്; കണ്ണകിമാരാണ്. നാട് ഭരിക്കാന്‍ ഏല്പിച്ചപ്പോള്‍ നാട്ടാരുടെ മണ്ണും മനസും തനിക്ക് കല്ലിട്ടു കയറി അധികാരമുറപ്പിക്കാന്‍ തീറു കിട്ടിയതാണെന്ന് കരുതുന്ന രാജാവിനെ വെല്ലുവിളിക്കുന്ന, പരസ്യവിചാരണ ചെയ്യുന്ന സ്ത്രീകള്‍ ആ കണ്ണകിയുടെ പ്രതിരൂപമാണ്. ചിലമ്പ് നിങ്ങള്‍ക്കു മാത്രമല്ല, എനിക്കുമുണ്ട് എന്ന് പറയുന്ന കണ്ണകി. നിങ്ങളുടെ ചിലമ്പില്‍ മുത്താണെങ്കില്‍ എന്റെ ചിലമ്പില്‍ മാണിക്യമാണെന്ന് അഞ്ചു സെന്റ് മണ്ണ് ചൂണ്ടി പിറന്ന് വാക്കുമടക്കുന്ന കണ്ണകിമാര്‍. അവര്‍ പറിച്ചെറിയുന്ന മൂലക്കുറ്റികള്‍ തീപ്പിടിപ്പിക്കില്ലെന്ന് ആരു കണ്ടു.
നാല്: ‘അയാള്‍ നിരപരാധിയാണെന്ന് തോന്നുന്നു, കണ്ടിട്ട് കള്ളനല്ലെന്ന് തോന്നുന്നു,’ എന്ന്, കോവലന്റെ കഴുത്തുവെട്ടും മുമ്പ് സംശയം പ്രകടിപ്പിച്ച, ഒടുവില്‍ തന്റെ കടമ ആജ്ഞ നിര്‍വഹിക്കലാണെന്നും ചെയ്തില്ലെങ്കില്‍ സ്വന്തം കഴുത്തുപോകുമെന്നും തിരിച്ചറിഞ്ഞ് കോവലനെ വെട്ടിയിട്ട ഭടനാണ്. നാടിന്റെ സുരക്ഷ കാക്കേണ്ട ഉത്തരവാദിത്വം വഹിക്കുന്ന, അരുതാത്തത് ചെയ്യാന്‍ നിര്‍ബന്ധിതരായ എത്രയെത്ര പേര്‍ ഇന്നുമുണ്ടാകും. നമ്മുടെ ജനാധിപത്യത്തിന്റെ സുരക്ഷാഭടന്മാരായി. അവര്‍ക്കിടയില്‍ മതില്‍ ചാടിക്കടന്നും കല്‍ക്കുറ്റി സ്ഥാപിച്ച് സ്ഥാനക്കയറ്റം ഉറപ്പാക്കുന്നവരുടെ കാര്യം ഹാ! കഷ്ടം.
‘കേരളപ്പതികാര’മല്ല, ‘കേരളപ്രതികാരമാണി’പ്പോള്‍. ചോഴന്റെ നാടും പാണ്ഡ്യന്റെ നാടും ചേര്‍ന്നതാണിവിടമെന്ന് തോന്നിപ്പോകും. ‘മാധവി’മാര്‍ക്കാണ് മാര്‍ക്കറ്റ്. അധാര്‍മികത ജീവിതത്തിന്റെ സകലമേഖലകളിലും അവതരിപ്പിക്കുന്നത് ഭരണകൂടത്തിന്റെ ധര്‍മമാണെന്ന് ഭരണാധികാരി കരുതുന്ന കാലമാണ്. സംസ്‌കാരത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ മാത്രമല്ല, അടയാളങ്ങള്‍ കൂടി അടിയോടെ ഇല്ലാതാക്കുന്നതാണ് അവരുടെ കര്‍മം. ആ ചാരവും വിശ്വാസവും അനുഷ്ഠാനവും അധികപ്പറ്റാണെന്ന് പറയുകയും അതിനായി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിപ്പിക്കുകയുമാണ് അവരുടെ രീതി. മാധവിമാര്‍ കോവലന്മാരുടെയും കണ്ണകിമാരുടെയും കുടുംബഭദ്രത തകര്‍ക്കാന്‍ പോരുംവിധം പെരുകുന്നു. കണ്ണകിമാര്‍ ആക്ഷേപി
ക്കപ്പെടുന്നു. ചോഴന്റെ ദുഷ്ചെയ്തികളില്‍ പാണ്ഡ്യന്‍ ആവേശിച്ചതാണ് വര്‍ത്തമാനകാല ‘കേരളപ്രതികാരം.’ പാണ്ഡ്യന് സംശയമില്ല, ചിലമ്പ് തന്റെ റാണിക്കേ ഉള്ളൂവെന്ന്. സാധാരണക്കാരനൊപ്പമാണെന്നാണ് വയ്‌പ്പ്. പക്ഷേ, മുത്ത് പതിച്ച ചിലമ്പുകളാണ് സ്വത്ത്. സ്വകാര്യ സ്വത്തിലേക്കാണ് കൂറുമാറ്റം. തന്റെ റാണിക്കും ബന്ധുക്കള്‍ക്കും നേട്ടമുണ്ടാക്കി നാടിനു നെടുകെ പായാന്‍ നാട്ടാരുടെ നെഞ്ചിന്‍കൂട് തകര്‍ക്കും. അന്യന്റെ കഞ്ഞിയില്‍ മണ്ണിടുന്ന കാലം എന്ന ചൊല്ല് അറുപഴഞ്ചനായി; ഇന്ന്, അന്യന്റെ മണ്ണില്‍ കല്ലിടലാണ് പാകം. ‘ഞാനാ’കുന്നു അവര്‍ക്ക് രാജ്യം. ‘ഞാനാ’കുന്നു അവര്‍ക്ക് അന്തിമ തീരുമാനം. ‘ഞാന്‍’ വിധിക്കും. ‘ഞാന്‍’ നടപ്പാക്കും, എന്ന അവരുടെ നിശ്ചയങ്ങള്‍ക്കും നിര്‍ണയങ്ങള്‍ക്കും മുന്നില്‍ പ്രജകള്‍ ഇല്ല; എല്ലാവരും അണികള്‍ പോലുമല്ല, അടിമകള്‍.
ഇത്തരം മനസ്ഥിതിക്കാര്‍ക്കാണ് ഒടുവില്‍, ദീര്‍ഘനാള്‍ ഭരണത്തിലിരുന്നവരെ ഭരിക്കാന്‍ പോയിട്ട് ഇരിക്കാന്‍ ഇടമില്ലാത്തവരാക്കിയത്. അങ്ങനെയാണ് തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ട് ഇരുന്ന അധികാരക്കസേരയില്‍ നിന്ന് ചിലര്‍ എഴുന്നേല്‍ക്കാനാവത്ത വിധം വീണത്. അങ്ങനെയാണ് ‘ത്രിപുര’ രാഷ്‌ട്രീയാഗ്‌നിയില്‍ ദഹിച്ചത്. പക്ഷേ, തിരിച്ചറിയാന്‍ വിവേകമില്ലാതാവുന്നതാണ് അധികാര പ്രമത്തതയുടെ അവസാന പടി. അതില്‍നിന്ന് പതനമാണടുത്തപടി.
കണ്ണകിക്കഥയില്‍, ചിലപ്പതികാരത്തില്‍, പാണ്ഡ്യ രാജാവ് വാസ്തവം തിരിച്ചറിയുന്നുണ്ട്. എന്റെ ചിലമ്പു മുഴുവന്‍ മുത്തു നിറഞ്ഞതാണെന്ന് രാജാവ് പറഞ്ഞപ്പോള്‍ അതിനേക്കാള്‍ വിലപ്പെട്ട മാണിക്യമാണെന്റെ ചിലമ്പെന്ന് കണ്ണകി പറഞ്ഞു. അവരവരുടെ സ്വത്തിന്റെ മൂല്യം മാത്രമല്ല, തിരിച്ചറിയലിനുള്ള അടയാളം കൂടിയാണത്. കുഞ്ഞിനെ തട്ടിയെടുത്ത പൂതം പലതും വെച്ച് നീട്ടിയിട്ടും, ‘ഇതിലും വലിയതാണെന്റെ പൊന്നോമന അതിനെ തരികെന്റെ പൂതമേ നീ’ എന്ന് ദാര്‍ഢ്യത്തോടെ പറഞ്ഞ അമ്മയുടെ കഥ ‘പൂതപ്പാട്ടില്‍’ കവി ഇടശ്ശേരി വിവരിക്കുന്നുണ്ട്. എത്ര കരുത്താണ് ആ വാക്കിന്. അതുപോലെ, എനിക്കവകാശപ്പെട്ട ഭൂമി, അതിലെങ്ങനെ നിങ്ങള്‍ക്ക് കല്ലിടാനധികാരമെന്ന ചോദ്യത്തിന്റെ പ്രാക്തന രൂപമാണ് കണ്ണകിയുടെ പ്രഖ്യാപനം. അടയാളവാക്യം സത്യമോ എന്നറിയാന്‍, കിങ്കരനും കാപട്യക്കാരനുമായ തട്ടാന്റെ വാക്കുകേട്ട് കോവലനില്‍നിന്ന് രാജാവ് പിടിച്ച തൊണ്ടി മുതലായ ചിലമ്പ് രാജാവ് കണ്ണകിക്ക് കൈമാറി. ആ ഒറ്റച്ചിലമ്പ് അവള്‍ ആഞ്ഞെറിഞ്ഞ് ഉടച്ചു. അതില്‍ നിന്ന് പുറത്തുവന്നത് അത്ഭുതമാണിക്യങ്ങള്‍! അവിടെയാണ് തിരിച്ചറിവിന്റെ വകതിരിവ്. രാജാവ്:
”പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വീണു പോയി പാണ്ഡ്യന്‍!
പിഴച്ചോ ധര്‍മം! തന്റെ
ചെങ്കോലും വളഞ്ഞുവോ?
നീക്കുപോക്കില്ലാ ധര്‍മ്മ-
ചക്രത്തിനുടന്‍ നൃപന്‍
ആ കുറ്റബോധത്തില്‍ത്താന്‍
സാധിച്ചൂ പ്രാണത്യാഗം! (ഒരു കാല്‍ച്ചിലമ്പിന്റെ കഥ)
രാജഭരണത്തില്‍ അങ്ങനെയൊക്കെ ചില ഗുണങ്ങള്‍ ഉണ്ടായിരുന്നു. കാലുകള്‍ മാത്രം പ്രജകളെ കാണിച്ച് ഭരണം നയിച്ചിരുന്ന ‘അഗ്നിവര്‍ണന്മാരും’, ഭോഗച്ചുഴിയില്‍ വീണ് രാജയക്ഷ്മാവ് പിടിച്ച് കാലം പൂകിയവരും ഉണ്ടായിരുന്നെങ്കിലും ധര്‍മത്തെ അവരും ബഹുമാനിച്ചിരുന്നു; ധര്‍മ്മഭ്രംശത്തെ ഭയന്നിരുന്നു. തെറ്റു തിരിച്ചറിഞ്ഞ പാണ്ഡ്യരാജന്‍, ‘മധുര നമ്പര്‍ വണ്‍’ എന്ന് മുദ്രാവാക്യം വിളിച്ചില്ല. പ്രജകളെ നോക്കി ഇളിച്ചില്ല. പകരം ‘ചെങ്കോല്‍ വളഞ്ഞ’തറിഞ്ഞ്, പ്രാണത്യാഗം ചെയ്തു! കണ്ണകിയുടെ കണ്ണിലെത്തീയില്‍ പുരമെരിഞ്ഞു. പ്രാണത്യാഗം അധികാരിയുടെ പരമാവധിയാണല്ലോ. പശ്ചാത്താപം പോലും മതിയാകും. അതിനും ചങ്കൂറ്റമില്ലാത്തവര്‍ സ്ഥാനത്യാഗം ചെയ്യുമെന്ന് പ്രതീക്ഷിക്കരുതല്ലോ.
പിന്‍കുറിപ്പ്:
‘നിനപ്പതൈ മുടിപ്പവന്‍’ എന്ന തമിഴ് സിനിമ, എംജിആര്‍ അഭിനയിച്ച് 1975 ല്‍ ഇറങ്ങിയതാണ്. ‘നാന്‍ ഒരു തടവ സൊന്നാ നൂറു തടവ സൊന്ന മാതിരി’ എന്ന ഡയലോഗ് 2017 ല്‍ ഇറങ്ങിയ രജനീകാന്ത് സിനിമ (ബാഷ)യിലേതാണ്. തരം കിട്ടിയാല്‍ അപ്പോള്‍ സിനിമ കാണ്ടാസ്വാദിക്കുന്ന ഭരണാധിപന്, ‘റീല്‍ ലൈഫി’ (സിനിമ) ല്‍ കാണുന്നത് ‘റിയല്‍ ലൈഫി’ല്‍ (യഥാര്‍ഥ ജീവിതത്തില്‍) നടപ്പാക്കാന്‍ തോന്നും. സ്വാഭാവികം. അങ്ങനെ കാര്യമായി അധികാരമൊന്നും ഇല്ലാഞ്ഞിട്ടും, സിനിമാഭിനയ ജീവിതത്തില്‍ ചെയ്തതു പലതും യഥാര്‍ത്ഥ ജീവിതത്തില്‍ വിജയകരമായി നടപ്പിലാക്കുന്ന നടന്‍ സുരേഷ് ഗോപിയുടെ സിനിമകള്‍ വേണ്ട, ചെയ്തികള്‍ കാണാന്‍ സമയം ചെലവിട്ടാല്‍, പലര്‍ക്കും അത് ആത്മവിമര്‍ശനത്തിന് അവസരമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: