ന്യൂദല്‍ഹി: ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ പിന്തുണച്ച ബിജെപി നേതാക്കളെ പരിഹസിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഇക്കുറി പിഴച്ചു. അഭിനന്ദനങ്ങള്‍ക്ക് പകരം സമൂഹമാധ്യമങ്ങളില്‍ കെജ് രിവാളിനെതിരായ ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നു മറുപടി.
തുറന്നു കാട്ടപ്പെട്ട കെജ് രിവാള്‍ (കെജ് രിവാള്‍ എക്സ്പോസ്ഡ്- #Kejriwalexposed) എന്ന ഹാഷ്ടാഗില് വന്‍ ആക്രമണങ്ങളായിരുന്നു ദല്‍ഹി മുഖ്യമന്ത്രിയ്ക്കെതിരെ നടന്നത്. ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ വൈകാതെ ട്രെന്‍ഡായി മാറുകയും ചെയ്തു. അരവിന്ദ് കെജ് രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ വെറുക്കുന്നു എന്ന രീതിയിലായിരുന്നു പ്രതികരണങ്ങള്‍ പുറത്തുവന്നത്. ഇത് ആം ആദ്മി പാര്‍ട്ടിക്കും ക്ഷീണമായി.
ദല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അരവിന്ദ് കെജ് രിവാള്‍ ബിജെപി നേതാക്കളെ കശ്മീര്‍ ഫയല്‍സിനെ പിന്തുണച്ചതിന്റെ പേരില്‍ വിമര്‍ശിച്ചത്. കെജ് രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ വെറുക്കുന്നു (കെജ് രിവാള്‍ ഹേറ്റ്സ് കശ്മീരി പണ്ഡിറ്റ്സ്- #kejriwalhatesKP) എന്ന പേരിലാണ് പലരും കെജ് രിവാളിന്റെ ഈ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഈ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച പല സംസ്ഥാനസര്‍ക്കാരുകളുടെയും തീരുമാനത്തെ കെജ് രിവാള്‍ പ്രസംഗത്തില്‍ ചോദ്യം ചെയ്തിരുന്നു. ‘വിവേക് അഗ്നിഹോത്രിയോട് ഈ സിനിമ യുട്യൂബില്‍ ഇടാന്‍ പറയൂ. എല്ലാവര്ക്കും ഇത് സൗജന്യമായി കാണാനാവും. സിനിമയ്ക്ക് നികുതി ഇളവ് ചെയ്യേണ്ട കാര്യമെന്താണ്?’- പ്രസംഗത്തില്‍ അരവിന്ദ് കെജ് രിവാള്‍ ചോദിക്കുന്നു.
പലരും കെജ് രിവാള്‍ ബിജെപി നേതാക്കളെ പരിഹസിച്ച് ചിരിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചിരുന്നു. ഈ ബിജെപി നേതാക്കളോട് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനായിരുന്നു കെജ് രിവാളിന്റെ പിന്നീടുള്ള ആഹ്വാനം. എന്നാല്‍ 83, നില് ബാട്ടി, സന്നാറ്റ, ദംഗല്‍, നീര്ജ്, ഹിന്ദി മീഡിയം എന്നീ ചിത്രങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച ആപ് സര്‍ക്കാരിന് കശ്മീര്‍ ഫയല്‍സിനെ ബിജെപി പിന്തുണയ്ക്കുന്നതിന് എന്താണിത്ര വിരോധം എന്ന ചോദ്യമാണ് പലരും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: