കൊച്ചി : എറണാകുളം മാമലയില്‍ കെ റെയില്‍ അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍വ്വേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
കല്ലിടാനെത്തിയ സര്‍വ്വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുത് തോട്ടിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചു. പ്രദേശത്ത് പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം കോട്ടയം നാട്ടാശ്ശേരിയിലും കെ റെയില്‍ കല്ല് സ്ഥാപിക്കാനെത്തിയപ്പോള്‍ പ്രതിഷേധം ഉടലെടുത്തു. രാവിലെ പോലീസ് സന്നാഹത്തോടെ എത്തി നാട്ടിയ അതിരടയാളക്കല്ലുകള്‍ പ്രതിഷേധക്കാര്‍ എത്തി പിഴുതുമാറ്റി. ഈ കല്ലുകള്‍ നാട്ടുകാര്‍ അധികൃതരുടെ വാഹനത്തിലെടുത്ത് വെച്ചു. നാട്ടിയ കല്ലുകള്‍ തിരികെ കൊണ്ടു പോയാല്‍ മാത്രമേ വാഹനം കടത്തി വിടൂവെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ആത്മഹത്യാ ഭീഷണികളുമായിട്ടാണ് പ്രതിഷേധക്കാരെത്തിയത്. പ്രദേശത്ത് പോലീസും ഫയര്‍ഫോഴ്സും ആംബുലന്‍സുമടക്കം വിന്യസിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തെത്തിയ പ്രതിഷേധക്കാര്‍ വില്ലേജ് വളപ്പില്‍ കുഴികുത്തി കല്ലിട്ടു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടയത്ത് സര്‍വ്വേ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു.
രാവിലെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ എത്തി കല്ലുകള്‍ സ്ഥാപിക്കുകയും ജനങ്ങള്‍ പ്രതിഷേധവുമായെത്തി നാട്ടിയ കല്ലുകള്‍ എല്ലാം പിഴുതുമാറ്റുകയുമായിരുന്നു. നാട്ടിയ 12 കല്ലുകളില്‍ പത്ത് എണ്ണവും പിഴുതുമാറ്റി. കല്ലുകള്‍ നാട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകള്‍ക്ക് നോട്ടീസോ മറ്റോ ഉണ്ടോ എന്ന് പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍, വില്ലേജിനും തഹസില്‍ദാര്‍ക്കും ആര്ഡിഓഫീസിലും കളക്ടറേറ്റ് ഓഫീസിലും ഒക്കെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നാണ് നല്കിയ മറുപടി. എന്നാല്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ അത്തരത്തിലുള്ള അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: