മുംബൈ: ഐപിഎല്ലില്‍ നാളെ രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനെയും രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെയും നേരിടും. വൈകിട്ട് നാലിനാണ് ദല്‍ഹിയും മുംബൈയും തമ്മിലുള്ള മത്സരം. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ നായകന്മാരായി നേര്‍ക്കുനേര്‍ എത്തുന്ന മത്സരം കൂടിയാണിത്.
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ആധിപത്യം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. നായകന് രോഹിത് ശര്‍മ, ഇഷാന് കിഷന്, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈയുടെ കരുത്ത്. രോഹിത്തും ഇഷാന് കിഷനും ഓപ്പണിങ്ങിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫാബിയന്‍ അലന് ടീമിലിടം നേടാനാണ് സാധ്യത. സൂര്യകുമാര്‍ യാദവ് പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയാണ്. മധ്യനിരയില്‍ കീറണ്‍ പൊള്ളാര്‍ഡ് മാത്രമാണ് പരിചയസമ്പത്തുള്ള താരം. യുവതാരം തിലക് വര്‍മയും പരിഗണനയിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രവിസ് മധ്യനിരയിലെത്തിയേക്കും. എ.ബി. ഡിവില്ലിയേഴ്സിനെ അനുസിമരിപ്പിക്കുന്ന ബാറ്റിങ് മികവാണ് ബ്രവിസിനുള്ളത്. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലാണ് ബൗളിങ് വിഭാഗം. മുരുഗന് അശ്വിന്, മായങ്ക് മാര്‍ഖണ്ഡെ എന്നീ സ്പിന്നര്‍മാര്‍ ടീമിന് കരുത്താണ്.
മറുവശത്ത് ഇന്ത്യന്‍ താരങ്ങളുടെ പ്രതീക്ഷയിലാണ് ദല്‍ഹി. ഋഷഭ് പന്തിന്റെ നേതൃത്വത്തില്‍ പ്രിഥ്വി ഷാ, സര്‍ഫറാസ് ഖാന്, യാഷ് ദുള്‍, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കും.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ച നായകനാണ് യാഷ് ദുള്‍. വെസ്റ്റിന്‍ഡീസ് താരം റോവ്മാന്‍ പവലും ചേരുന്നതോടെ ബാറ്റിങ് ശക്തമാകും. ദക്ഷിണാഫ്രിക്കന്‍ താരം ആന്റിച്ച് നോര്‍ക്കിയയുടെ നേതൃത്വത്തിലാകും പേസ് നിര അണിനിരക്കുക. ബംഗ്ലാദേശ് താരം മുസ്തഫിസൂര്‍ റഹ്മാന് കളിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: