തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടത്താനായി വീരവാദം മുഴക്കിയ മന്ത്രി സജി ചെറിയാന് വെടിടലായി. തനിക്ക് അഞ്ചു കോടി ലഭിക്കുന്ന വീടും സ്ഥലവും ഉണ്ടെന്നും കെ റെയിലിനായി ഇതു വിട്ടു നല്കിയാല് ലഭിക്കുന്ന അഞ്ചു കോടി കിട്ടിയാല്‍ അതു വാങ്ങി കരുണ സൊസൈറ്റിക്ക് കൈമാറും എന്നും പറഞ്ഞ മന്ത്രി സജി ചെറിയാന് സ്വയം കുഴിതോണ്ടുകയായിരുന്നു. കെ റെയില്‍ സമരക്കാരേയും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, കെ റെയില്‍ വിശദീകരണത്തിനിടെ ആസ്തി അഞ്ചു കോടിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ വെളിപ്പെടുത്തിയത് തീരെ ചെറിയ തുകയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത് തനിക്കും ഭാര്യയ്ക്കും ചേര്‍ന്ന് വെറും 35,47,191.87 രൂപയുടെ ആസ്തി മാത്രമെ ഉള്ളൂവെന്നാണ് പറയുന്നത്. സജി ചെറിയാന് 25,06,140.87 രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 10,41,051 രൂപയുടെയും ആസ്തിയാണ് ആകെയുള്ളത്. 1,14,651 രൂപ കടവും സജി ചെറിയാനുണ്ട്. ആസ്തിയായി പറഞ്ഞിരിക്കുന്നതില്‍ 26 ആര് സ്ഥലം പുരയിടമാണ്. ഇതടക്കം വീടിന് കാണിച്ചിരിക്കുന്ന കമ്പോള വില 28 ലക്ഷം മാത്രം. ഭാര്യയുടെ പേരില്‍ 4, 41000 രൂപയുടെ കൃഷിഭൂമി ഉണ്ട്.ഈ 28 ലക്ഷം രൂപയുടെ ഭൂമിക്കാണ് ഇപ്പോള്‍ അഞ്ചു കോടി വേണമെന്ന് സജി ചെറിയാന് പറയുന്നത്. കമ്മീഷന് നല്കിയ കണക്കു പ്രകാരം വെറും 8 ഗ്രാം സ്വര്‍ണം മാത്രമാണ് സജി ചെറിയാനുള്ളത്. ഭാര്യയ്ക്ക് 64 ഗ്രാം സ്വര്‍ണവും ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സജി ചെറിയാന്റെ കൈവശം ഉണ്ടായിരുന്നത് വെറും 3250 രൂപ മാത്രമായിരുന്നു. ഭാര്യയുടെ കൈവശമാകട്ടെ 2100 രൂപയും. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ അവതാരകന് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
കമ്മിഷനെയും ജനങ്ങളേയും കബളിപ്പിച്ചതാണോ അതോ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായതിനു ശേഷം സജി ചെറിയാന്റെ ആസ്തി വലിയ തോതില്‍ വര്‍ധിച്ചതാണോ എന്നതാണ് ചോദ്യം. എന്നാലും വെറും 10 മാസം കൊണ്ട് 35 ലക്ഷം രൂപയുടെ ആസ്തി 5 കോടി ആയതെങ്ങനെയെന്ന ചോദ്യവും ഉയരുകയാണ്. ഏന്തായാലും രണ്ടും സജി ചെറിയാന് തിരിച്ചടിയാകുമെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: