Categories: Kerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; ചോദ്യപേപ്പറുകളുടെ സുരക്ഷയും ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസ വകുപ്പ്

ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഡിഡിഇ ഡിഇഒമാര്‍, മറ്റ് അധ്യാപകര്‍ എന്നിവരെ ഇതിലേയ്ക്കായി നിയമിച്ച് നല്‍കണമെന്നും മന്ത്രി

Published by

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. 31ന് ആരംഭിക്കുന്ന എസ്എസ്എല്‍സി തിയറി പരീക്ഷകളുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്.  

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ. എന്നിവരും ഓണ്‍ലൈന്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളില്‍ പങ്കാളികളാണ്. പരാതികളില്ലാതെ പരീക്ഷ നടത്താന്‍ ശ്രമിക്കണം. സ്‌കൂളുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതു പരീക്ഷകള്‍ ആരംഭിക്കാന്‍ ഇനി 4 ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് മന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്.  

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി ചോദ്യപേപ്പറുകളുടെ സുരക്ഷയ്‌ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഡിഡിഇ ഡിഇഒമാര്‍, മറ്റ് അധ്യാപകര്‍ എന്നിവരെ ഇതിലേയ്‌ക്കായി നിയമിച്ച് നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്‌ക്ക് ആവശ്യമായ ഉത്തരക്കടലാസുകള്‍ എത്തിക്കഴിഞ്ഞു.  പരീക്ഷാദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മോണിറ്ററിങ് നടത്തുകയും ചെയ്യും.  

കനത്ത വേനല്‍ ചൂട് ഉള്ളതിനാലും കോവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടു വരാന്‍ ശ്രമിക്കണം. പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് പദ്ധതികള്‍ നടപ്പിലാക്കണം.

മാര്‍ച്ച് 31 നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. ഏപ്രില്‍ 29 ന് അവസാനിക്കും. പ്ലസ്ടു/ വിഎച്ച്എസ്‌സി തിയറി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26 ന് അവസാനിക്കുന്നു. എസ്എസ്എല്‍സി പരീക്ഷയോടനുബന്ധിച്ചുള്ള ഐടി പ്രാക്ടിക്കല്‍ പരീക്ഷ മേയ് 3ന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ അവസാനത്തോടെ അല്ലെങ്കില്‍ മേയ് ആദ്യം ആരംഭിക്കുന്നതാണ്. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം മേയ് 11 ആരംഭിച്ച് പരീക്ഷാഫലം ജൂണ്‍ 10 നകം പ്രസിദ്ധീകരിക്കുന്നതാണ്. പ്ലസ്ടു/ വിഎച്ച്എസ്‌സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിച്ച് ഫലം ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക