ന്യൂദല്‍ഹി: കെ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി അടക്കം കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്ന് കേരള സര്‍ക്കാര്‍ വാദം തള്ളി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയില്‍ രേഖമൂലം നല്കിയ മറുപടിയിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. പദ്ധതി സംബന്ധിച്ച കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക-സാങ്കേതിക വശങ്ങള് വിശദമായി പരിശോധിക്കണം. സ്വകാര്യ-പൊതു ഭൂമി എത്രമാത്രം ഏറ്റെടുക്കണമെന്നതില്‍ അവ്യക്തതയുണ്ട്. ഇത്രയും വലിയ ചെലവുള്ള പദ്ധതി ആയതിനാല്‍ കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണമെന്നും കേന്ദ്രമന്ത്രി.
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളം തിടുക്കം കാണിക്കരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയിലും പറഞ്ഞിരുന്നു. കെ റെയില്‍ പദ്ധതി സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട വിഷയമാണ്, വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി വളരെ സങ്കീര്‍ണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് ശരിയല്ല. റെയില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളില്‍ പോകും.സില്‍വര്‍ലൈന്‍ ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെ റെയിലിന് അനുഭാവപൂര്‍ണമായ സമീപനമാണ് മോദിയില്‍ നിന്നുണ്ടായതെന്നും പദ്ധതിക്ക് അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. എന്നാല്‍, ഇതിനു ഘടകവിരുദ്ധമായ സമീപനമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയില്‍ നിന്നുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: