തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും വ്ളോഗറുമായ ശ്രീകാന്ത് വെട്ടിയാര്‍. പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക.
അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണെന്നും ശ്രീകാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചിയിലെ ഫഌറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും യുവതിയെ പീഡിപ്പിച്ചെന്നതാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള കേസ്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. യുവതിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫഌറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോവുകയായിരുന്നു.
ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുകയും പിന്നാലെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന പേജ് വഴിയായിരുന്നു യുവതി മീ ടൂ ആരോപണം ഉന്നയിച്ചത്.
പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍ വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ശ്രീകാന്തിനെ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീകാന്ത് വെട്ടിയാറിനെതിരെ ഇതിന് മുമ്പും മറ്റൊരു മീ ടൂ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക..
അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര് കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട
നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം..
ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തര്‍ക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..
പ്രതികരിക്കാൻ ഇവിടെ എഴുതുക: