ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ നേരത്തേ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ ബന്ധം മെച്ചപ്പെടില്ലെന്ന് ചൈനയോടു ശക്തമായി പറഞ്ഞ് ഇന്ത്യ. ദല്‍ഹിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിലപാട് വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു. ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം നിലവില്‍ സാധാരണ നിലയിലാണ്. എന്നാല്‍ അതിര്‍ത്തിയില്‍ വലിയ സൈനിക വിന്യാസമുണ്ടാവുമ്പോള്‍ സാഹചര്യങ്ങള്‍ സാധാരണയായി കാണാനാവില്ല. തര്‍ക്കമുള്ള പ്രദേശങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ 15 വട്ടമാണ് ഇന്ത്യ-ചൈന ചര്‍ച്ചകള്‍ നടന്നതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ക്വാഡ് സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നും എസ്. ജയശങ്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മടങ്ങിപ്പോക്ക് സംബന്ധിച്ച് ചൈന അനൂകൂല നിലപാട് എത്രയും വേഗത്തിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിനായി തിരിച്ച വാങ് യി അപ്രതീക്ഷിതമായാണ് ഇന്ത്യയിലേക്ക് എത്തിയത്. അഫ്ഗാനില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് സന്ദര്‍ശനത്തിന് അന്തിമ അനുമതി ഇന്ത്യയുടെ ഭാഗത്തുനിന്ന് ലഭിച്ചത്. വാങ് യിയുടെ സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്രവിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി. ഈ വര്‍ഷം അവസാനം ബീജിങ്ങില്‍ ചേരുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് വാങ് യി എത്തിയത്. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ കശ്മീര്‍ വിഷയത്തില്‍ വാങ് യി നടത്തിയ പാക് അനുകൂല പരാമര്‍ശത്തിനെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ചൈന അതിലിടപെടേണ്ടെന്നും ഇന്ത്യ മറുപടി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: